നവകേരള നിര്‍മാണത്തിനായി വിഭവ സമാഹരണത്തിന് നാടാകെ അണിചേരണം: മന്ത്രി ജില്ലയിലെ വിഭവ സമാഹരണം 10 മുതല്‍ 15 വരെ 20 കേന്ദ്രങ്ങളില്‍

Wednesday 5 September 2018 4:33 pm IST

 

കണ്ണൂര്‍: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് 10 മുതല്‍ 15 വരെ ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ വിഭവസമാഹരണ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനം. മന്ത്രി കെ..കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് വിപുലമായ ധനസമാഹരണം നടത്താന്‍ തീരുമാനിച്ചത്. 

പ്രളയക്കെടുതി മൂലം തകര്‍ന്ന വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ പുനര്‍നിര്‍മ്മിച്ച് പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ ചുരുങ്ങിയത് 30,000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നാട്ടിലും പുറത്തുമുള്ള മലയാളികളും അല്ലാത്തവരുമായ ആളുകള്‍ മനസ്സറിഞ്ഞ് സംഭാവന നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1100 കോടി രൂപയാണ് ലഭിച്ചത്. കേന്ദ്രസഹായവും അയല്‍ സംസ്ഥാനങ്ങളും യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും വാഗ്ദാനം ചെയ്ത തുകയും ലഭിച്ചാലും കേരളത്തിന് ആവശ്യമായ തുകയുടെ അടുത്തുപോലും അതെത്തില്ല. നാമോരോരുത്തരും നല്‍കാന്‍ കഴിയുന്നതിന്റെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മാത്രമേ ആവശ്യമായ ഫണ്ട് കണ്ടെത്താനാവൂ എന്നും മന്ത്രി പറഞ്ഞു. 

എന്റെ ഒരു മാസം കേരളത്തിന് എന്ന പദ്ധതി കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ആദ്യം ആരംഭിച്ചത്. ജില്ലാ കലക്ടര്‍ കൊണ്ടുവന്ന പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പിലാക്കുകയായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ വലിയ വിഭാഗം ഇതിനകം തയ്യാറായിക്കഴിഞ്ഞതായും 100 ശതമാനമെന്ന ലക്ഷ്യത്തിലെത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സമ്മത പത്രം 10 മുതല്‍ നടക്കുന്ന വിഭവസമാഹരണ വേളയില്‍ ഓരോ വകുപ്പു മേധാവിയും സമര്‍പ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ, സഹകരണ-സ്വകാര്യ സ്ഥാപന ജീവനക്കാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം നവകേരള സൃഷ്ടിക്കായി സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു. 

ധനസമാഹരണ സമ്മേളത്തിനു മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ ബിസിനസ്-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമ്പത്തിക ശേഷിയുള്ള വ്യക്തികള്‍, ആദായ നികുതി നല്‍കുന്നവര്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങി സാധ്യമായവരുമായൊക്കെ ബന്ധപ്പെടുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യണം. ജനപ്രതിനിധികളും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ഇതിന് മുന്‍കൈയെടുക്കണം. ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ആദായനികുതിയിളവിന് പരിഗണിക്കുമെന്നതിനാല്‍ അതിനുള്ള രശീതി വിഭാവസമാഹരണ വേളയില്‍ തന്നെ എഴുതി നല്‍കാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. 

ഒരു ദിവസം പരമാവധി നാലു പരിപാടികള്‍ എന്ന രീതിയിലാണ് ധനസമാഹരണം സംഘടിപ്പിക്കുക. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ ടീച്ചര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. മൂന്നോ അതിലേറെയോ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടി നിശ്ചയിക്കപ്പെട്ട കേന്ദ്രത്തിലാവും വിഭവ സമാഹരണം. പരിപാടി നടക്കുന്ന തദ്ദേശസ്ഥാപനത്തിനായിരിക്കും അതിന്റെ നടത്തിപ്പ് ചുമതല. ഇതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനകം തദ്ദേശ സ്ഥാപന തലത്തില്‍ ആലോചനാ യോഗം ചേരണം. വിഭവ സമാഹരണ കേന്ദ്രമുള്ള സ്ഥലമുള്‍ക്കൊള്ളുന്ന തദ്ദേശ സ്ഥാപനം പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ തദ്ദേശ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിച്ച് മറ്റൊരു യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തണം. 

ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രളയത്തെ ധീരമായി നേരിട്ട നമുക്ക് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനാവശ്യമായ ധനസമാഹരണവും സാധിക്കുമെന്ന് ഇക്കാര്യത്തില്‍ ജില്ലയുടെ ചുമതലയുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കണ്ണൂര്‍ ജില്ല ഒന്നാമതെത്തണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേയര്‍ ഇ.പി.ലത, എംഎല്‍എമാരായ സി. കൃഷ്ണന്‍, കെ.സി.ജോസഫ്, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.