പമ്പ ത്രിവേണിയിലെ പാലങ്ങള്‍ സുരക്ഷിതം; ബെയ്‌ലി പാലം വേണ്ടിവരില്ല

Wednesday 5 September 2018 1:35 am IST

പത്തനംതിട്ട: പമ്പ ത്രിവേണിയില്‍ വീണ്ടെടുക്കാനായ പാലങ്ങള്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനാല്‍ ബെയ്‌ലി പാലം വേണ്ടിവരില്ല. മഹാപ്രളയത്തില്‍ മൂടിപ്പോയ മണ്ണ് നീക്കം ചെയ്ത് കണ്ടെത്തിയ ത്രിവേണിപ്പാലം ഇന്നലെ ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പാലങ്ങള്‍ സുരക്ഷിതമാണെന്നാണ് ഇവര്‍ പറഞ്ഞത്.  ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ദിവസം ദേവസ്വം ബോര്‍ഡിന് സമര്‍പ്പിക്കും. 

 പ്രളയത്തില്‍  പാലങ്ങള്‍ കുത്തിയൊലിച്ച് പോയെന്നായിരുന്നു ആദ്യധാരണ. തുടര്‍ന്നാണ് ഹില്‍ടോപ്പില്‍ നിന്ന് ഗണപതി കോവിലിലേക്ക്  സൈനിക പാലം നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് സാദ്ധ്യത തേടിയത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് നിയോഗിച്ച 300ഓളം തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിലാണ് മണ്ണടിഞ്ഞുകൂടിയ പാലങ്ങള്‍ കണ്ടെത്തി മണ്ണ് നീക്കിയത്. 

കന്നിമാസ പൂജയ്ക്കായി നടതുറക്കുമ്പോള്‍ തീര്‍ത്ഥാടകരെ കടത്തിവിടാനുള്ള താത്ക്കാലിക സംവിധാനങ്ങള്‍ ഒരുക്കാനാണ് ശ്രമം. പാലങ്ങള്‍ വീണ്ടെടുക്കാനായതോടെ വലിയ ആശങ്കയും ഒഴിവായി. പ്രളയത്തില്‍ ഗതിമാറി പമ്പ മണല്‍പ്പുറത്തുകൂടി ഒഴുകുന്നതാണ് മറ്റൊരു പ്രതിസന്ധി. നേരത്തേ ത്രിവേണി പാലത്തില്‍ നിന്ന് തീര്‍ത്ഥാടകര്‍ ഇറങ്ങുന്നത് പമ്പാ മണല്‍പ്പുറത്തേക്കായിരുന്നു. ഈ മണല്‍പ്പുറത്തുകൂടിയാണ് നദി ഇപ്പോള്‍ ഒഴുകുന്നത്. ഈ ഭാഗത്ത് കല്ലുകള്‍ അടുക്കിയും മണല്‍ച്ചാക്കുകള്‍ നിരത്തിയും തകര്‍ന്നുപോയ രാമമൂര്‍ത്തി മണ്ഡപത്തിനടുത്തേക്ക്  അയ്യപ്പസേതു എന്ന പേരില്‍ താത്ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് തകര്‍ന്ന കെട്ടിടങ്ങളുടെ ഇടയിലൂടെ പമ്പ ഗണപതി ക്ഷേത്രത്തിലെത്താം. 

പാലത്തിലൂടെ എത്തുന്ന ട്രാക്ടറുകള്‍ക്കും മറുകരയെത്തി പഴയ ശുചിമുറികളുടെ പിന്നിലൂടെ സന്നിധാനത്തേക്ക് പോകാം. പമ്പയിലെ വൈദ്യുതി വിതരണവും തെരുവുവിളക്കുകളും ജലവിതരണ സംവിധാനങ്ങളും പൂര്‍ണമായും തകരുകയും രാമമൂര്‍ത്തി മണ്ഡപം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ നിലംപതിക്കുകയും  ചെയ്തിരുന്നു. ഇതിന് പുറമേ പമ്പയിലെ ആശുപത്രിയുടെ ഒന്നാം നിലയുടെ മുക്കാല്‍ ഭാഗത്തോളം മണ്ണ് നിറഞ്ഞ അവസ്ഥയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.