ഫെഡറര്‍ വീണു; സിലിച്ച്, ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Wednesday 5 September 2018 1:32 am IST

ന്യൂയോര്‍ക്ക്: അഞ്ചുതവണ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായി. അതേസമയം മുന്‍ ചാമ്പ്യന്‍ മാരിന്‍ സിലിച്ച്, നൊവാക് ദ്യോക്കോവിച്ച് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ഓസ്‌ട്രേലിയയുടെ ലോക അമ്പത്തിയഞ്ചാം നമ്പര്‍ താരം ജോണ്‍ മില്‍മാനാണ് ഫെഡററെ നാലാം റൗണ്ടില്‍ അട്ടിമറിച്ചത്. നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലാണ് മില്‍മാന്‍ ഫെഡററെ വീഴ്ത്തിയത്. സ്‌കോര്‍ 3-6, 7-5, 7-6 (9-7), 7-6 (7-3). മത്സരം മൂന്ന് മണിക്കൂറും മുപ്പത്തിയഞ്ച് മിനിറ്റും നീണ്ടു.

ഫെഡററുടെ കരിയറില്‍ ഇതാദ്യമായാണ് അമ്പതാം റാങ്കിങ്ങിന് പുറത്തുള്ള ഒരു കളിക്കാരനോട് തോല്‍ക്കുന്നത്. പതിനാല് തവണ യുഎസ് ഓപ്പണില്‍ മത്സരിക്കുന്ന ഫെഡറര്‍ ഇത് രണ്ടാം തവണയാണ് ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പ് പുറത്താകുന്നത്. യുഎസ് ഓപ്പണില്‍ അഞ്ചു തവണ ചാമ്പ്യനായ ഈ സ്വിസ് താരം ഇതുവരെ ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്്.

ജോണ്‍ മില്‍മാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ചിനെ നേരിടും. ദ്യോക്കോവിച്ച് നാലാം റൗണ്ടില്‍ സീഡ് ചെയ്യപ്പെടാത്ത ജാവോ സൗസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 6-4, 6-3.

2014 ലെ റണ്ണേഴ്‌സ് അപ്പായ കീ നിഷികോരിയും ക്വാര്‍ട്ടറില്‍ കടന്നു. ജര്‍മനിയുടെ ഫിലിപ്പ് കോള്‍ഷീബറെ അനായാസം തോല്‍പ്പിച്ചാണ് നിഷികോറി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 6-3, 6-2, 7-5.

2014 ലെ ഫൈനലില്‍ നിഷികോറിയ തോല്‍പ്പിച്ച് കിരീടമണിഞ്ഞ മാരിന്‍ സിലിച്ചാണ് ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനലിലെ നിഷികോറിയുടെ എതിരാളി. സിലിച്ച് നാലാം റൗണ്ടില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ്ഏ ഗോഫിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 7-6 (8-6), 6-2, 6-4.

സ്ലോവാക്യയുടെ ഡൊമിനിക ചിബുല്‍ക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് പതിനാലാം സീഡായ മാഡിസണ്‍ കീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ 6-1, 6-3.

അതേമസയം റഷ്യയുടെ മരിയ ഷറപ്പോവ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. സ്‌പെയിനിന്റെ കാര്‍ള സുവാരസ് നവാരോയാണ് ഷറപ്പോവയെ തകര്‍ത്തുവിട്ടത്. സ്‌കോര്‍ 6-4, 6-3.

ജപ്പാന്റെ നവോമി ഒസാക്ക ഇതാദ്യമായി യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരുപതാം സീഡായ ഒസാക്ക നാലാം റൗണ്ടില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് അര്യന സബലങ്കയെ തോല്‍പ്പിച്ചു. സ്‌കേര്‍ 6-3, 2-6, 6-4.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.