എസ്‌എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചില്ല; വിദ്യാര്‍ത്ഥിക്ക് വധഭീഷണി

Thursday 6 September 2018 1:14 am IST

കോട്ടയം: എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ എംജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ഥിക്ക് വധഭീഷണിയും മര്‍ദനവും. എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ എംഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ആലപ്പുഴ പുന്നപ്ര വടക്കേപറമ്പില്‍ വിനു അരവിന്ദിന് നേരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയത്. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടര്‍ക്കും ആന്റി റാഗിങ് സെല്ലിലും വിനു അരവിന്ദ് പരാതി നല്‍കി. 

കുറച്ചു ദിവസം മുമ്പ് മെസില്‍ ഭക്ഷണം കഴിക്കാനെത്തിയ വിനുവിനോട് എസ്എഫ്‌ഐ ഭാരവാഹികള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിക്കില്ലെന്ന് വിനു മറുപടി നല്‍കി. ഇവിടെ തുടര്‍ന്ന് പോകാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തി. ആഗസ്റ്റ് 16ന് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സാം വി. ജോസഫ് വിനുവിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഓണാവധിക്ക് വീട്ടില്‍പോയ വിനു സെപ്തംബര്‍ ഒന്നിന് വൈകിട്ട് ഏഴരയോടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മടങ്ങിയെത്തി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വൈശാഖ് ആര്‍.കെ, സാം വി. ജോസഫ്, അന്‍ഫല്‍ സലാഹുദ്ദീന്‍ എന്നിവര്‍ മുറിയില്‍ കയറി ഭീഷണി മുഴക്കി. രക്ഷപെടാന്‍ ശ്രമിച്ച വിനുവിന്റെ മുഖത്ത് സാം കല്ലുകൊണ്ട് ഇടിച്ചു. വടിവാളുമായി വന്ന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

വിഷയത്തില്‍ ആന്റി റാഗിങ് സെല്ലിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഗാന്ധിനഗര്‍ എസ്‌ഐ അനൂപ് ജോസ് ജന്മഭൂമിയോട് പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.