ശ്രേയയുടെ ദുരൂഹമരണം: സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്

Thursday 6 September 2018 1:16 am IST

കൊച്ചി: ചങ്ങനാശേരി അതിരൂപതയുടെ ലഹരി വിമുക്ത കേന്ദ്രത്തില്‍ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ശ്രേയ(12) ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പൊതുപ്രവര്‍ത്തകന്‍  കളര്‍കോട് വേണുഗോപാലന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ പി. തോമസ് ഉത്തരവായത്.

 2010 ഒക്ടോബര്‍ 17നാണ് കളര്‍കോട് കൈതവന ഏഴരപറയില്‍ ബെന്നിയുടെയുടെയും സുജയുടെയും മകള്‍ ശ്രേയയെ ലഹരിവിമുക്ത കേന്ദ്രമായ കൈതവന അക്സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈതവന പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ശ്രേയ 'യഹുദിയ 2010' എന്ന പേരില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസനക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് തൃപ്തികരമല്ലെന്നു പറഞ്ഞ് ധൃതിപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ 2011 ആഗസ്റ്റില്‍ സിബിഐക്ക് കേസ് വിട്ടു.

  എന്നാല്‍ പ്രഖ്യാപനമുണ്ടായതല്ലാതെ യാതൊരു അന്വേഷണവും നടന്നില്ല. എന്നാല്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടി എങ്ങനെ കുളത്തിലെത്തി തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കും അന്വേഷണസംഘം മൗനം പാലിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കളര്‍കോട് വേണുഗോപാലന്‍ നായര്‍ ഹര്‍ജി നല്‍കിയത്. നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ലഹരിവിമുക്ത കേന്ദ്രത്തിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. മാത്തുക്കുട്ടി, സിസ്റ്റര്‍ സ്നേഹ എന്നിവര്‍ക്കെതിരെ നിസ്സാര കുറ്റമാണ് ചുമത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.