ബാങ്ക് വായ്പയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി ചെങ്കല്‍ തൊഴിലാളി

Wednesday 5 September 2018 4:34 pm IST

 

കണ്ണൂര്‍: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിന് ബാങ്ക് വായ്പയെടുത്ത യുവാവിന് അഭിനന്ദന പ്രവാഹം. മയ്യില്‍ പെരുമാച്ചേരി സ്വദേശി ബേബി ജോണ്‍ എന്ന യുവാവാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനായി ബാങ്ക് വായ്പ എടുത്തത്. കടമെടുത്ത 10,000 രൂപ ബേബി ജോണ്‍ മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന് കൈമാറി.

ചെങ്കല്‍ ലോറിയിലെ ഡ്രൈവറാണ് ബേബി. ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആഴ്ചകളായി ഇദ്ദേഹത്തിന് ജോലിയില്ലായിരുന്നു. ്ഇതിനാലാണ് ബാങ്ക് വായ്പ എടുക്കേണ്ടി വന്നതെന്ന് ബേബി പറഞ്ഞു. 

പ്രളയത്തിന്റെ കാഴ്ചകളൊക്കെ കണ്ടപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നി, മാസങ്ങളായി ജോലിയില്ലായിരുന്നു. സഹായിക്കാന്‍ മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വായ്പയെടുത്തത് ബേബി പറഞ്ഞു. 'പൈസ നമുക്ക് പിന്നീട് അടച്ചു തീര്‍ക്കാമല്ലോ ചെയ്യാന്‍ പറ്റുന്നത് ഇപ്പഴല്ലേ ചെയ്യാന്‍ പറ്റുള്ളുവെന്നും അദ്ദേഹം പറയുന്നു. വീടെന്ന തന്റെ സ്വപ്‌നം പാതി വഴിയില്‍ നില്‍ക്കുമ്പോഴാണ് കടമെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അദ്ദേഹം കേരളത്തിനാകെ മാതൃകയായത്. 

ഭാര്യ പ്രഷീലയും മക്കളായ റോബിനും ആന്റണി തോമസും അടങ്ങുന്നതാണ് ബേബിയുടെ കുടുംബം. വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് തുക കൈമാറിയതെന്നും ഭാര്യയ്ക്കായിരുന്നു കൂടുതല്‍ താല്‍പര്യമെന്നും ബേബി പറഞ്ഞു. മാടായി കോപ്പറേറ്റീവ് ബാങ്കിന്റെ പിലാത്തറ ബ്രാഞ്ചില്‍ നിന്നാണ് ബേബി വായ്പയെടുത്തത്. ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നതിനായാണ് വായ്പ എടുക്കുന്നതെന്നറിഞ്ഞപ്പോള്‍ ബാങ്ക് അധികൃതര്‍ നടപടികള്‍ വേഗത്തിലാക്കിയതായും ബേബി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.