പാരിക്ഷിതന്‍മാര്‍ അശ്വമേധം ചെയ്തവര്‍

Thursday 6 September 2018 1:38 am IST

മൂന്നാം ബ്രാഹ്മണം- ലഹ്യന്റെ പുത്രനായ ഭുജ്യന്റെ ചോദ്യവും അതിനുള്ള ഉത്തരവും

അഥ ഹൈനം ഭുജ്യര്‍ലാഹ്യായനി: പപ്രച്ഛ;  

യാജ്ഞവല്‍ക്യേതി ഹോവാച........

ലഹ്യന്റെ പേരക്കുട്ടിയായ ഭുജ്യനാണ് പിന്നെ യാജ്ഞവല്‍ക്യനോട് ചോദിച്ചത്. ഞാനും സഹപാഠികളും അദ്ധ്യയനത്തിനുള്ള വ്രതം ആചരിച്ച് മദ്ര ദേശത്ത് സഞ്ചരിക്കുമ്പോള്‍ കപി വംശജനായ പതഞ്ചലന്റെ വീട്ടില്‍ ചെന്നു. അദ്ദേഹത്തിന്റെ മകള്‍ ഗന്ധര്‍വ്വനാല്‍ ഗ്രഹിക്കപ്പെട്ടവളായിരുന്നു. ഞങ്ങള്‍ അയാളോട് ചോദിച്ചു നീ ആരാണ്? എന്ന്. അങ്ഗിരസ്സിന്റെ വംശത്തില്‍ പിറന്ന സുധന്വാവാണ് എന്ന് ഗന്ധര്‍വ്വന്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ അയാളോട് ലോകങ്ങളുടെ അതിരുകളെപ്പറ്റി ചോദിച്ചപ്പോള്‍, പാരിക്ഷിതന്‍മാര്‍ എവിടെയായിരുന്നുവെന്ന് തിരിച്ചു ചോദിച്ചു. പിന്നെ പാരിക്ഷിതന്‍മാരെക്കുറിച്ച് പറഞ്ഞു തന്നു. 

ഈ പാരിക്ഷിതന്‍മാര്‍ എവിടെയാണ്? എന്നതാണ് യാജ്ഞവല്‍ക്യനോടുള്ള ചോദ്യം.

കര്‍മ്മവും കര്‍മ്മഫലവും നാമരൂപങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ സംസാരത്തിന് കാരണമാകുമെന്നും മോക്ഷത്തിലെത്തിക്കില്ലെന്നും വ്യക്തമാക്കുകയാണ് ഈ ബ്രാഹ്മണത്തില്‍. ഗന്ധര്‍വ്വന്‍ എന്ന് പറഞ്ഞത് വിശഷ്ട ജ്ഞാനമുള്ളയാളായി കരുതണം. അതിനാല്‍ ഋത്വിക് ദേവതയായ ഉപാസ്യ അഗ്‌നിയായി അറിയണം. 

തങ്ങള്‍ക്ക് പാരിക്ഷിതന്‍മാരെക്കുറിച്ച് കിട്ടിയ അറിവ് യാജ്ഞവല്‍ക്യനുമുണ്ടോ എന്നറിയാനാണ് ഭുജ്യന്റെ ചോദ്യം.

 ബ്രഹ്മഹത്യ മുതലായ പാപങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്നതിനാല്‍ അശ്വമേധത്തിന് പരിക്ഷിത്ത് എന്ന് പേരുണ്ട്. അശ്വമേധം ചെയ്തവരാണ് പാരിക്ഷിതന്‍മാര്‍. യാജ്ഞവല്‍ക്യന് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയാണ് അത്രയൊന്നും പ്രശസ്തമല്ലാത്ത പാരിക്ഷിതന്‍മാര്‍ എന്ന പ്രയോഗം നടത്തിയത്.

 സ ഹോവാച, ഉവാച വൈ സ: അഗച്ഛന്‍ വൈ തേ തദ്യത്രാശ്വമേധയാജിനോ ഗച്ഛന്തീതി.........

 പാരിക്ഷിതന്‍മാര്‍, അശ്വമേധയാഗം ചെയ്യുന്നവര്‍ എവിടെയാണോ പോകുന്നത് അവിടേയ്ക്ക് പോയി എന്നാണ് ഗന്ധര്‍വ്വന്‍പറഞ്ഞതെന്ന് യാജ്ഞവല്‍ക്യന്‍ മറുപടി പറഞ്ഞു.

അശ്വമേധയാഗം ചെയ്യുന്നവര്‍ എവിടെയാണ് പോകുന്നതെന്ന് ഭുജ്യന്‍ വീണ്ടും ചോദിച്ചു.

 ആദിത്യന്റെ രഥം ഒരു ദിവസം സഞ്ചരിക്കുന്ന ദൂരമാണ് ദേവരഥാഹ്ന്യം .അങ്ങനെ 32 ദേവരഥാഹ്ന്യങ്ങള്‍ ചേര്‍ന്നതാണ് ഈ ലോകത്തിന്റെ പരിമാണം. അതിന് ചുറ്റും രണ്ടിരട്ടി വലുപ്പത്തില്‍ സമുദ്രം. ഈ ബ്രഹ്മാണ്ഡത്തിന്റെ രണ്ട് കപാലങ്ങളുടെ മധ്യത്തിലുള്ള ആകാശം കത്തിയുടെ വായ്ത്തലയുടേയോ ഈച്ചയുടെ ചിറകിന്റെ കനമോ എന്ന അളവുള്ളതാണ്. 

അശ്വമേധത്തില്‍ ചയനം ചെയ്ത അഗ്‌നി പക്ഷിയായിത്തീര്‍ന്ന് അശ്വമേധയാഗം ചെയ്തവരെ വായുവിനെ ഏല്‍പ്പിച്ചു.വായു അവരെയെടുത്ത് മുമ്പ് അശ്വമേധയാഗം ചെയ്തവര്‍ പോയ സ്ഥലത്ത് എത്തിച്ചു. ഇങ്ങനെയുള്ള വായുവിനെയാണ് ഗന്ധര്‍വ്വന്‍ പ്രശംസിച്ചത്. അതിനാല്‍ വായു തന്നെയാണ് വ്യഷ്ടിയും സമഷ്ടിയും. ഇങ്ങനെ അറിയുന്നയാള്‍ വീണ്ടുമുള്ള മൃത്യുവിനെ ജയിക്കും.

 ഹിരണ്യഗര്‍ഭനെയാണ് ഇവിടെ വായു എന്ന് വിശേഷിപ്പിച്ചത്.അശ്വമേധയാഗം ചെയ്തവരെ ഹിരണ്യഗര്‍ഭന്‍ ഈ ബ്രഹ്മാണ്ഡത്തിന് അപ്പുറത്തേക്കാണ് കൊണ്ട് പോകുന്നത്. ഉപാസനാ കര്‍മ്മങ്ങളുടെ ഫലം ഹിരണ്യഗര്‍ഭപദപ്രാപ്തിയാണ്. ജ്ഞാനം കൊണ്ട് നേടാവുന്ന മോക്ഷം ഇതല്ല.

ചോദ്യത്തിന് നേരിട്ട് ഉത്തരം നല്‍കാതെ ആദ്യം ഭുവനകോശത്തെപ്പറ്റിയാണ് യാജ്ഞവല്‍ക്യന്‍ ആദ്യം വിവരിച്ചത്.

സൂര്യന്‍ 32 ദിവസം കൊണ്ട് സഞ്ചരിക്കുന്ന കാലയളവാണ് ഈ ലോകത്തിന്റെ വലുപ്പം. ലോകാലോക പര്‍വ്വതമാണ് അതിര് .  ഈ ലോകമാണ് വിരാട്ടിന്റെ ശരീരം. ഭൂമിയ്ക്ക് ചുറ്റും രണ്ടിരട്ടി വലുപ്പത്തില്‍ സമുദ്രമുണ്ട്.

 അതിലോലമായ ആകാശവും കടന്ന് ബ്രഹ്മാണ്ഡ മദ്ധ്യത്തിലെ വിടവില്‍ കൂടിയാണ് അശ്വമേധം ചെയ്തവര്‍ ദേശ കാലത്തിനപ്പുറത്തെത്തുന്നത്. അശ്വമേധം ചെയ്തവരെ പക്ഷിയായിത്തീര്‍ന്ന അഗ്‌നി തനിക്ക് ആ വിടവിലൂടെ കടക്കാനാവാത്തതിനാല്‍ വായുവിനെ ഏല്‍പ്പിക്കുന്നു. ഹിരണ്യഗര്‍ഭനാകുന്ന വായു അവരെ തന്റെ രൂപത്തിലാക്കി ആ വിടവിലൂടെ ബ്രഹ്മാണ്ഡത്തിന് വെളിയിലേക്ക് നയിക്കുന്നു.വ്യഷ്ടിയായും സമഷ്ടിയായുമിരിക്കുന്നത് ഈ ഹിരണ്യഗര്‍ഭനാണ്.

തന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയപ്പോള്‍ ഭുജ്യനും പിന്‍വാങ്ങി.

സ്വാമി അഭയാനന്ദ,ചിന്മയ മിഷന്‍, തിരുവനന്തപുരം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.