ഇടുക്കി സംഭരണിയുടെ സുരക്ഷ: പോലീസ് തുടരുന്നത് ഗുരുതര അലംഭാവം

Wednesday 5 September 2018 1:20 am IST
1992ന് ശേഷം വാഹനങ്ങള്‍ കടത്തിവിടുന്നത് ഇതാദ്യമാണ്. ഈ അവസരം മുതലെടുത്ത് നിരവധി പേരാണ് ബസ് യാത്രയിലൂടെ ഇടുക്കി പദ്ധതി അടുത്ത് കാണുന്നതിനായി എത്തുന്നത്. ഗതാഗതം അനുവദിച്ചപ്പോള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ വേണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ പോലീസ് അതൊന്നും പാലിക്കുന്നില്ല.

ഇടുക്കി: അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടുക്കി സംഭരണിയുടെ കുളമാവ്, ചെറുതോണി, ഇടുക്കി അണക്കെട്ട് മേഖലകൡല്‍ പോലീസ് തുടരുന്നത് ഗുരുതര അലംഭാവം. സംഭവത്തില്‍ പോലീസ് നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കെഎസ്ഇബി അധികൃതര്‍ രംഗത്ത്.

കെഎസ്ആര്‍ടിസി ബസ്സില്‍ സഞ്ചരിക്കുന്നതിനിടെ ആരോ പകര്‍ത്തിയ ഇടുക്കി കമാന അണക്കെട്ടിന്റെ ദൃശ്യം രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനെ തുടര്‍ന്നാണിത്. സംസ്ഥാനത്തിന്റെ തന്നെ ഏറ്റവും തന്ത്ര പ്രധാന മേഖലയുടെ നിര്‍ണായക ദൃശ്യങ്ങള്‍ പ്രചരിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. 

പ്രളയത്തെ തുടര്‍ന്ന് ചെറുതോണി പാലം തകര്‍ന്നതോടെ ഏതാനം ദിവസങ്ങളായി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇതുവഴിയാണ് സര്‍വീസ് നടത്തുന്നത്. 1992ന് ശേഷം വാഹനങ്ങള്‍ കടത്തിവിടുന്നത് ഇതാദ്യമാണ്. ഈ അവസരം മുതലെടുത്ത് നിരവധി പേരാണ് ബസ് യാത്രയിലൂടെ ഇടുക്കി പദ്ധതി അടുത്ത് കാണുന്നതിനായി എത്തുന്നത്. ഗതാഗതം അനുവദിച്ചപ്പോള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ വേണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ പോലീസ് അതൊന്നും പാലിക്കുന്നില്ല. 

യാത്രക്കാര്‍ പലരും ഡാമുകളുടെ മുകള്‍ ഭാഗത്ത് കൂടിയുള്ള യാത്ര മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവായി മാറുകയാണ്. ഇവിടെ അറിയിപ്പ് സൂചിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് ഉണ്ടെങ്കിലും ആരും വകവയ്ക്കുന്നില്ല. ഇത്തരത്തില്‍ പ്രചരിച്ച നാല് മിനിറ്റ് അഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ ഇടുക്കി അണക്കെട്ടും ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വച്ചിരിക്കുന്നതും വ്യക്തമായി കാണാം. ദൃശ്യത്തില്‍ വീഡിയോ എടുക്കരുത് പോലീസ് പിടിക്കുമെന്ന് ആരോ പറയുന്നതായും വ്യക്തമായി കേള്‍ക്കാം. 

ഡ്രൈവറുടെ സീറ്റിന് അടുത്തിരുന്ന് പോലും ചിലര്‍ ഫോട്ടോ എടുക്കുന്നുണ്ട്. ബസ്സില്‍ നിറയെ ആളുകള്‍ ഉണ്ടെങ്കിലും ആരും ഇത് ചോദ്യം ചെയ്യുന്നില്ല. അവസാനം രണ്ട് യുവാക്കള്‍ ചേര്‍ന്ന് ദൃശ്യത്തിന് കമന്ററിയും പറയുന്നുണ്ട്. സമാനമായ രീതിയില്‍ ചെറുതോണി അണക്കെട്ട് തുറക്കുന്ന സമയത്ത് ദൃശ്യമാധ്യമങ്ങളില്‍ അടക്കം അണക്കെട്ടിന്റെ അതീവ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങള്‍ വന്നിരുന്നു. ഇതിന് ആദ്യം തടയിടാന്‍ ഡാം സേഫ്ടി വിഭാഗം തയാറായില്ലെങ്കിലും പിന്നീട് നടപടികളുമായി മുന്നോട്ട് വന്നു. 

സമാനമായ രീതിയില്‍ ബസ്സില്‍ പോകുമ്പോള്‍ കുളമാവ് അണക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പതിവ് കാഴ്ചയാണ്. ആദ്യകാലങ്ങളില്‍ ഇവിടെ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു എന്ന് ബോര്‍ഡ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാണാനില്ല. രണ്ട് വശങ്ങളിലും പോലീസ് ഉണ്ടെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടാല്‍ പോലും ഇവര്‍ അനങ്ങാറുമില്ല. വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളുടെ സംരക്ഷണ ചുമതല ഡാം സേഫ്ടി വിഭാഗത്തിനാണെങ്കിലും സുരക്ഷ ഒരുക്കേണ്ടത് കേരള പോലീസ് ആണ്.

കെഎസ്ഇബി പരാതി നല്‍കും

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി പരാതി നല്‍കുമെന്ന് ഡാം സേഫ്ടി വിഭാഗം. ഇക്കാര്യം കളക്ടറെ നേരില്‍ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ കാണാന്‍ സാധിച്ചിട്ടില്ല. ഇത് പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും ഡ്രിപ് ആന്‍ഡ് ഡാം സേഫ്ടി വിഭാഗം ചീഫ് എഞ്ചിനീയര്‍ ബിബിന്‍ ജോസഫ് ജന്മഭൂമിയോട് പറഞ്ഞു.

കളക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ഒരു  ഉദ്യോഗസ്ഥ അടക്കം രണ്ട് പേര്‍ ബസ്സില്‍ യാത്രക്കാരെ അനുഗമിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെന്നും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെതിരെ കര്‍ശനമായ നടപടി എടുക്കണം. പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴ ഈടാക്കണമെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ ഐറ്റി ആക്ട് പ്രകാരം കേസ് എടുത്ത് മൊബൈല്‍ അടക്കമുള്ളവ പിടിച്ചെടുക്കണം. 

ഡാമിലൂടെ ബസ്സില്‍ സഞ്ചരിക്കുന്നത് എത്തരക്കാരാണെന്ന് ആര്‍ക്കും പറയാനാകില്ല. വാഹനം കടത്തി വിടുംമുമ്പ് കര്‍ശന പരിശോധന വേണം. തീവ്രവാദ ഭീഷണി അടക്കം നിലനില്‍ക്കുന്നതിനാല്‍ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഡാമിന്റെ സുരക്ഷയുടെ കാര്യത്തില്‍ കൃത്യമായ നടപടി എടുക്കുന്നുണ്ടെന്നുമാണ് ഇടുക്കി എസ്‌ഐ മുരുകന്‍ നല്‍കുന്ന വിവരം. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ആദ്യ ദിവസം പകര്‍ത്തിയതാണെന്നും അന്ന് പോലീസിന് ബസ്സില്‍ യാത്ര ചെയ്യാന്‍ അനുമതി കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പ്രതികരണത്തിനായി ഇടുക്കി എസ്പി കെ.പി. വേണുഗോപാലിനെ നിരവധി തവണ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. 

ബസ് കടത്തി വിടുന്നത് നിരോധിക്കും

ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ സുരക്ഷ കണക്കിലെടുത്ത് ഇതുവഴിയുള്ള ബസ് യാത്ര നിരോധിക്കാനുള്ള തയാറെടുപ്പുമായി കെഎസ്ഇബി രംഗത്ത്. ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് വേണ്ടി വകുപ്പ് കളക്ടറുടെ നിര്‍ദേശത്തിന് അനുകൂലമായി നടപടി എടുത്തതോടെയാണ് ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയത്. എന്നാല്‍ ഇത് വലിയ തലവേദനയായിരിക്കുകയാണ്.  അരക്കോടിയിലധികം ജനങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് ഈ നീക്കം. യാത്രക്കാര്‍ ഇത്തരത്തിലുള്ള പ്രവണത തുടര്‍ന്നാല്‍ കടുത്ത നടപടിയുമായി മുന്നോട്ട് പോകാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.