സ്വര്‍ണ്ണത്തൊഴിലാളികളുടെ ദുരിതങ്ങള്‍

Wednesday 5 September 2018 1:17 am IST

സ്വര്‍ണ്ണക്കച്ചവടം ഇന്ന് ബില്യന്‍ ഡോളര്‍ ബിസിനസ്സായി മാറുമ്പോള്‍ പരമ്പരാഗത സ്വര്‍ണ്ണത്തൊഴിലാളികള്‍ കഷ്ടപ്പാടിന്റെയും, ദുരിതങ്ങളുടെയും ലോകത്താണ്. സ്വര്‍ണ്ണാഭരണ നിര്‍മ്മാണം യന്ത്രവല്‍കൃതമായതോടെ വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുന്നു. അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങള്‍ മറുഭാഗത്ത്. 

സ്വര്‍ണ്ണത്തൊഴിലാളികള്‍ കൂട്ടമായി മറ്റു തൊഴിലുകള്‍ തേടിപ്പോകുകയാണ്. അധികം പേരും റിക്ഷാത്തൊഴിലാളികളും, പച്ചക്കറി കച്ചവടക്കാരുമായി മാറി. ഇന്ത്യയിലെ അനേകലക്ഷം സ്വര്‍ണ്ണത്തൊഴിലാളികളുടെ അവസ്ഥയാണിത്. ഏറ്റവും വിലകൂടിയ ലോഹം പരമ്പരഗതമായി കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ ഇന്ന് ഏറ്റവും ദുരിതം അനുഭവിക്കുന്നവരായി തീര്‍ന്നിരിക്കുന്നു. ഇവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും ആരും ശ്രമിക്കുന്നില്ല എന്നാണ്.

ഇതേ അവസ്ഥ തന്നെയാണ് കേരളത്തിലും. കായംകുളത്തെ ഗോള്‍ഡ് ബസാറില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ പരമ്പരാഗത സ്വര്‍ണ്ണത്തൊഴിലാളികളുടെ നൂറിലേറെ കടകളാണ് അടച്ചുപൂട്ടിയത്. തിരുവനന്തപുരത്തും, കൊല്ലത്തും, ആലപ്പുഴയിലും സ്ഥിതി മറിച്ചല്ല. ഗ്രാമങ്ങളിലും ഇന്ന് പരമ്പരാഗത സ്വര്‍ണ്ണപ്പണിക്കാര്‍ക്ക് തൊഴിലില്ല. 

വന്‍കിട സ്വര്‍ണ്ണക്കടകളുടെ വരവോടു കൂടി പലര്‍ക്കും കടകളടയ്‌ക്കേണ്ടി വന്നു. ഇനിയെങ്കിലും സ്വര്‍ണ്ണപ്പണിക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവരെ പുനരധിവസിപ്പിക്കുവാനും കേരള സര്‍ക്കാര്‍ തയ്യാറാകണം. ചാരായ തൊഴിലാളികള്‍ക്കുവേണ്ടി പുനരധിവാസ പദ്ധതി നടപ്പിലാക്കിയ കേരള സര്‍ക്കാര്‍ സ്വര്‍ണ്ണത്തൊഴിലാളികളോട് കാട്ടുന്നത് കടുത്ത വഞ്ചനയാണ്. 

കര്‍ഷകത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതിതള്ളിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തൊഴില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണത്തൊഴിലാളികളെ കാണാതെ പോകുന്നത്?.

ഇന്ത്യയിലെ സ്വര്‍ണ്ണ വ്യവസായം 26 ബില്യണ്‍ ഡോളര്‍ ബിസിനസാണിന്ന്. പക്ഷെ പരമ്പരാഗത തൊഴിലാളികള്‍ക്ക് ഇതില്‍ നിന്നും ഒന്നും ലഭിക്കുന്നില്ല. തൊണ്ണൂറുകളില്‍ തുടങ്ങിയ പരമ്പരാഗത സ്വര്‍ണ്ണത്തൊഴിലാളികളുടെ പതനം ഏതാണ്ട് പൂര്‍ത്തിയാകുകയാണ്. സ്വര്‍ണ്ണത്തൊഴിലാളികള്‍ ഈ ഭൂമഖത്തുനിന്ന് അപ്രത്യക്ഷരാകാതെ ഇരിക്കണമെങ്കില്‍ സര്‍ക്കാര്‍ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. ഏറ്റവും വിലയേറിയ ലോഹം അടിസ്ഥാനമായി തൊഴില്‍ സ്വീകരിച്ച സ്വര്‍ണ്ണപ്പണിക്കാര്‍ നേരിടുന്ന തൊഴില്‍ പ്രതിസന്ധി വളരെ വലുതാണ്. 

പരമ്പരാഗതമായി സ്വര്‍ണ്ണം പണിയുന്ന തൊഴിലാളികള്‍ ആഭരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കി അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മാന്യമായി ജീവിച്ച് വരികയായിരുന്ന കാലം ഓര്‍മ്മമാത്രമാവുകയാണ്. സര്‍ക്കാര്‍ തലത്തില്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടികളുണ്ടാകണം.  തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്നു എന്നു മുതലകണ്ണീര്‍ വാര്‍ക്കുന്ന ഇടതു പ്രസ്ഥാനങ്ങള്‍ ഈ തൊഴിലാളികളോട് കാട്ടിയിട്ടുള്ളത് വലിയ ക്രൂരതയാണ്. തൊഴിലാളികളുടെ സംരക്ഷണത്തിനായി രൂപീകരിച്ചു എന്ന് അവകാശപ്പെടുന്ന ബോര്‍ഡ്, കോര്‍പ്പറേഷനുകള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. 

അഡ്വ. സതീഷ് ടി പത്മനാഭന്‍, തിരുവനന്തപുരം

നിയമം നടപ്പാക്കുന്നത് രണ്ടു രീതിയിലോ?

  കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടായിട്ടും പോലീസ് അദ്ദേഹത്തെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല! ഇനിയും സംശയങ്ങള്‍ക്ക് വ്യക്തത വരുത്താനുണ്ടത്രേ! നാട്ടിലെ കുഞ്ഞുകുട്ടികള്‍പോലും കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. 

എന്നിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയമം നടപ്പാക്കാന്‍ മടി! ബിഷപ്പിനോടൊപ്പം കുറ്റകൃത്യം നടത്തിയ പുരോഹിതര്‍ പോലീസിനു കീഴടങ്ങി. നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണ്. 

കുറ്റം ചെയ്തവര്‍ നിയമനടപടിനേരിടണം. സിനിമാനടനും, ബിഷപ്പിനും സാധാരണക്കാര്‍ക്കും ഒറ്റനിയമം മതി.

ശ്രീജിത്ത്, മട്ടന്നൂര്‍

ഇടുക്കിയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കണം 

പ്രകൃതിയുടെ അനുഗ്രഹത്താല്‍ ലോക വിനോദ സഞ്ചാരഭൂപടത്തില്‍ സ്ഥാനം പിടിക്കുകയും സുഗന്ധവ്യഞ്ജന ഉത്പാദനത്തില്‍ ഭാരതത്തിന് തന്നെ അഭിമാനമായി മാറുകയും ചെയ്തിട്ടുള്ള ഇടുക്കി ജില്ല അനേകം പരിസ്ഥിതി ലോലപ്രദേശങ്ങള്‍ ഉള്‍ക്കോള്ളുന്നത് കൂടിയാണ്. 

ലോകശ്രദ്ധനേടിയ വിനോദ സഞ്ചാരകേന്ദ്രങ്ങളായ തേക്കടി, മൂന്നാര്‍, ആനയിറങ്ങല്‍, മാട്ടുപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങള്‍ മലിന്യങ്ങള്‍കൊണ്ട് നിറഞ്ഞതും അനേകം പരിസ്ഥിതിനശീകരണ വസ്തുക്കളാല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയുമാണ്. വിനോദ സഞ്ചാരികള്‍ കൊണ്ടുവരുന്ന ഇത്തരം സാധങ്ങള്‍ നിഷേപിക്കുവാനുള്ള സ്ഥലമായിമാറി ഇതിനോട് ചേര്‍ന്നുള്ള വനങ്ങള്‍. ഭക്ഷണത്തോടൊപ്പം വലിച്ചെറിയപ്പെടുന്ന ഇത്തരം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഇവിടുത്തെ ആവസവ്യവസ്ഥയെ തകിടംമറിക്കുകയും വന്യജീവികളുടെ ജീവന് ഭീക്ഷണി ഉയര്‍ത്തുകയും ചെയ്യുന്നു. അനേകം വന്യജീവികള്‍ ഇതിനോടകം പ്ലാസ്റ്റിക്ക് ഉള്ളിച്ചെന്ന് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 

രാജാക്കാട്, രാജകുമാരി പഞ്ചായത്തുകള്‍ പ്ലാസ്റ്റിക്ക് നിരോധനവുമായി മുന്നോട്ട് പോയെങ്കിലും ഉത്തരവ് കടലാസില്‍ മാത്രമായി. ഇതിനെ പ്രതിരോധിക്കുവാന്‍ ട്യൂറിസം വകുപ്പും തദ്ദേശസ്വയഭാരണവകുപ്പും സഞ്ചാരികളുടെ ഇടയില്‍ ബോധവത്ക്കരണം നടത്തുകയും ഈ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്ക് നിരോധിച്ച് ഉത്തരവ് ഇറക്കുകയും ചെയ്യുവാന്‍ ഇനിയും താമസിക്കരുത്. 

ജയകുമാര്‍ വേലിക്കകത്ത്, ഇടുക്കി

മുഖ്യമന്ത്രിക്ക് എന്ത് പറ്റി?

കേരള മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ച് എനിക്കാശങ്കയുണ്ട് - ഏതൊരു കേരളീയനും ഉണ്ടാകാവുന്ന, ഉണ്ടാകേണ്ട ഒരാശങ്ക മാത്രം. ആ വസ്തുത ജനങ്ങളില്‍ നിന്ന് മറച്ചുവയ്‌ക്കേണ്ടതുണ്ടോ? അദ്ദേഹം യാത്ര പുറപ്പെടുന്നതിന്റെ തലേന്ന് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍, ജനങ്ങള്‍ക്ക് സംശയമുളവാകാത്ത തരത്തില്‍ ഒരു വിശദീകരണം വേണ്ടിയിരുന്നു. 

അതല്ലേ, ഒരു മന്ത്രിസഭയുടെ തലവനില്‍ നിന്ന്, ജനം പ്രതീക്ഷിക്കുന്നത്? ഉചിതമായ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നെങ്കില്‍ പല ഊഹാപോഹങ്ങളും ഒഴിവായേനെ. 

പി.വി. കൃഷ്ണന്‍ കുറൂര്‍, ഇടപ്പള്ളി

നായ് ശല്യം രൂക്ഷമാകുന്നു

നാടിനെ നടുക്കി മഹാപ്രളയം കഴിഞ്ഞപ്പോള്‍ റോഡുകള്‍ എല്ലാം സര്‍വ്വനാശം. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ ജനങ്ങള്‍ നരകയാതന അനുഭവിക്കുന്നു. അതിനിടെ വഴിയാത്രക്കാരും, ഇരുചക്രവാഹനയാത്രക്കാരും ഇപ്പോള്‍ ഭീതിയുടെ വഴിയിലാണ്. 

എറണാകുളം, ആലപ്പുഴ, കോട്ടയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രാപ്പകലില്ലാതെ നായ്ക്കള്‍ കൂട്ടംകൂട്ടമായി അലഞ്ഞുതിരിഞ്ഞ് ആക്രമണം നടത്തുന്നതാണിതിന് കാരണം. അധികൃതര്‍ ഇതു കണ്ടമട്ടില്ല. 'കൂനിന്മേല്‍ കുരു' എന്ന മട്ടില്‍ മാലിന്യക്കൂമ്പാരങ്ങളും പലയിടത്തും കുമിഞ്ഞ് കൂടുകയാണ്. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ എത്രയും വേഗം നടപടികളെടുക്കണം.

വേണുകുമാര്‍ പ്ലാത്താനം, കൊച്ചി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.