പ്രകൃതിക്ഷോഭങ്ങളില്‍ കൈത്താങ്ങായി അമൃതയുടെ നൂതന ആപ്പ്

Wednesday 5 September 2018 1:27 am IST

കൊല്ലം:  പ്രകൃതിക്ഷോഭങ്ങളും മറ്റ് അത്യാഹിതങ്ങളും സംഭവിച്ചാല്‍ അതിജീവനത്തിന് അമൃതയുടെ അമൃതകൃപ ആപ്പ്. അമൃതപുരി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് ആന്‍ഡ് നെറ്റ്‌വര്‍ക്‌സ് വിഭാഗത്തിലെ ഗവേഷകരാണ് ഈ ആപ്പ് വികസിപ്പിച്ചത്. അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രത്യേക നിര്‍ദ്ദേശാനുസരണമാണ് ആപ്പ് വികസിപ്പിച്ചത്. 

പ്രകൃതിദുരന്തങ്ങളില്‍പ്പെടുന്ന ജനങ്ങളെയും രക്ഷാപ്രവര്‍ത്തകരേയും തടസങ്ങളില്ലാതെ പരസ്പരം ബന്ധിപ്പിക്കാന്‍ ഈ ആപ്പ് സഹായകമാകും. പ്രളയ സമയത്ത് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും അമൃതപുരി കാമ്പസില്‍ സജ്ജമാക്കിയ അമൃത ഹെല്‍പ്‌ലൈനിന്റെ പ്രവര്‍ത്തനത്തില്‍ ഈ ആപ്പ് വിജയകരമായി ഉപയോഗിച്ചിരുന്നു.  രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉടനടി അപായസന്ദേശം നല്‍കുവാനും സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഈ ആപ്പ് സഹായിക്കുന്നു. 

ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി  സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് രക്ഷാസഹായം, മെഡിക്കല്‍ സഹായം, ദുരിതാശ്വാസ സാമഗ്രികളുടെ ലഭ്യത തുടങ്ങി വിവിധ സേവനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടാകും. 

ഇപ്പോള്‍ മലയാളത്തിലും, ഇംഗ്ലീഷിലും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വൈകാതെ ലോകത്തിലെ ഇതരഭാഷകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അമൃതയിലെ ഗവേഷകര്‍ അറിയിച്ചു. സ്മാര്‍ട്ട് ഫോണ്‍ മുഖേന ദുരന്ത ബാധിതരേയും രക്ഷാപ്രവര്‍ത്തകരേയും കൃത്യമായി ബന്ധിപ്പിക്കാന്‍ ഈ ആപ്പിലൂടെ കഴിയും. 

പ്രകൃതി ദുരന്തങ്ങളില്‍  ജനങ്ങള്‍ക്ക്  രക്ഷാകവചമാകാന്‍ ഈ ആപ്പിന് സാധിക്കുമെന്നും അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്‌സ് ഡയറക്ടര്‍  ഡോ. മനീഷാ സുധീര്‍, പ്രൊഫ സേതുരാമന്‍ റാവു, രമേശ് ഗുപ്ത എന്നിവര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.