ലണ്ടന്‍: അണ്ടര്‍ -19 ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിച്ച ക്യാപ്റ്റന്‍ പൃഥ്വി ഷാ വെള്ളിയാഴ്ച ഓവലില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ പരമ്പരയിലുടനീളം മോശം പ്രകടനം കാഴ്ചവെച്ച സാഹചര്യത്തില്‍ പൃഥ്വി ഷായെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
ആദ്യ നാല് ടെസ്റ്റ് കളിച്ച രാഹുല്‍ ഇംഗ്ലീഷ് ബൗളര്‍മാരെ നേരിടുന്നതില്‍ പരാജയപ്പെട്ടു. തുടര്‍ച്ചയായി നിരാശപ്പെടുത്തിയ രാഹുലിനെ അഞ്ചാം ടെസ്റ്റില്‍ പുറത്തിരുത്തും. പകരം പൃഥ്വി ഷാക്ക് അവസരം നല്‍കും.
സതാംപ്റ്റണിലെ നാലാം ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടിലെത്തിയ പൃഥ്വി ഷാ ഇംഗ്ലണ്ടില്‍ കഠിന പരിശീലനത്തിലാണ്. പതിനാല് ഒന്നാം ക്ലാസ് മത്സരങ്ങിലേ ഷാ കളിച്ചിട്ടുള്ളൂ.
പരിക്കേറ്റ് സ്പിന്നര്‍ ആര്. അശ്വിനെയും അഞ്ചാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും. പരിശീലനത്തിനിടയ്ക്കാണ് പരിക്കേറ്റത്. അശ്വിനെ തഴഞ്ഞാല്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: