സൂപ്പര്‍ മുഖ്യമന്ത്രി ജയരാജന്‍; ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി

Wednesday 5 September 2018 1:37 am IST

കൊച്ചി: 'സൂപ്പര്‍ മുഖ്യമന്ത്രി' ഇ.പി. ജയരാജന്‍, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി. കേരള പബ്ലിക് സെക്ടര്‍ റി സ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) ചെയര്‍മാനും വ്യവസായ അഡ്മിനിസ്‌ട്രേഷന്‍ സ്‌പെഷല്‍ സെക്രട്ടറിയുമായിരുന്ന ഡോ. എം.പി. സുകുമാരന്‍ നായരെയാണ് പുറത്താക്കിയത്. ജയരാജന് മന്ത്രിസ്ഥാനം തെറിക്കാന്‍ ഇടയാക്കിയ ബന്ധുനിയമനം കണ്ടുപിടിച്ചതും തടഞ്ഞതും സുകുമാരന്‍ നായരായിരുന്നു. ഇതുള്‍പ്പെടെ പല കാരണങ്ങളും പുറത്താക്കലിനുണ്ട്. 

തിങ്കളാഴ്ച, തലസ്ഥാനത്ത്, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍,  ഡോ. സുകുമാരന്‍ നായരെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തിലെ സൂപ്പര്‍ മുഖ്യമന്ത്രിയെന്ന ഭാവത്തിലായിരുന്നു പെരുമാറ്റം. സര്‍ക്കാരിന്, റിയാബ് പുനസ്സംഘടിപ്പിക്കണമെന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഞാന്‍ തുടരുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഒഴിയാന്‍ സന്നദ്ധനാണെന്ന് സുകുമാരന്‍ നായരും പറഞ്ഞു. തുടര്‍ന്ന് രാജിവെച്ചൊഴിയാനുള്ള അവസരം കൊടുക്കാതെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സെക്രട്ടറി സ്ഥാനത്തുനിന്നും സുകുമാരന്‍ നായരെ ഒഴിവാക്കുകയായിരുന്നു.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്റെ പ്രത്യേക ഉപദേശകനായിരുന്നു. വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രി പിണറായിക്കും ഉപദേശം നല്‍കുന്നതും സുകുമാരന്‍ നായരായിരുന്നു. മന്ത്രി തോമസ് ഐസക്കുമായുള്ള അടുപ്പവും നയ-നിലപാടുകളിലെ കടും പിടുത്തവും സര്‍ക്കാരില്‍ ചിലര്‍ക്ക് സുകുമാരന്‍ നായരോട് എതിര്‍പ്പുണ്ടാക്കിയിരുന്നു. കേരള പുനര്‍നിര്‍മാണ പരിപാടിയില്‍ സുകുമാരന്‍ നായര്‍ ചില കര്‍ശന നിര്‍ദ്ദേശങ്ങള്‍ വെച്ചിരുന്നതും ചിലര്‍ക്ക് പിടിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് 'സൂപ്പര്‍ മുഖ്യമന്ത്രി' ചമഞ്ഞ് മന്ത്രി ജയരാജന്റെ നടപടി. 

ഏറെ പ്രധാനപ്പെട്ട പദവിയാണ് റിയാബ് ചെയര്‍മാന്‍ സ്ഥാനം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫണ്ടുവിനിയോഗത്തിന്റെ പൂര്‍ണ നിയന്ത്രണം ഉള്‍പ്പെടെ ഇദ്ദേഹമറിഞ്ഞേ നടക്കൂ. ഈ സാഹചര്യത്തിലാണ് പുറത്താക്കല്‍. ഈ മാസംതന്നെ, സുകുമാരന്‍ നായര്‍ ആള്‍ ഇന്ത്യാ എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ തലപ്പത്ത് ചുമതലയേല്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.