നാട് പ്രളയക്കെടുതിയില്‍; സിപിഎമ്മില്‍ പീഡനപ്പോര്

Wednesday 5 September 2018 2:59 am IST
ഷൊര്‍ണൂരിലെ സിപിഎം എംഎല്‍എ പി.കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവു നല്‍കിയ പരാതി മുക്കാന്‍, അറിയപ്പെടുന്ന സ്ത്രീ സംരക്ഷകയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ വൃന്ദ കാരാട്ട് ശ്രമിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടല്‍ കാര്യങ്ങള്‍ മാറ്റി മറിച്ചു.

ന്യൂദല്‍ഹി:  പ്രളയത്തെ അതിജീവിക്കാനുള്ള കടുത്ത പരിശ്രമത്തില്‍ കേരളത്തിലെ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ലൈംഗിക പീഡന ആരോപണത്തെ അതിജീവിക്കാനുള്ള നാണംകെട്ട നീക്കത്തില്‍ ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമായി. ഷൊര്‍ണൂരിലെ സിപിഎം എംഎല്‍എ പി.കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവു നല്‍കിയ പരാതി മുക്കാന്‍, അറിയപ്പെടുന്ന സ്ത്രീ സംരക്ഷകയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ വൃന്ദ കാരാട്ട് ശ്രമിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടല്‍ കാര്യങ്ങള്‍ മാറ്റി മറിച്ചു. ഒരു ഘട്ടത്തില്‍ യെച്ചൂരിയും പിബിയിലെ മറ്റംഗങ്ങളും രണ്ടു തട്ടിലാണെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടായി. ശശി പ്രശ്‌നത്തില്‍ പാര്‍ട്ടിയില്‍ തമ്മിലടിക്കുള്ള എല്ലാ സാധ്യതകളും ഇന്നത്തെ നീക്കങ്ങളില്‍ പ്രകടമാണ്. 

ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ മൂടിവെക്കാന്‍ ശ്രമിച്ച പീഡന പരാതിയില്‍ നടപടിയെടുക്കാനാണ് സിപിഎം കേന്ദ്ര നേതൃത്വം നിര്‍ബന്ധിതമായത്. പാര്‍ട്ടി ഓഫീസിനുള്ളില്‍ വെച്ച് എംഎല്‍എ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുള്ള ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗമായ യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. 

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോയുടേതാണ് തീരുമാനം. എന്നാല്‍ യുവതിയുടെ പരാതി പോലീസിന് കൈമാറേണ്ടതില്ലെന്നാണ് പിബി തീരുമാനം. പോലീസ് അന്വേഷണം വേണ്ടെന്നും പാര്‍ട്ടി അന്വേഷിച്ചാല്‍ മതിയെന്നുമുള്ള കേരളാഘടകത്തിന്റെ തീരുമാനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിബിയെ അറിയിച്ചതോടെയാണിത്.

 കേന്ദ്രകമ്മിറ്റി അംഗങ്ങളായ മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എം.പി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിബി യോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍ദേശം നല്‍കി. പി.കെ ശശി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതടക്കമുള്ള ശബ്ദസന്ദേശങ്ങള്‍ പരാതിക്കാരി പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു ദിവസം മുപ്പതിലേറെ തവണ യുവതിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. പാര്‍ട്ടി അന്വേഷണ കമ്മീഷന് മുന്നില്‍ യുവതി പരാതി ആവര്‍ത്തിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുന്നതും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതും അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിപിഎം നിര്‍ബന്ധിതമാകും. അനുരഞ്ജന നീക്കങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വം ശക്തമാക്കിയിട്ടുണ്ട്. യുവതി പോലീസിന് പരാതി നല്‍കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന ഭയത്തിലാണ് സിപിഎം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.