കള്ളക്കണക്കിന് മൃഗങ്ങളേയും കൂട്ടി

Wednesday 5 September 2018 1:30 am IST
46,000 ത്തിലധികം കന്നുകാലികള്‍ ചത്തതായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി നല്‍കിയ നിവേദനത്തില്‍ പറഞ്ഞത്. ആഗസ്റ്റ് 18 ന് പ്രധാനമന്ത്രി എത്തിയപ്പോള്‍ കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു മൃഗങ്ങളുടെ സഖ്യ നിരത്തിയത്്.

തിരുവനന്തപുരം:  പ്രളയദുരിതത്തിന്റെ  പേരില്‍ കൂടുതല്‍ കേന്ദ്ര ധനസഹായം കിട്ടാന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കള്ളക്കണക്കില്‍ റോഡുകളുടേയും പാലങ്ങളുടേയും കൃഷിയുടേയും മാത്രമല്ല മൃഗങ്ങളുടേയും സംഖ്യ പെരുപ്പിച്ചുകാട്ടി.

46,000 ത്തിലധികം കന്നുകാലികള്‍ ചത്തതായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി നല്‍കിയ നിവേദനത്തില്‍ പറഞ്ഞത്. ആഗസ്റ്റ് 18 ന് പ്രധാനമന്ത്രി എത്തിയപ്പോള്‍  കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു മൃഗങ്ങളുടെ സഖ്യ നിരത്തിയത്്.രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും മരിച്ചതായി കണക്കിലുണ്ടായിരുന്നു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു എന്ന കണക്കിനൊപ്പമാണ് 46,000 ത്തിലധികം കന്നുകാലികളുടെ കണക്ക് പറഞ്ഞത്.

പ്രധാനമന്ത്രി പോയ ശേഷമാണ് മഹാപ്രളയം വന്നത്്. സര്‍ക്കാര്‍ കണക്ക് പ്രകാരം 12,477 വീടുകള്‍ പൂര്‍ണ്ണമായും 82,853 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതനുസരിച്ച് രണ്ടു ലക്ഷം മൃഗങ്ങളെങ്കിലും മരിക്കേണ്ടതാണ്. പ്രളയത്തില്‍ മരിച്ച മൃഗങ്ങളുടെ ശവശരീരങ്ങള്‍ മറവ് ചെയ്യുന്നത് പൂര്‍ത്തിയായി എന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്് 3,766 വലിയ മൃഗങ്ങള്‍ ഉള്‍പ്പെടെ 22,298 മൃഗങ്ങള്‍ ചത്തുവെന്നും  കുറച്ചു മൃഗങ്ങള്‍ ഒഴുകിപ്പോയെന്നുമാണ്. ഇതെല്ലാം കൂട്ടിയാലും  പ്രധാനമന്ത്രിയോട് പറഞ്ഞതിന്റെ പകുതിയേ വരു.

കൃഷിയുടെ കാര്യത്തിലും പൊരുത്തപ്പെടാത്ത കണക്കാണ് പ്രധാനമന്ത്രിക്ക് നല്‍കിയത്്. 40,000 ഹെക്ടറിലധികം കൃഷി നശിച്ചുവെന്നും അതിനനുസരിച്ച് ധനസഹായം വേണമെന്നുമായിരുന്നു ആവശ്യം. അത് ആദ്യത്തെ കണക്ക്.  അതിനുശേഷം മഹാ പ്രളയം ഉണ്ടായി വന്‍ നാശം വിതച്ചിട്ടും കൃഷിവകുപ്പ് കണക്കെടുത്തപ്പോള്‍ കൃഷി നഷ്ടം 56,439 ഹെക്ടറില്‍ മാത്രം. 1345 കോടിയുടെ നഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കിയത്്. പ്രളയം മൂന്നിലൊന്നാകും മുന്‍പ് പ്രധാനമന്ത്രിക്ക്് നല്‍കിയ കണക്കില്‍ രണ്ടായിരം കോടിയിലധികം രൂപയുടെ കൃഷിനാശവും. എത്ര ഉത്തരവാദിത്വ രഹിതമായും അലക്ഷ്യമായിട്ടുമാണ് കേരളം റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് എന്നതിന്റെ കൃത്യമായ  തെളിവാണ് പ്രധാനമന്ത്രിക്ക് നേരിട്ടു നല്‍കിയ നിവേദനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.