വാവക്കാട് ഗവ. എല്‍പി സ്‌കൂളിന് ബ്രണ്ണന്‍ ഹയര്‍ സെക്കന്ററിയുടെ കൈത്താങ്ങ്

Wednesday 5 September 2018 4:35 pm IST

 

തലശ്ശേരി: പ്രളയജലത്തില്‍ മുങ്ങിയ വടക്കന്‍ പറവൂരിലെ വാവക്കാട് ഗവ. എല്‍പി സ്‌കൂളിന് തലശ്ശേരിയിലെ ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ ആവശ്യമായ സഹായമെത്തിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്കകള്‍, വിരികള്‍, പഠന സാമഗ്രികള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായതെല്ലാം സംഭരിച്ച ബ്രണ്ണനിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന സംഘം പ്രത്യേക വാഹനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് തലശ്ശേരിയില്‍ നിന്നും പരവൂരിലേക്ക് പുറപ്പെടും. ശനിയാഴ്ച രാവിലെ സ്ഥലം എംഎല്‍എ വി.ഡി.സതീശന്റെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ സ്‌ക്കൂളില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും സാധനസാമഗ്രികള്‍ വിതരണം ചെയ്യും. മന:ശ്ശാസ്ത്രജ്ഞനായ ഡോക്ടര്‍, കൌണ്‍സിലിംഗ് വിദഗ്ദര്‍, ചിത്രകാരന്മാര്‍ എന്നിവരുടെ സേവനവും തദവസരത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കും. സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിനോട് നേരിട്ട് സംസാരിച്ചാണ് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ശേഖരിച്ചത്. പറവൂര്‍ എഇഒ, സ്ഥലം ബിപിഒ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് വാവക്കാട് സ്‌കൂളിനെ സഹോദര സ്ഥാപനമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കൊടിയ ദുരിതം വിതച്ച് പ്രളയജലം ഇറങ്ങിയതില്‍ പിന്നീട് ഏറെ പരിതാപകരമായിരുന്നു 65 ഓളം കുട്ടികള്‍ പഠിച്ചിരുന്ന െ്രെപമറി വിദ്യാലയത്തിന്റെ അവസ്ഥ. ഉടുവസ്ത്രം ഒഴികെയുള്ളതെല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളിലെ മക്കള്‍ക്ക് മാറ്റിയുടുക്കാന്‍ ഒന്നുമില്ലാത്ത നിസ്സഹായതയില്‍

12 കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ കൃത്യമായി ക്ലാസില്‍ വരുന്നത്. പ്രളയ സമയത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടവും ദുരിതവും നേരിട്ട പ്രദേശമാണിത്. വെള്ളത്തില്‍ ഒറ്റപ്പെട്ടു പോയ നാട്ടുകാരെ വായുസേനയാണ് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയിരുന്നതെന്ന് വടക്കന്‍ പറവൂര്‍ സ്വദേശി കൂടിയായ പ്രിന്‍സിപ്പല്‍ കെ.ജെ.മുരളീധരന്‍ പറഞ്ഞു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.സുമേഷ്, പിടിഎ പ്രസിഡണ്ട് നവാസ് മേത്തര്‍, പ്രധാന അദ്ധ്യാപകന്‍ കെ.രമേശന്‍, സ്റ്റാഫ് സിക്രട്ടറി വി.പ്രസാദന്‍, എന്‍.സതീശന്‍, എം.പി. സുമേഷ്, സജീവ് മണിയത്ത്, പി.രാജേഷ്, അബ്ദുള്‍ റഹീം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.