ഇടത്തരം ചെറുകിട കരാറുകാരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തണം

Wednesday 5 September 2018 4:36 pm IST

 

കണ്ണൂര്‍: പ്രളയക്കെടുതികള്‍ പരിഹരിക്കുന്നതിന് നിയോജകമണ്ഡലത്തില്‍ മുഴുവന്‍ പ്രവര്‍ത്തികളും ഒരുമിച്ച് ഒരുപ്രവര്‍ത്തി എന്ന നിലയില്‍ അക്രെഡിറ്റഡ് ഏജന്‍സികള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്ക് പ്രവര്‍ത്തികള്‍ ഏല്‍പ്പിക്കുവാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു വര്‍ക്ക് ആയി ചെയ്യുന്ന പണികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനും ഗുണമേന്മ ഉറപ്പാക്കുന്നതിനും തടസ്സമാണ്.  

ചെറുകിട കരാറുകാര്‍ക്ക് മെഷിനറികളും തദ്ദേശീയരായ തൊഴിലാളികളും കൂടെയുണ്ട്. അവ ഉപയോഗിച്ചാല്‍ നവംബറിന് മുമ്പ് റോഡുകളിലെ സഞ്ചാര തടസ്സം പൂര്‍ണ്ണമായും പരിഹരിക്കാം. അതാത് നിയോജകമണ്ഡലത്തിലെ പരിചയസമ്പന്നരായ കരാറുകാര്‍ക്ക് മാത്രമേ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. ആദ്യം 140 നിയോജമണ്ഡലത്തില്‍ 149 പ്രവര്‍ത്തികള്‍ എന്ന നിലയില്‍ കുത്തകവല്‍ക്കരിക്കുന്നതിന് തുടക്കം കുറിക്കാനും വന്‍കിട ബിനാമി കമ്പനികളുടെ കുത്തകയിലേക്ക് കേരളത്തിലെ നിര്‍മ്മാണ മേഖലയെ മാറ്റാനുമാണ് വന്‍കിട ലോബികള്‍ ശ്രമിക്കുന്നത്. പൊതുമരാമത്ത് മന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കണം.

പ്രാദേശിക സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കാതെയും ശരിയായ രൂപകല്‍പനയും അടങ്കലും തയ്യാറാക്കാതെയും ടെണ്ടര്‍ വിളച്ചാല്‍ നിര്‍മ്മിതികള്‍ അല്‍പായുസ്സാകുന്നതിന് അനേകം വന്‍കിട പദ്ധതികള്‍ ഉദാഹരണങ്ങളാണ്. മിലിറ്ററി എഞ്ചിനിയറിംഗ് സര്‍വ്വീസ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവുടെ സഹായത്തോടുകൂടി മികച്ച രൂപകല്‍പനയും അടങ്കലും തയ്യാറാക്കി കേരള കരാറുകാര്‍ക്ക് പ്രാപ്യമായവിധം ടെണ്ടറുകള്‍ വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള  ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സി.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ടി.മുഹമ്മദ് കുഞ്ഞി ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.അജയകുമാര്‍, ട്രഷറര്‍ പി.ഐ.രാജീവന്‍, സുനില്‍ പോള, ഒ.സി.ഉല്ലാസന്‍, ഇ.ഷമല്‍, സജി സെബാസ്റ്റ്യന്‍, വി.രവീന്ദ്രന്‍, ബാബുരാജ് ഉളിക്കല്‍, മുഹമ്മദ് ആശിഖ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.