അലമാര മാറ്റിയാല്‍ നിലം‌പൊത്താവുന്ന വീട്; ഇതും പ്രളയാനന്തര കാഴ്ച

Thursday 6 September 2018 1:30 am IST
"മോഹനനും കുടുംബവും ഷെഡ്ഡിന് മുന്നില്‍"

കൊച്ചി: അലമാര എടുത്തുമാറ്റിയാല്‍ ഏത് നിമിഷം വേണമെങ്കിലും നിലം പൊത്താവുന്ന വീട്. അതിനുള്ളില്‍ ഒന്നരവയസ്സുള്ള കുഞ്ഞുള്‍പ്പെടെ എട്ടുപേരടങ്ങുന്ന കുടുംബം. എറണാകുളം ജില്ലയില്‍ ഏഴിക്കര പഞ്ചായത്തിലാണ് കരളലിയിക്കുന്ന ഈ പ്രളയാനന്തര കാഴ്ച.   

പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അടച്ചുറപ്പുള്ള വീട് ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് പിന്നാക്ക വിഭാഗക്കാരനായ പാലത്തുംപറമ്പ് വീട്ടില്‍ മോഹനനും കുടുംബവും. എന്നാല്‍ അതിനുള്ള എല്ലാ വഴികളും ഇവര്‍ക്ക് മുന്നില്‍ അടഞ്ഞു.  അഞ്ചുസെന്റിലുള്ള ഷെഡ് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം. മുപ്പത്താറ് വര്‍ഷമായി ഈ ഷെഡ്ഡിലാണ് താമസം. പട്ടയം നഷ്ടപ്പെട്ടതിനാല്‍ വീട് ഉണ്ടാക്കാനും സാധിച്ചിട്ടില്ല. 

അറുപത്തേഴുകാരനായ മോഹനന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനിടയില്‍ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. കൂലിപ്പണിക്കാരനായ മകന്‍ രതീഷാണ് കുടുംബത്തിന്റെ ഏക അത്താണി. മൂന്ന് വര്‍ഷം മുമ്പാണ് പുതിയ വീടിനായി തറയിട്ടത്. പണി പൂര്‍ത്തിയാക്കാനും സാധിച്ചില്ല. 

മോഹനന്റെ അച്ഛന് പട്ടയമായി കിട്ടിയ പത്ത് സെന്റ് ഭൂമിയില്‍ അഞ്ച് സെന്റ് ഭൂമി വിറ്റു. ബാക്കിയുള്ള ഭൂമിയില്‍ ചെറിയ ഷെഡ്ഡും ഉണ്ടാക്കി. കൈവശമുള്ള അഞ്ച് സെന്റ് ഭൂമിയുടെ പട്ടയം നഷ്ടമായതോടെ പുതിയ വീടുണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പട്ടയത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പട്ടയം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഓരോരോ കാരണം പറഞ്ഞ് മടക്കി അയക്കുകയാണ് പതിവ്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുന്ന പഞ്ചായത്താണ് ഏഴിക്കര. നാളിതുവരെ ഇവര്‍ക്ക് അനുകൂലമായി നടപടിയെടുക്കാനുള്ള നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്നതാണ് പ്രധാന വസ്തുത. 

പ്രളയത്തില്‍ ഷെഡ്ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ അഭയം തേടിയപ്പോഴുണ്ടായ അവസ്ഥയും വളരെ പരിതാപകരമായിരുന്നു. ഏഴിക്കര എല്‍പി സ്‌കൂളില്‍ കൈക്കുഞ്ഞുമായി ചെന്നിട്ടും സ്ഥലമില്ലെന്ന് അറിയിച്ച് പറഞ്ഞു വിട്ടു. ഒടുവില്‍ വാണിവിഹാരം ക്യാമ്പില്‍ അഭയം തേടി. പ്രളയശേഷം പായയുള്‍പ്പടെയുള്ള വീട്ടുസാധനങ്ങള്‍ നഷ്ടപ്പെട്ടു. കാലൊടിഞ്ഞ കട്ടിലില്‍ ഇഷ്ടികകള്‍ താങ്ങി വെച്ചാണ് ഉപയോഗിക്കുന്നത്.  

പ്ലാസ്റ്റിക് ഷീറ്റുകളും ഓലകളും കൊണ്ട് മറച്ചാണ് ഷെഡ്ഡ് കെട്ടിയിരിക്കുന്നത്. സുരക്ഷിതമായ ശൗചാലയം ഇല്ലാത്തതും  പോരായ്മയാണ്. ശക്തമായ കാറ്റില്‍ ഷീറ്റുകള്‍ പറന്ന് പോകുന്നതും ഇവരില്‍ ഭയമുണ്ടാക്കുന്നു. രാത്രി കാലങ്ങളില്‍ പാമ്പിനെ പേടിച്ച് കിടക്കാനും സാധിക്കുന്നില്ലെന്ന് മോഹനന്‍ പറയുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെത്തി കണക്കെടുപ്പ് നടത്തണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ആരും ഇതേവരെ എത്തിയില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ആരും സഹായിക്കാനില്ലാതെ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് ഈ കുടുംബം. 

ആതിര ടി. കമല്‍രാജ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.