വാഹനങ്ങളിടിച്ച് കൊടുവള്ളി റെയില്‍വെ ഗേറ്റ് തകര്‍ന്നത് ഒരു വര്‍ഷത്തിനുള്ളില്‍ 15 തവണ

Wednesday 5 September 2018 4:39 pm IST

 

തലശ്ശേരി: തലശ്ശേരി-പിണറായി-മമ്പറം റോഡില്‍ ഗതാഗതതടസ്സം തുടര്‍ക്കഥയാവുന്നു. വളവും തിരിവും കുത്തനെയുള്ള ഇറക്കവും പെട്ടെന്ന് മുന്നിലെത്തുന്ന അടച്ചിട്ട റെയില്‍വെ ഗെയ്റ്റുമാണ് അപകടവും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നത്. 

കഴിഞ്ഞ പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 15ലേറെ തവണ വാഹനങ്ങളിടിച്ച് കൊടുവള്ളി റെയില്‍വെ ഗേറ്റ് തകര്‍ന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 28ന് ചൊവ്വാഴ്ച വൈകിട്ട് 5 ന് പിണറായി ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് ഗേറ്റിലിഭിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഗേറ്റിന്റെ ഭാഗങ്ങള്‍ റെയിലിന്റെ മധ്യഭാഗം വരെ എത്തി. തത്സമയം എത്താനിരുന്ന മംഗള എക്‌സ്പ്രസിന്റെ വഴി മുടങ്ങിയതിനാല്‍ വണ്ടിയുടെ യാത്ര വൈകിപ്പിക്കേണ്ടിയും വന്നു. 

അപകടത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട റോഡ് ഗതാഗതം 25 മണിക്കൂറുകള്‍ക്ക് ശേഷമാണ് പുന:സ്ഥാപിച്ചത്. നേരത്തെ സംഭവിച്ച ചെറുതും വലുതുമായ വാഹന അപകടങ്ങളെ തുടര്‍ന്നും റെയില്‍ റോഡ് ഗതാഗതങ്ങള്‍ കൊടുവള്ളിയില്‍ തടസ്സപ്പെട്ടിരുന്നു. ഗേറ്റില്‍ കുടുങ്ങാതിരിക്കാന്‍ ധൃതിപ്പെട്ട് ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളും വളവിലെ ഇറക്കത്തില്‍ മുന്നില്‍ ഗേറ്റ് ഉണ്ടെന്ന് അറിയാതെ വരുന്ന വാഹനങ്ങളുമാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കുന്നത്. ഇപ്പോള്‍ തന്നെ വാഹനത്തിരക്കേറിയ കൊടുവള്ളി-പിണറായി റൂട്ടില്‍ മട്ടന്നൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ നിലവിലുള്ളതിന്റെ പതിന്മടങ്ങാവും തിരക്ക്. നിത്യവും 60 ഓളം തീവണ്ടികള്‍ കടന്നു പോവുന്ന ഇവിടെ ഗേറ്റടച്ചാല്‍ വാഹനങ്ങളുടെ നിര കിലോമീറ്ററോളമുണ്ടാവും. ഇത് പലപ്പോഴും തൊട്ടടുത്തുള്ള ദേശീയപാതയെയും കുരുക്കിട്ടു നിര്‍ത്തുന്നത് പതിവ് കാഴ്ചയാണ്. ഗേറ്റ് തുറന്നാല്‍ നിയമം പാലിക്കാതെ മുന്നിലെത്താന്‍ മറികടക്കുന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ വേറെയുമുണ്ട്. മിക്കപ്പോഴും ഇവിടെ പോലീസിന്റെ സേവനം ഉണ്ടാവില്ല. കൊടുവള്ളി റെയില്‍വെ ഗേറ്റിന് മേല്‍പ്പാലം പണിയാനുള്ള നാടിന്റെ മുറവിളികള്‍ക്ക് ഏറെക്കാലത്തെ ചരിത്രമുണ്ട്. എന്നാല്‍ ഇപ്പോള്‍ മേല്‍പാലത്തിന് പദ്ധതി ആയിട്ടുണ്ടെങ്കിലും നിര്‍മ്മിക്കാനുള്ള സ്ഥലം പൂര്‍ണ്ണമായി വിട്ടു കിട്ടാത്തതാണ് അധികൃതരെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.