സിപിഎം എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി

Wednesday 5 September 2018 2:57 am IST
ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാകമ്മിറ്റി അംഗമായ വനിതാനേതാവാണ് നീതി തേടി സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ആഗസ്റ്റ് പതിനാലിനാണ് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ യുവതി സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ വൃന്ദാ കാരാട്ടിനും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയത്.

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ പികെ ശശി ലൈംഗികമായി പീഡിപ്പിച്ചതായി    ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി. പരാതി  ഒതുക്കാന്‍  ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നതസ്ഥാനവും വാഗ്ദാനം ചെയ്തതായും  വനിതാ നേതാവ് വെളിപ്പെടുത്തി. 

 ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാകമ്മിറ്റി അംഗമായ വനിതാനേതാവാണ് നീതി തേടി സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ആഗസ്റ്റ് പതിനാലിനാണ് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ  യുവതി സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ വൃന്ദാ കാരാട്ടിനും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയത്. 

മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റി ഓഫീസില്‍ വച്ച് തന്നെ അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ജില്ലാ നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ എംഎല്‍എയില്‍ നിന്ന് മാറിനടക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചത്. 

ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. സംഭാഷണങ്ങളുടെ ഓഡിയോ ക്‌ളിപ്പ് കൈയിലുണ്ടെന്നും പരാതിക്കാരി നേതൃത്വത്തെ അറിയിച്ചു. സംഭവം പുറത്താകുമെന്നായതോടെ തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.

 ദിവസങ്ങളായിട്ടും നടപടിയുണ്ടാവാത്തതിനാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കഴിഞ്ഞദിവസം പരാതി  ഇമെയില്‍ ചെയ്തു. തുടര്‍ന്ന്  എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കാനും അന്വേഷിച്ച് നടപടിയെടുക്കാനും കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് നിര്‍ദേശിച്ചു. എംഎല്‍എക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.