മഴ മാറിയിട്ടും മലയോരത്ത് ഭീതിയൊഴിയുന്നില്ല

Wednesday 5 September 2018 4:33 pm IST

 

കണ്ണൂര്‍: ജില്ലയില്‍ മഴ പൂര്‍ണ്ണമായും മാറിയിട്ടും ഭീതിയൊഴിയാതെ മലയോര ജനത. മഴ വിട്ടുമാറിയ സമയത്ത് കഴിഞ്ഞ ദിവസം ആറളത്തുണ്ടായ ഉരുള്‍ പൊട്ടലാണ് മലയോരം മേഖലയില്‍ താമസിക്കുന്നവരെ ആശങ്കയിലാക്കുന്നത്. മലയോരത്ത് ജനവാസ മേഖലകളിലും ഉള്‍വനങ്ങളിലും ശക്തമായ മഴയില്‍ കുന്നുകള്‍ വിണ്ടുകീറിക്കിടക്കുകയാണ്. ചില സ്ഥലങ്ങളില്‍ ഇരുനൂറ് മീറ്റര്‍ വരെ നീളത്തില്‍ മണ്ണ് വിണ്ടുകീറിയിട്ടുണ്ട്. ഇത്തരം വിള്ളലുകളിലേക്ക് മഴവെള്ളം ഊര്‍ന്നിറങ്ങിയാല്‍ വീണ്ടും അപകടത്തിന് സാധ്യതയുണ്ട്. ചെങ്കുത്തായ മലകളുടെ സമീപത്ത് താമസിക്കുന്നവര്‍ക്ക് ഇത് ഭാവിയിലും ഭീഷണിയാകും. ഉള്‍വനങ്ങളില്‍ മഴപെയ്താല്‍ പോലും വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലിന് തുടര്‍ന്നും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ആറളത്തുണ്ടായ ഉരുള്‍ പൊട്ടലിനും കാരണം ഉള്‍വനത്തിലുണ്ടായ മഴയാണ്. 

മലയോര മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ചില വീടുകള്‍ ഭാഗികമായി കേടുപാടുകള്‍ വന്ന നിലയിലാണ്. മണ്ണ് വിണ്ട് കീറിയതിനൊപ്പം തന്നെ നിരവധി വീടുകളുടെ ചുമരുകളും വിണ്ടുകീറിയിട്ടുണ്ട്. ചിലഭാഗങ്ങളില്‍ നിന്ന് ആളുകളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ടെങ്കിലും മിക്ക വീടുകളിലും ഇപ്പോഴും അറ്റകുറ്റപ്പണി നടത്താതെ തന്നെ ആളുകള്‍ താമസിക്കുന്നുണ്ട്. തങ്ങളുടെ കൃഷിയും വളര്‍ത്തുമൃഗങ്ങളെയും മറ്റ് ഉപജീവന മാര്‍ഗങ്ങളും ഉപേക്ഷിച്ച് ആളുകള്‍ മാറിത്താമസിക്കാനോ വീടുകള്‍ വിട്ട് പോകാനോ തയ്യാറാകുന്നില്ല. ദുരിത ബാധിതര്‍ക്കുള്ള സാമ്പത്തികസഹായ വിതരണം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മിക്ക സ്ഥലങ്ങളിലും നാമമാത്രമായ സഹായം പോലും ലഭിച്ചിട്ടില്ല. ചില സ്ഥലങ്ങളില്‍ അധികൃതര്‍ പ്രാഥമിക പരിശോധന നടത്തുക പോലും ചെയ്തിട്ടില്ല.

ഇരിട്ടി, അയ്യന്‍കുന്ന്, ആറളം, പേരാവൂര്‍, മാക്കൂട്ടം ചുരം തുടങ്ങിയ മലയോര പ്രദേശങ്ങളിലാണ് ഈ വര്‍ഷം വ്യാപകമായി ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ടായത്. വളവുപാറ റോഡിന് നിര്‍മ്മാണത്തിന്റെ ഭാഗമായി വ്യാപകമായി കുന്നിടിച്ചതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ആളപായം കുറവാണെങ്കിലും വ്യാപകമായ കൃഷിനാശം ജനജീവിതം താറുമാറാക്കിയിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ തൊഴിലില്ലാത്ത സാഹചര്യമാണുള്ളത്. മലയോരങ്ങളില്‍ ഇപ്പോഴും നിരവധി കരിങ്കല്‍ക്വാറികളും ചെങ്കല്‍ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല പ്രദേശമായി നിര്‍ദ്ദേശിച്ച പ്രദേശങ്ങളാണ് ഈ പ്രദേശം. അധികൃതര്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കിലല്‍ ഇത്തരം പ്രദേശങ്ങളില്‍ വ്യാപകമായ അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.