ധനമന്ത്രി മുഖ്യമന്ത്രിയുടെ റോള്‍ എടുക്കുന്നു; ബാലനും ഭിന്ന സ്വരം

Wednesday 5 September 2018 1:39 am IST
മുഖ്യമന്ത്രിയുടെ 'റോള്‍' മന്ത്രി തോമസ് ഐസക് ഏറ്റെടുക്കുന്ന തരത്തിലാണ് നീക്കങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് ചര്‍ച്ചചെയ്യാന്‍ ഐസക്ക് സര്‍വീസ് സംഘടനകളുടെ യോഗം ഇന്നലെ വിളിച്ചുകൂട്ടി. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതിനു ശേഷമാണ് യോഗം വിളിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. അടിയന്തര യോഗം എന്ന നിലയില്‍ സര്‍വീസ് സംഘടനകള്‍ക്ക് അറിയിപ്പ് നല്‍കുകയായിരുന്നു. ഇത്തരത്തില്‍ അറിയിപ്പ് ആദ്യമെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ മന്ത്രിസഭയില്‍ കടുത്ത പോര്. മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന്‍ ഇല്ലാതെ  തോമസ് ഐസക് സര്‍വീസ് സംഘടനകളുടെ യോഗം ചേര്‍ന്നു. ഇത് മറികടക്കാന്‍  പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മന്ത്രിസഭാ ഉപ സമിതിയോഗം ഇ.പി.ജയരാജനും വിളിച്ചു ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ 'റോള്‍' മന്ത്രി തോമസ് ഐസക് ഏറ്റെടുക്കുന്ന തരത്തിലാണ് നീക്കങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരുടെ  ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് ചര്‍ച്ചചെയ്യാന്‍ ഐസക്ക്  സര്‍വീസ് സംഘടനകളുടെ യോഗം  ഇന്നലെ വിളിച്ചുകൂട്ടി. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതിനു ശേഷമാണ് യോഗം വിളിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.  അടിയന്തര യോഗം എന്ന നിലയില്‍  സര്‍വീസ് സംഘടനകള്‍ക്ക്  അറിയിപ്പ് നല്‍കുകയായിരുന്നു. ഇത്തരത്തില്‍ അറിയിപ്പ് ആദ്യമെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ യോഗത്തില്‍ പ്രധാനമായും പങ്കെടുക്കേണ്ട മന്ത്രിസഭയിലെ രണ്ടാമന്‍ ഇ.പി.ജയരാജന്‍  പങ്കെടുത്തതുമില്ല.  എന്നാല്‍ ഇതേ സമയം അദ്ദേഹം മന്ത്രിസഭാ ഉപസമതി യോഗം ചേരുക ഉണ്ടായി.

  മന്ത്രിസഭാ ഉപസമിതിയില്‍ പ്രധാനമായും ധനമന്ത്രിയെ ഉള്‍പ്പെടുത്തേണ്ടതുണ്ട.് എന്നാല്‍ ഉള്‍പ്പെടുത്തിയതാകട്ടെ വ്യവസായ മന്ത്രി ഇ.പി.ജയരാജനെയും. അതിനാല്‍ കടുത്ത നീരസത്തിലാണ് ഐസക്ക്. 

മുഖ്യമന്ത്രിയുടെ അഭാവം മുതലെടുത്ത് ഐസക്

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന ദുരിതാശ്വാസ ലോട്ടറിയുടെ ഉദ്ഘാടനത്തിലും മന്ത്രി ജയരാജന്‍ ഉണ്ടായിരുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തലയ്ക്ക്  ലോട്ടറി നല്‍കിയാണ് ധനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മുഖ്യമന്ത്രി സ്ഥലത്ത് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ ലോട്ടറിയുടെ ഉദ്ഘാടനം നടക്കുയുള്ളൂ. വേദയില്‍ കോണ്‍ഗ്രസ് നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫിലെ മന്ത്രിമാരും പങ്കെടുക്കണമെന്ന ചെന്നിത്തല അഭ്യര്‍ഥന നടത്തിയപ്പോള്‍ ഐസക്ക് സമ്മതം മൂളുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്ത മന്ത്രി ജി.സുധാകരനും ഐസക്കും തമ്മില്‍ കുട്ടനാട്ടില്‍ ശുചീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പരസ്യമായി വേദിയില്‍ വച്ച് കൊമ്പു കോര്‍ക്കുകയും ചെയ്തു. 

മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോള്‍ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രധാന യോഗങ്ങളിലൊന്നും ഐസക്കിനെ പങ്കെടുപ്പിച്ചിരുന്നില്ല.  മുഖ്യമന്ത്രിയും ഇ.പി.ജയരാജനും, റവന്യൂ മന്ത്രി ഇ.പി.ചന്ദ്രശേഖരനും ചേര്‍ന്നായിരുന്നു പല നിര്‍ണായക തീരുമാനങ്ങളു എടുത്തിരുന്നത്.  മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതോടെ കണക്ക് തീര്‍ത്ത് തന്റേതായ നിലയില്‍ മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് തോമസ് ഐസക്. 

ചലച്ചിത്രോത്സവം ഒഴിവാക്കലില്‍ ബാലന്‍ ഇടയുന്നു

ഇതിനിടയില്‍ മന്ത്രി എ. കെ. ബാലനും ഇടഞ്ഞു. പ്രളയദുരന്തത്തെ തുടര്‍ന്ന് ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട് ചലച്ചിത്രോത്സവവും കലോത്സവങ്ങളും വേണ്ടെന്ന് പൊതു ഭരണവകുപ്പ് ഉത്തരവ് ഇറക്കി. എന്നാല്‍ ചലച്ചിത്രോത്സവം ഒഴിവാക്കാനാകില്ലെന്ന് ബാലന്‍ തുറന്നടിച്ചു. മന്ത്രി ഇ.പി.ജയരാജന്‍ അറിയാതെ പൊതുഭരണവകുപ്പ് സെക്രട്ടറി ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കില്ലെന്ന് ബാലന് അറിയാം. മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ബാലന്‍, ജയരാജന്റെ വരവോടെ ഒമ്പതാമനായി. ബാലന്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നതും ഇതിനാലാണ്.  ബാലന്റെ അഭിപ്രായത്തിന് വിരുദ്ധമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിന്റേത്. ആഘോഷങ്ങള്‍ ഒഴിവാക്കുന്നത് പൊതു താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലെന്നാണ് മന്ത്രിയുടെ അഭിപ്രായം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.