ശശിയെ രക്ഷിക്കാന്‍ ശ്രമിച്ചത് വൃന്ദ കാരാട്ട്

Wednesday 5 September 2018 1:34 am IST
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുവതി ഇമെയില്‍ വഴി തിങ്കളാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന അവൈലബിള്‍ പി.ബി യോഗത്തില്‍ യെച്ചൂരി വിഷയം അവതരിപ്പിച്ചപ്പോള്‍ പരാതിക്കാര്യം മറച്ചുവെയ്ക്കാനാണ് വൃന്ദ ശ്രമിച്ചത്. തനിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് ബൃന്ദ കാരാട്ട് കള്ളം പറഞ്ഞു. പ്രകാശ് കാരാട്ടും വൃന്ദയ്ക്കും പി.കെ ശശിയ്ക്കും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ന്യൂദല്‍ഹി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിയെ സ്ത്രീപീഡന കേസില്‍ നിന്ന് രക്ഷിക്കാനുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നീക്കം പാളി. കഴിഞ്ഞ മാസം 14ന് പരാതിക്കാരി വൃന്ദ കാരാട്ടിന് നേരിട്ട് പരാതി അയച്ചിട്ടും പരാതി മൂടിവെക്കാനാണ് വൃന്ദ ശ്രമിച്ചത്. വൃന്ദയ്ക്ക് പരാതി ലഭിച്ച ശേഷം പത്തിലേറെ തവണ അവൈലബിള്‍ പി.ബി ചേര്‍ന്നെങ്കിലും പിബിക്ക് മുന്നില്‍ പരാതി അവതരിപ്പിക്കാന്‍ വൃന്ദ തയ്യാറായില്ല. വലിയ സംഘടനാ വീഴ്ചയും ഗൂഢാലോചനയുമാണ് വൃന്ദ കാരാട്ടിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.  

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുവതി ഇമെയില്‍ വഴി തിങ്കളാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന അവൈലബിള്‍ പി.ബി യോഗത്തില്‍ യെച്ചൂരി വിഷയം അവതരിപ്പിച്ചപ്പോള്‍ പരാതിക്കാര്യം മറച്ചുവെയ്ക്കാനാണ് വൃന്ദ ശ്രമിച്ചത്. തനിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് ബൃന്ദ കാരാട്ട് കള്ളം പറഞ്ഞു. പ്രകാശ് കാരാട്ടും വൃന്ദയ്ക്കും പി.കെ ശശിയ്ക്കും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 

സിപിഎം കേരളാ ഘടകത്തിലെ എല്ലാ നേതാക്കള്‍ക്കും ദിവസങ്ങളായി ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെപ്പറ്റി അറിയാമായിരുന്നെങ്കിലും എല്ലാവരും പരാതി മൂടിവെയ്ക്കാനാണ് ശ്രമിച്ചത്. വന്‍ തുക ഓഫര്‍ നല്‍കിയും പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാനും പാര്‍ട്ടി കേന്ദ്രങ്ങള്‍ ശ്രമിച്ചു. ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ പരാതി മൂടിവെച്ചതോടെയാണ് അവസാന ആശ്രയമെന്ന നിലയില്‍ പെണ്‍കുട്ടി വൃന്ദ കാരാട്ടിന് നേരിട്ട് പരാതി നല്‍കിയത്. 

സ്ത്രീകളുടെ സുരക്ഷയ്ക്കായി നിരന്തരം പോരാടുന്നു എന്നവകാശപ്പെടുന്ന ബൃന്ദ കാരാട്ട് പരാതി പൂഴ്ത്തിവെച്ച വാര്‍ത്ത പുറത്തുവന്നത് പാര്‍ട്ടി കേന്ദ്രങ്ങളെ നാണക്കേടിലാക്കി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജനാധിപത്യമഹിളാ അസോസിയേഷന്‍ ദല്‍ഹിയില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങവേ വൃന്ദ കാരാട്ടിനോട് പരാതി പൂഴ്ത്തിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കി. 

ജില്ലാ തലം മുതല്‍ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് വരെ യുവതി അയച്ച പരാതികള്‍ മുക്കിയെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പരാതിയിലെ അപകടം മനസ്സിലാക്കി പിബിയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കാന്‍ സംസ്ഥാന സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യെച്ചൂരി പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.