ദുരിതാശ്വാസം ഓഹരി പങ്കിട്ടെടുക്കാനുള്ള വഴി

Wednesday 5 September 2018 1:23 am IST
അടിസ്ഥാന കാര്യങ്ങള്‍ ചെയ്തുതരാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വസജ്ജമായി വരുമ്പോള്‍ ഫണ്ട് മാത്രം മതി, ശേഷിച്ചത് തങ്ങള്‍ ചെയ്തുകൊള്ളാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേത്. ഇങ്ങനെ കിട്ടുന്ന ഫണ്ടൊക്കെ അര്‍ഹിക്കുന്ന കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഖജനാവു നിറയ്ക്കാന്‍ പറ്റിയ അവസരമാക്കി ദുരന്തത്തെ മാറ്റാനാണ് ശ്രമിക്കുന്നത്.

പ്രളയാനന്തര കേരളത്തിന്റെ മനസ്സ് ആത്മവിശ്വാസത്തിന്റെ ശക്തമായ വഴിയിലൂടെയാണ് പോകുന്നത്. എന്നാല്‍ വരുത്തിവെച്ച ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് നേരറിവ് ഉണ്ടായിട്ടും വേണ്ടപ്പെട്ടവരും ബന്ധപ്പെട്ടവരും അതിന്റെ ഗൗരവം ശരിയായ തരത്തില്‍ കണക്കിലെടുത്തിട്ടില്ല എന്നു പറയേണ്ടിവരും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി മാത്രമാണ് നടന്നിരുന്നതെങ്കില്‍ എത്രയെത്ര ജീവനുകള്‍ എന്നേക്കുമായി ഇല്ലാതാവുമായിരുന്നു എന്ന് ചിന്തിക്കണം. ദുരന്തമുഖത്ത് പാഞ്ഞെത്തി എല്ലാം മറന്ന് പ്രവര്‍ത്തിച്ചവരോടുപോലും നീതികേട് കാണിച്ച സര്‍ക്കാര്‍ സംവിധാനത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല തന്നെ. കാലാവസ്ഥാ മുന്നറിയിപ്പുള്‍പ്പെടെ ലഭിച്ചിട്ടും മഴയെ പഴിച്ച് ഒരു ഭരണകൂടം ദുരന്തം വിറ്റ് എങ്ങനെ ഖജനാവു നിറയ്ക്കാമെന്ന് ആലോചിക്കുന്നതിനെക്കുറിച്ചും മറിച്ചൊന്നും പറയാനില്ല.

കേന്ദ്രത്തില്‍ നിന്ന് കഴിയാവുന്നത്ര വാരിക്കൂട്ടുക എന്ന ഒറ്റ ഉദ്ദേശ്യം മനസ്സില്‍വെച്ചാണ് നീങ്ങുന്നത്. കോടിക്കണക്കിന് പണം കിട്ടണമെന്ന് ആഗ്രഹിക്കുമ്പോള്‍ അതിന് വ്യക്തമായ കണക്കുകൊടുക്കണമെന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. 

അടിസ്ഥാന കാര്യങ്ങള്‍ ചെയ്തുതരാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വസജ്ജമായി വരുമ്പോള്‍ ഫണ്ട് മാത്രം മതി, ശേഷിച്ചത് തങ്ങള്‍ ചെയ്തുകൊള്ളാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേത്. ഇങ്ങനെ കിട്ടുന്ന ഫണ്ടൊക്കെ അര്‍ഹിക്കുന്ന കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഖജനാവു നിറയ്ക്കാന്‍ പറ്റിയ അവസരമാക്കി ദുരന്തത്തെ മാറ്റാനാണ് ശ്രമിക്കുന്നത്.

ഇക്കാര്യത്തില്‍ മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ തന്നെ കടുത്ത അഭിപ്രായ വ്യത്യാസമാണുള്ളത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പ്രളയദുരന്തസമാശ്വാസ പദ്ധതിയിലേക്ക് ആസൂത്രണം ചെയ്ത ഭാഗ്യക്കുറി ടിക്കറ്റിന്റെ പുറത്തിറക്കല്‍ ചടങ്ങില്‍ ഇത് മറനീക്കി പുറത്തുവരികയും ചെയ്തു. 

ഇപ്പോഴും വെള്ളം ഒഴിഞ്ഞുപോകാതെ ദുരിതം അനുഭവിക്കുന്നവരുടെ കാര്യം എടുത്തു പറഞ്ഞ ജി. സുധാകരന് പരിപാടിക്കുശേഷം തോമസ് ഐസക്ക് നല്ല മറുപടി തന്നെയാണ് കൊടുത്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയവും നിക്ഷിപ്ത താല്‍പ്പര്യങ്ങളും തന്‍പോരിമയും ചേര്‍ന്ന് ദുരിതമായിരിക്കുകയാണ്. പലര്‍ക്കും ഒന്നും കിട്ടിയിട്ടില്ല. എന്നാല്‍ ചിലര്‍ക്ക് ആവശ്യപ്പെടാതെ ലക്ഷങ്ങള്‍ കിട്ടാനുള്ള ശുപാര്‍ശകള്‍ നല്‍കിയിട്ടുമുണ്ട്!

വീടുകളുടെ അറ്റകുറ്റപ്പണിയും പുനര്‍നിര്‍മ്മിതിയുമടക്കം 50,000 കോടി രൂപ വേണമെന്ന് പ്രചരിപ്പിക്കുന്നു. അതുവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ പിരിച്ചെടുക്കുകയാണ് ലക്ഷ്യം. എന്നാല്‍ കേന്ദ്രത്തെ അറിയിച്ച കണക്കില്‍ 12477 വീടുകള്‍ക്കായി 499 കോടി വേണമെന്നാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പ്രളയകാലത്ത് ചില തീവെട്ടിക്കൊള്ളക്കാര്‍ നടത്തിയ ക്രൂരതകളുടെ മറുവശമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ളത്. ഇത് ചൂണ്ടിക്കാണിക്കുമ്പോള്‍ ഉറഞ്ഞു തുള്ളുകയാണ് ഭരണകൂടം. സ്ഥിതിഗതികള്‍ അനുദിനം വഷളായി പോകുമ്പോഴാണ് മുഖ്യമന്ത്രി തന്റെ വകുപ്പിന് നാഥനെ നിശ്ചയിക്കാതെ കടല്‍ കടന്നത്. മന്ത്രിസഭായോഗത്തില്‍ ആധ്യക്ഷ്യം വഹിക്കാന്‍ മാത്രം ഒരാളെ നിശ്ചയിച്ചതോടെ എല്ലാം ഭംഗിയായി എന്ന നിലപാടാവാം മുഖ്യമന്ത്രിക്കുള്ളത്.

വേണ്ടത്ര ജാഗ്രതാനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടും മുന്നൊരുക്കം നടത്താതെ നിസ്സംഗത പുലര്‍ത്തിയ സര്‍ക്കാരിനെ പ്രളയം ശരിക്കും വിഴുങ്ങുകയായിരുന്നു. എന്നിട്ടും ജാഗ്രതയോടെ സ്ഥിതിഗതികള്‍ കണ്ടില്ല എന്നത് എത്ര വലിയ പാതകമാണ്. വാര്‍ത്താസമ്മേളനവും പ്രസംഗവും നാട്ടുകാരെ കാണിക്കാനുള്ള ചെപ്പടിവിദ്യയുമല്ല ഭരണമെന്ന് ഇത്തരക്കാര്‍ എന്ന് തിരിച്ചറിയുമെന്ന് മനസ്സിലാവുന്നില്ല. വളഞ്ഞിട്ട് ഓഹരി പങ്കുവെക്കാനുള്ള കനകാവസരമായി പ്രളയത്തെ മാറ്റിയെടുത്ത് സംസ്ഥാനത്തെ ഒന്നാം നമ്പറാക്കാനാവാം ശ്രമിക്കുന്നത്. ഇതെല്ലാം നാട്ടുകാര്‍ കാണുന്നുണ്ടെന്ന് ഓര്‍ത്താല്‍ അവര്‍ക്ക് നന്ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.