പ്രളയ ദുരിതാശ്വാസം: ഐസക്ക് ഒറ്റപ്പെടുന്നു

Wednesday 5 September 2018 1:36 am IST

ആലപ്പുഴ: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകല്‍ വിവാദമായതോടെ ധനമന്ത്രി തോമസ് ഐസക്ക് പാര്‍ട്ടിയിലും മുന്നണിയിലും  ഒറ്റപ്പെടുന്നു. പിണറായി സര്‍ക്കാരിന്റെ തുടക്കകാലം മുതല്‍ തന്നെ ഐസക്കിനെതിരായ നീക്കം പാര്‍ട്ടിയിലും മന്ത്രിസഭയിലും ശക്തമായിരുന്നു. ധനമന്ത്രിക്കു മുകളില്‍ ഗീത ഗോപിനാഥിനെ ഉപദേഷ്ടാവായി നിയമിച്ചതു മുതല്‍ മുഖ്യമന്ത്രിക്ക് ഐസക്കിനോടുള്ള അപ്രീതി വ്യക്തമായിരുന്നു.

  പിന്നീട് നോട്ട് അസാധുവാക്കല്‍, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിലും സര്‍ക്കാരും ഐസക്കും രണ്ടു തട്ടിലായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിപ്പിനെ പോലും അട്ടിമറിക്കുന്നതായിരുന്നു ഐസക്കിന്റെ പ്രവൃത്തികളെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

  പ്രളയ ദുരിതാശ്വാസ നടപടികളുടെ ചുമതലയുള്ള മന്ത്രിസഭാ ഉപസമിതിയില്‍ നിന്നും നീക്കിയതിനു പിന്നാലെയാണ് പിണറായി പക്ഷത്തെ കരുത്തനായ മന്ത്രി ജി. സുധാകരന്‍ ഐസക്കിനെതിരെ തുറന്ന വിമര്‍ശനം അഴിച്ചുവിട്ടത്. കുട്ടനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സ്വന്തം താത്പര്യസംരക്ഷണത്തിനായി ഐസക് അട്ടിമറിക്കുന്നുവെന്നാണ് ആരോപണം.

  പാടശേഖരങ്ങളിലെ പമ്പിങ് വൈകുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുധാകരന്‍ തുറന്നടിച്ചതോടെ ഐസക്കിന്റെ നില പരുങ്ങലിലായി. സുധാകരനെ പിന്തുണച്ച് മന്ത്രി വി.എസ്. സുനില്‍കുമാറും പരസ്യനിലപാട് സ്വീകരിച്ചതോടെ ഐസക്ക് വെട്ടിലായി. മന്ത്രി ജി. സുധാകരന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നും കുട്ടനാട്ടിലെ പമ്പിങ് കാര്യക്ഷമമല്ലെന്നുമാണ് സുനില്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

  പമ്പിങ് നടത്താന്‍ പാടശേഖര സമിതികള്‍ക്ക് പണം മുന്‍കൂറായി നല്‍കിയത് കൂടിയാലോചനകള്‍ പോലും ഇല്ലാതെ ആയിരുന്നുവെന്നും വിമര്‍ശനമുണ്ട്. കുട്ടനാട്ടില്‍ ആദ്യം വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ തോമസ് ഐസക്ക് തിരിഞ്ഞുനോക്കാന്‍ തയാറായിരുന്നില്ല.  വൈകിയാണെങ്കിലും മന്ത്രി ജി. സുധാകരനാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഇരുമന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ രണ്ടു വഴിക്കായിരുന്നു. ആലപ്പുഴ ജില്ലയുടെ ചുമതലക്കാരനായ മന്ത്രി ജി. സുധാകരനെ കടത്തിവെട്ടി പ്രഖ്യാപനങ്ങള്‍ നടത്തുന്നതിലായിരുന്നു ഐസക്കിന്റെ മിടുക്ക്. ക്യാമ്പ് വിട്ടുമടങ്ങുമ്പോള്‍ 10,000 രൂപയും അവശ്യസാധനങ്ങളുടെ കിറ്റും നല്‍കുമെന്നതടക്കമുള്ള ഐസക്കിന്റെ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പായിട്ടുമില്ല.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.