മാലിന്യകേന്ദ്രമായി പഴയ ബസ് സ്റ്റാന്റ്

Wednesday 5 September 2018 4:35 pm IST

 

കണ്ണൂര്‍: മഴയ്ക്ക് ശമനമായിട്ടും കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായില്ല. വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും കണ്ണൂര്‍ കേര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സാധാരണ കാലവര്‍ം തുടങ്ങുന്നതിന് മുന്‍പ് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. 

കണ്ണൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നഗരത്തിന്റെ പലഭാഗങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ നാളിതുവരെയായിട്ടും ശുചീകരണ പ്രവര്‍ത്തി നടത്തുന്നതിന് കോര്‍പ്പറേഷന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തു നിന്നും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. 

അമ്പതോളം വ്യാപാര സ്ഥാപനങ്ങളാണ് പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തിനുള്ളിലുള്ളത്. കെട്ടിടത്തിനുള്ളിലെ ഒരു മുറി ഇപ്പോള്‍ മാലിന്യകേന്ദ്രമായി മാറിക്കഴിഞ്ഞു. മറ്റ് കടകളില്‍ നിന്നുമുള്ള പ്ലാസ്റ്റിക്ക് കുപ്പികളും സഞ്ചികളുമെല്ലാം ഈ മുറിയിലാണ് നിക്ഷേപിക്കുന്നത്്. അസഹ്യമായ ദുര്‍ഗന്ധം മൂലം ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് പരിസരത്ത് മൂക്ക് പൊത്താതെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാലിന്യം തള്ളുന്നത് കാരണം ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ തെരുവു നായകളുടെ ശല്യവും കൂടിവരികയാണ്. 

പരസ്പരം കുറ്റപ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെയുള്ള കോര്‍പ്പറേഷന്റെ മെല്ലെപ്പോക്കിനെതിരെയും ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലും വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് യാത്രക്കാരും നാട്ടുകാരും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.