പ്രകൃതിയുടെ പാഠപുസ്തകം

Wednesday 5 September 2018 1:22 am IST
ആറന്മുളയില്‍ പറന്നിറങ്ങാന്‍ വന്നവര്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുയര്‍ന്നു. കുമ്മനം രാജശേഖരന്റെ പതറാത്ത കാലുകള്‍ക്ക് പിന്നില്‍ അണിനിരന്ന ആയിരങ്ങള്‍ക്ക് ആശ്വാസവും, സന്തോഷവുമായി. അവിടെ പാടവും, കുളങ്ങളും, കിണറുകളും ഒക്കെ നികത്തി വിമാനത്താവളവും, ടൗണ്‍ഷിപ്പും വന്നിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി എത്ര ഭയാനകമാകുമായിരുന്നു?

കേരളം ഇനിയുള്ള കാലം ഒരുപാട് കാര്യങ്ങള്‍ ഓര്‍ക്കാനുണ്ടെന്നും, ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രളയം മടങ്ങിയത്. നമുക്ക് ഒരു അഹങ്കാരമുണ്ടായിരുന്നു. ഉത്തരേന്ത്യയിലും, ആന്ധ്രയിലും, തമിഴ്നാട്ടിലുമെല്ലാം ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ഇതൊന്നും നമുക്ക് ബാധകമാകില്ല എന്ന്. കാരണം നമ്മള്‍  ദൈവത്തിന്റെ സ്വന്തം നാട്ടുകാരാണ്. നദികളും, പുഴകളും, മലകളും, കടലും, കായലും, കാവും, കാടും എല്ലാം നല്‍കി ദൈവം നമ്മെ അനുഗ്രഹിച്ചിട്ടുണ്ടല്ലോ. 

എന്നാല്‍ പ്രകൃതി വരദാനമായി നല്‍കിയ ഈ ഐശ്വര്യങ്ങളെ  നമുക്ക് എന്തും ചെയ്യാനുള്ളതാണെന്ന് തെറ്റിദ്ധരിച്ചു. നദിയുടെ ഒഴുക്ക് തിരിച്ചുവിട്ടു, പാടങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ പണിതു. കായലും, കാടും കയ്യേറി  റിസോര്‍ട്ടുകളും, വാട്ടര്‍ തീം പാര്‍ക്കുകളും നിര്‍മ്മിച്ച സാമൂഹ്യദ്രോഹികളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. 

ലാഭക്കണ്ണുമായി കേരളത്തിന് മുകളില്‍ വട്ടമിട്ട് പറന്ന കോളക്കമ്പനികളെ മാലയിട്ട് സ്വീകരിച്ചു. കേരളത്തെ അടിക്കണക്കില്‍ അളന്നുമാറ്റി പ്രമാണിമാര്‍ കയ്യടക്കുമ്പോഴും നമുക്കെന്ത്? എന്ന മട്ടില്‍ കണ്ണടച്ചു. പ്ലാസ്റ്റിക്കുകളും, ഫ്ളക്സുകളും, ഉപയോഗിച്ച ശേഷം നദികളിലും, കാടുകളിലും വലിച്ചെറിഞ്ഞു. കേരളത്തിലെ കാട്ടിലും, കടലിലും മാത്രം ജീവിക്കാന്‍ കൊതിച്ച പക്ഷി മൃഗാദികളെയെല്ലാം കൊന്നൊടുക്കി. 

ദൈവത്തിന്റെ സ്വന്തം നാടെന്ന അവകാശവാദം പരസ്യപലകങ്ങളില്‍ ഒതുങ്ങി, ഒതുക്കി നിര്‍ത്തി. കേരളം പഴയ കേരളമാകണമെങ്കില്‍ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞവരെ ഭ്രാന്തന്മാരാക്കി മുദ്രകുത്തി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടവരെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു.

 രണ്ടു രാവും രണ്ട് പകലും കലികൊണ്ട്  ഉറഞ്ഞു തുള്ളിയ പ്രകൃതി മടങ്ങിയത് ഇതെല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്. ഉണ്ടായതിനേക്കാള്‍ ഭയാനകമായിരുന്നു പമ്പയാറിന്റെ തീരത്ത് ഉണ്ടാകുമായിരുന്നത്.

 മൂന്നാലു വര്‍ഷം മുമ്പ് കേരളത്തിന് പുറത്തുള്ള ചില വ്യവസായികള്‍ക്ക് തോന്നി കേരളത്തെ ഒന്നുകൂടി വികസിപ്പിക്കാമെന്ന്, അതിനവര്‍ കണ്ടെത്തിയത് ആറന്മുളയേയും. അവിടെ ഒരു അന്താരാഷ്ട്ര വിമാനത്താവളം വന്നാല്‍ ശബരിമല വികസിക്കും, കേരളത്തിന് വരുമാനമുണ്ടാകും. മദ്ധ്യ തിരുവിതാംകൂറില്‍ നിന്ന് അമേരിക്കയിലും, ജര്‍മ്മനിയിലും, ഗള്‍ഫ് രാജ്യങ്ങളിലും കുടിയേറിയവര്‍ക്ക് യാത്ര കൂടുതല്‍ സുഖകരമാകും അങ്ങിനെ എന്തെല്ലാം വികസന സ്വപ്‌നങ്ങള്‍ അവര്‍ കേരളത്തില്‍ വിതച്ചു. 

വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയേറ്റുവരെ (അന്നത്തെ) ഈ വികസന നായകന്‍മാരുടെ പിന്നില്‍ ഒരക്ഷരം മിണ്ടാതെ നിന്നു. പാടം നികത്താന്‍, കുളം നികത്താന്‍, കുന്നിടിച്ചു നിരപ്പാക്കാന്‍ ഒക്കെ ഉള്ള ഉത്തരവുകള്‍ ശരവേഗത്തിലാണ് അവര്‍ക്ക് ലഭിച്ചത്. വികസനത്തിന്റെ തേരിലേറി ആറന്മുളയില്‍ പറന്നിറങ്ങാന്‍ അവര്‍ സര്‍വ്വ സന്നാഹവും ഒരുക്കുമ്പോഴാണ് കുമ്മനം രാജശേഖരന്‍ ആറന്മുളയിലെത്തുന്നത്. പിന്നെയുള്ളത് ആറന്മുളയുടെ ചരിത്രത്തിലെ വിജയഗാഥയാണ്. 

ആറന്മുള എന്ന പൈതൃക ഗ്രാമം നിലനില്‍ക്കേണ്ടതിന്റെ, പാടങ്ങളും, കുളങ്ങളും, കുന്നും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഒക്കെ ആവശ്യം നിരന്തരമായി പത്തനംതിട്ടക്കാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം നയിച്ച സമരം, സമാനതകളില്ലാതെ ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി, കവികളേയും, സാഹിത്യകാരന്മാരെയും ഒക്കെ അണിനിരത്തി നടത്തിയ ഒന്നായിരുന്നു. ഒടുവില്‍ ധനശക്തിയും, രാഷ്ട്രീയ സ്വാധീനവും ഉണ്ടായിരുന്ന വ്യവസായികള്‍ക്ക് ബോധ്യപ്പെട്ടു, ഈ മനുഷ്യനെ അവഗണിച്ചുകൊണ്ട് ആറന്മുളയില്‍ ഹെലിക്കോപ്റ്റര്‍ പോലും ഇറക്കാന്‍ കഴിയില്ലെന്ന്. 

അങ്ങിനെ, ആറന്മുളയില്‍ പറന്നിറങ്ങാന്‍ വന്നവര്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുയര്‍ന്നു. കുമ്മനം രാജശേഖരന്റെ പതറാത്ത കാലുകള്‍ക്ക് പിന്നില്‍ അണിനിരന്ന ആയിരങ്ങള്‍ക്ക് ആശ്വാസവും, സന്തോഷവുമായി. അവിടെ പാടവും, കുളങ്ങളും, കിണറുകളും ഒക്കെ നികത്തി വിമാനത്താവളവും, ടൗണ്‍ഷിപ്പും വന്നിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി എത്ര ഭയാനകമാകുമായിരുന്നു? 

 എന്തിനാണ് കേരളം പോലെ 800 കിലോമീറ്റര്‍ നീളം മാത്രം ഉള്ള ഒരു ഒരു കൊച്ചു സംസ്ഥാനത്ത് 5 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്ന് ചോദിയ്ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറായില്ല. കാരണം വികസനവിരോധികളായി പോയാലോ? എല്ലാത്തിന്റെയും കൂടെ 'ള' ചേര്‍ത്താല്‍ ഇവരുടെ ഭാഷയായി എന്ന സിനിമാ ഡയലോഗ് പോലെ, എല്ലാത്തിന്റേയും കൂടെ വികസനമെന്ന് ചേര്‍ത്താല്‍ എതിര്‍ക്കാന്‍ ആളെ കിട്ടാത്ത കാലത്താണ് ആറന്മുള വിമാനത്താവളത്തിനെതിരെ കുമ്മനം രാജശേഖരന്‍ സമരം നയിച്ചത്. ആ സമരം ഒരു പാഠ പുസ്തകമാണ്. ആ പുസ്തകമാണ് ഇന്നു പ്രകൃതി നമ്മുടെ മുന്നില്‍ വയ്ക്കുന്നതും. 

 ഇനിയും വികസനത്തിന്റെ പേരും പറഞ്ഞ് കേരളത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്താന്‍ പലരും പറന്നിറങ്ങും. അധികാര വര്‍ഗ്ഗത്തിന്റെ ഉറച്ച പിന്‍ബലവും അവര്‍ക്ക് ഉണ്ടാകാം. പക്ഷെ നമ്മള്‍ ഉണര്‍ന്നിരിക്കണം. ആറന്മുള സമരം പോലെ പ്രതികരിയ്ക്കാന്‍ നമ്മള്‍ തയ്യാറാകണം. ആരെങ്കിലും കായലും, കാടും കയ്യേറി റിസോര്‍ട്ടോ, വാട്ടര്‍ തീം പാര്‍ക്കോ സ്ഥാപിച്ചാല്‍ നമുക്കെന്ത് കാര്യം എന്ന ചിന്ത മാറണം. 

കാടും കായലും നശിച്ചാല്‍ നമുക്കാണ് നഷ്ടം എന്ന തിരിച്ചറിവ് ഉണ്ടാകണം. അത്തരക്കാരെ, അവര്‍ എത്ര പ്രമാണിമാര്‍ ആയാലും ഈ മണ്ണില്‍ നിന്ന് ആട്ടിയോടിക്കാന്‍ കഴിയണം. സര്‍വ്വോപരി പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തണം. അതിനായി മാധവ് ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് പോലെ ആവശ്യമെങ്കില്‍ ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്ത് ക്രിയാത്മക മാറ്റങ്ങളോടെ നടപ്പാക്കണം. അതിനായി ഈ പ്രളയ ദുരിതത്തിലും അതിന് ശേഷമുള്ള പുനര്‍ നിര്‍മ്മാണ പ്രക്രിയകളിലും കാണിക്കുന്ന ഐക്യവും, ദൃഢനിശ്ചയവും നമുക്ക് ഒരോരുത്തര്‍ക്കും ഉണ്ടാകണം. എങ്കില്‍ കേരളം ചങ്ങമ്പുഴ പാടിയ 

മലരണിക്കാടുകള്‍ തിങ്ങി വിങ്ങി 

 മരതക കാന്തിയില്‍ മുങ്ങി മുങ്ങി 

 കരളും മിഴിയും കവര്‍ന്ന് മിന്നി

 കറയറ്റൊരാലസ്യ ഗ്രാമഭംഗി തുടിക്കുന്ന പഴയ കേരളമായി മാറും. അല്ലെങ്കില്‍, ഇഞ്ചക്കാട് ബാലചന്ദ്രന്റെ വരികള്‍ ഏറ്റു പാടാം:

 ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?

( ബിജെപി വക്താവാണ് ലേഖകന്‍ )

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.