നീലംപേരൂര്‍ പടയണിക്ക് വസുദേവ - കൃഷ്ണകോലം

Wednesday 5 September 2018 1:31 am IST

നീലംപേരൂര്‍: മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്ന് ജീവിതത്തിലേക്ക് കുട്ടനാടന്‍ ഗ്രാമങ്ങള്‍ പിച്ചവെക്കുകയാണ്. വെള്ളമിറങ്ങിത്തുടങ്ങിയതോടെ പാടശേഖരങ്ങള്‍ക്ക് നടുവിലെ നീലംപേരൂര്‍ ഗ്രാമം പൂരക്കാഴ്ചകള്‍ ഒരുക്കുന്നതിന്റെ തിരക്കിലായി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗതമായിട്ടുള്ള കോലങ്ങള്‍ക്ക് പുറമേ പുതിയൊരു കോലവും ഉണ്ടാകും. നിറഞ്ഞൊഴുകുന്ന യമുനാനദിയിലൂടെ ഉണ്ണിക്കണ്ണനെ അമ്പാടിയിലെത്തിക്കുന്ന വസുദേവരുടെ യാത്രയാണ് കോലമായി പടയണിപ്പറമ്പിലെത്തുന്നത്. നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തിലെ പടയണിയുടെ ഈ വര്‍ഷത്തെ പ്രത്യേകതയാണിത്. 

മഹാപ്രളയത്തില്‍ പ്രദേശവാസികള്‍ക്ക് അഭയമേകിയത് പടയണിപ്പറമ്പ് ഉള്‍പ്പെടുന്ന ക്ഷേത്രത്തിന് ചുറ്റുമുള്ള അര കിലോമീറ്റര്‍ പ്രദേശമായിരുന്നു. പടയണിപ്പറമ്പും ഊട്ടുപുരയും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചു. കുട്ടനാടും അപ്പര്‍കുട്ടനാടും പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഇവിടെ മാത്രം വെള്ളം കയറിയില്ല. ഗ്രാമവാസികള്‍ക്ക് അഭയമൊരുക്കിയതിന്റെ  നന്ദിസൂചകമായിട്ടാണ് ഗ്രാമദേവതയ്ക്ക് അവര്‍ പുതിയ കോലം സമര്‍പ്പിക്കുന്നത്. വസുദേവര്‍ കംസന്റെ കാരാഗൃഹത്തില്‍ നിന്ന് ഉണ്ണിക്കണ്ണനെ നിറഞ്ഞൊഴുകുന്ന യമുനാ നദി കടന്ന് അനന്തന്റെ സഹായത്തോടെ നന്ദഗോപരുടെ അമ്പാടിയില്‍ എത്തിക്കുന്ന രംഗമാണ് കോലമായി സമര്‍പ്പിക്കുന്നത്. ഞായറാഴ്ച നടക്കുന്ന പൂരം പടയണിക്ക് എഴുന്നള്ളിക്കുന്ന വല്യന്നങ്ങള്‍ക്കൊപ്പം പുതിയ കോലവും പടയണിപ്പറമ്പില്‍ എഴുന്നള്ളും.

നീലംപേരൂര്‍ ഗ്രാമത്തിന്റെ ആത്മസമര്‍പ്പണമാണ് പടയണി. ചൂട്ടുപടയണിയോടെ ആരംഭിച്ച ചടങ്ങുകള്‍ ഒരോന്നായി നടന്നുവരികയാണ്. ശനിയാഴ്ച മകം പടയണിക്ക് അമ്പലക്കോട്ടയും പൂരം പടയണിക്ക് വല്യന്നങ്ങളും എഴുന്നള്ളും. ഇത്തവണ വഴിപാടായി 70-ല്‍ അധികം കുഞ്ഞന്നങ്ങള്‍ സമര്‍പ്പിക്കും. ഇവയുടെ നിര്‍മ്മാണവും ക്ഷേത്ര പരിസരത്ത് തകൃതിയായി നടക്കുകയാണ്. പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കളല്ലാതെ മറ്റൊന്നും കോലങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറില്ല. തടി, കമുകിന്റെ വരി, വാഴക്കച്ചി, വാഴപ്പോള, താമരയില എന്നിവയാണ്  നിര്‍മ്മാണ സാമഗ്രികള്‍.

കോലങ്ങളുടെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം വരിച്ചില്‍ ജോലികളാണ്. വാഴക്കച്ചി വരിഞ്ഞ് ഇറക്കും. ഇതിന് പുറത്ത് താമരയില കുത്തിയാണ് രൂപം വരുത്തുന്നത്. കൂടാതെ വാഴപ്പോളയും ചെത്തിപ്പൂവും നിറ പണികള്‍ക്കായി ഉപയോഗിക്കും. തലമുറകളായി കൈമാറിക്കിട്ടിയ അറിവുകള്‍ സ്വായത്തമാക്കിയ  പടയണി കലാകാരന്മാരാണ് ഇവയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.