ആവിഷ്‌ക്കാര സ്വാതന്ത്ര്യകാലത്തെ അധ്യാപകന്‍

Wednesday 5 September 2018 1:21 am IST
ഭാരതത്തിന്റെ രാഷ്ട്രപതിയും അധ്യാപകനുമായിരുന്ന ഡോ.സര്‍വ്വേപ്പളളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അദ്ധ്യാപക ദിനമായി നമ്മള്‍ ആചരിക്കുന്നത്. അദ്ധ്യാപനത്തിന്റെ മഹത്വം പുതു തലമുറക്കായി പകര്‍ന്ന് നല്‍കുന്നതിനു വേണ്ടിയാണ് ഈ ആചരണം. നിലപാടുകളില്‍ ഇളവ് നല്‍കാതെ മുന്നോട്ടുപോകുന്ന അധ്യാപകരുടെ സൈ്വരജീവിതത്തിന് സമൂഹം ഇന്ന് കവചമൊരുക്കേണ്ടിയിരിക്കുന്നു.

മൂഹം നവീകരണത്തിലൂടെ പുതുമ തേടി മുന്നേറുന്നുവെന്നത് ചരിത്ര വസ്തുതയാണ്. നന്മയുടെയും ലോക ബോധത്തിന്റെയും അംശങ്ങള്‍ സ്വീകരിച്ച് ഗമിക്കുമ്പോള്‍ പൈതൃകമായി ഉള്ളിലുറപ്പിച്ചിരുന്ന സംസ്‌കാരത്തെ അപ്പാടെ ഒഴുക്കിക്കളയുന്നത് അംഗീകരിക്കാവുന്നതല്ല. ഇത്തരം കുടഞ്ഞെറിയലുകള്‍ പുരോഗമനത്തിന്റെ ലക്ഷണമാണെന്ന വാദത്തിന് അക്കാദമിക രംഗത്ത് നിന്നും പരോക്ഷമായ ശക്തി ലഭിക്കുന്ന കാലത്താണ് ഒരു അധ്യാപക ദിനം കൂടി വന്നെത്തുന്നത്. 

എങ്ങനെയായിരിക്കണം അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് സംവദിക്കേണ്ടത്. വിദ്യാര്‍ത്ഥി അധ്യാപകനോട് എങ്ങനെ പെരുമാറണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പഴമയിലേക്ക് എത്തിനോക്കിയാല്‍ കൃത്യമായ ലിഖിത രേഖ കണ്ടെത്താന്‍ ക്ലേശിക്കേണ്ടതില്ല. ഗുരുവും ശിക്ഷ്യനും തമ്മിലുള്ള ബന്ധം വ്യക്തമാകുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഇതിഹാസങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും കണ്ടെത്താനാകും. 

ഗുരുവിന്റെ വീട്ടില്‍ താമസിച്ച് സകല വിദ്യകളും അഭ്യസിച്ച് സ്വന്തം വീട്ടില്‍ മടങ്ങിയെത്തു വിദ്യാര്‍ത്ഥികളെക്കുറിച്ച് രാമായണം, മഹാഭാരതം എന്നീ കൃതികളില്‍ സുവ്യക്തമാക്കുന്നുണ്ട്. സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ ശ്രീകൃഷ്ണനും കുചേലനും പഠിച്ച കാലത്തെ മഹാഭാരതത്തില്‍ വിവരിക്കുന്നു. 

പഠന കാലത്ത് ശ്രീകൃഷ്ണനെയും കുചേലനെയും കാട്ടില്‍ വിറക് ശേഖരിക്കാന്‍ വിട്ടതും, അവിചാരിതമായി പെയ്തമഴയില്‍ ഇരുവരും പേടിച്ച് കാട്ടില്‍ തന്നെ കഴിഞ്ഞതും, ശിക്ഷ്യരെക്കാണാഞ്ഞ് ഉള്ളുരുകി നടന്ന സാന്ദീപനി മഹര്‍ഷിയെക്കുറിച്ചുമൊക്കെ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ രാമപുരത്ത് വാര്യര്‍ സചിത്രേന വിശദീകരിക്കുന്നുണ്ട്. ഈ കൃതി എട്ടാം തരത്തിലെ ഒന്നാം പാഠമായി നല്‍കിയിട്ടുണ്ട്. അന്ന് നിലനിന്നിരുന്ന വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള കേട്ടറിവുമാത്രമായി പാഠംമാറുന്നു എന്ന പരിമിതി ഉന്നയിക്കാമെങ്കിലും കാലഘട്ടത്തിന്റെ ചരിത്ര രേഖയാണ് ഈ കൃതി.

ഗുരുവിന്റെ മൗനം പോലും വ്യാഖ്യാനത്തിന്റെ ഉള്ളറകള്‍ തുറന്നിരുന്ന ആര്‍ഷ സംസ്‌കൃതിയില്‍ നിന്ന് കുതറിമാറിയപ്പോള്‍ ജീവിത മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിച്ചു. മാതാ-പിതാ-ഗുരുര്‍ദൈവം എന്ന് പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്തിരുന്ന തലമുറ അധിനിവേശ ശക്തികള്‍ക്ക് കീഴ്‌പ്പെടേണ്ടിവന്നതോടെ കടുത്ത ആലസ്യത്തിലാണ്ടുപോയി.

നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്ന പാശ്ചാത്യ അധിനിവേശഭരണം വിദ്യാഭാസത്തെ അടിമുടി മാറ്റി. ഈ മാറ്റം നാടിന്റെ പാരമ്പര്യ നിരാസത്തില്‍ ഊന്നി നിന്നതായിരുന്നു. പാരമ്പര്യമെന്നത് താല്ക്കാലിക വായനശാലയാണെന്ന പ്രചാരണം ശക്തിപ്പെടുത്തിയ വൈദേശിക ശക്തികള്‍ പാഠ്യവിഷയങ്ങളില്‍ വരുത്തിയ മാറ്റം ചരിത്ര സത്യങ്ങളോടുള്ള വഞ്ചന കൂടിയാണ്. 

എന്തൊക്കെ പഠിപ്പിക്കണം, എന്തൊക്കെ പഠിക്കണം എന്നിങ്ങനെയുള്ള തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം സിലബസ് വല്‍ക്കരണവും വിദ്യാഭ്യാസ സ്ഥാപനവല്‍ക്കരണവും മൂലം ലംഘിക്കപ്പെട്ടു. അധ്യാപകന്‍ അധ്യാപകന്‍ മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ടായത് മേല്‍സൂചിപ്പിച്ച കൊളോണിയല്‍ ഭരണക്രമം രൂപപ്പെട്ട കാലത്താണ്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം വിദ്യാഭ്യാസമേഖലയില്‍ പുരോഗതി ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും പാരമ്പര്യപക്ഷത്തേയ്ക്കുള്ള അതിന്റെ തിരിച്ച് വരവിന് വേഗത കുറവാണ്. സമര്‍പ്പണഭാവം ചുരുക്കം ചില അധ്യാപകരിലൂടെയെങ്കിലും നിലനില്‍ക്കുന്നുവെന്നത് ആത്മവിശ്വാസത്തിന് വഴിയൊരുക്കുന്നു.

നിലപാടുകളില്‍ ഇളവ് നല്‍കാതെ മുന്നോട്ടുപോകുന്ന അധ്യാപകരുടെ സൈ്വര്യജീവിതത്തിന് ഈ സമൂഹം കവചമൊരുക്കേണ്ടിയിരിക്കുന്നു. സമീപകാലത്ത് കേരളത്തിലെ തലയെടുപ്പും പാരമ്പര്യവുമുള്ള കലാലയങ്ങളുടെ ചുമതല വഹിച്ചിരുന്ന അധ്യാപകര്‍ക്ക് നേരെ നടന്ന ആക്രമണം ഗുരുനിന്ദയുടെ കാണാപ്പതിപ്പാണ്്. 

(പാലക്കാട് വിക്‌ടോറിയ കോളേജ് പ്രിന്‍സിപ്പല്‍, എറണാകുളം മഹാരാജാസ് കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് നേരെ നടന്ന സമാനതകളില്ലാത്ത ആക്രമണം ഓര്‍മ്മിക്കാം) തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കാത്ത അധ്യാപകരെ വരുതിക്ക് നിര്‍ത്താന്‍ മാനസികവും കായികവുമായ പീഢനമുറകള്‍ അഴിച്ച് വിട്ട് കീഴ്‌പ്പെടുത്താമെന്ന ചില സംഘടനകളുടെ ശ്രമം കേരളത്തിന് മാനക്കേടുണ്ടാക്കി. 

ഏത് ദുര്‍ഘടസ്ഥിതിയുണ്ടായാലും നീതിബോധം പണയപ്പെടുത്തില്ലെന്ന് പീഢനത്തിനിരയാക്കപ്പെട്ട അധ്യാപകര്‍ ഉറക്കെ പറഞ്ഞത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് മുറിവിളികൂട്ടുന്ന കാലത്ത് നിയമവഴിയേ സഞ്ചരിക്കാന്‍ ഒരു അധ്യാപകന് കഴിയാതെ വരുന്നു എന്നത് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് നേരേയുള്ള മരണവാറന്റായേ കാണാന്‍ കഴിയൂ. 

നീതിബോധം കേവലം രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രത്യയശാസ്ത്രത്തിന് പണയം വയ്ക്കാത്ത അധ്യാപകര്‍ ആക്രമിക്കപ്പെടുമ്പോള്‍ സാംസ്‌കാരിക രംഗത്ത് കനത്ത സംഭാവന നല്‍കിയ അധ്യാപക ശ്രേഷ്ഠന്മാര്‍ പുലത്തുന്ന മൗനമാണ് ഏറെ അപകടകരം. ഇത്തരം അപകടകരമായ മൗനത്തിനെതിരെയുള്ള പ്രതിഷേധത്തിന് കൂടി ഈ അധ്യാപക ദിനത്തില്‍ ഇടമുണ്ടാകുമെന്ന് പ്രത്യാശയിലാണ് കേരളത്തിന്റെ അക്കാദമിക ഭാവി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.