കേന്ദ്രത്തിന്റെ ആദ്യസഹായം തന്നെ വലിയ തുക : പിണറായി

Thursday 6 September 2018 8:38 am IST

കൊച്ചി: പ്രളയത്തില്‍ കേന്ദ്രം അവഗണിച്ചുവെന്നും ആവശ്യത്തിന് സഹായം നല്‍കിയില്ലെന്നും പറഞ്ഞ് വിവാദമുണ്ടാക്കുന്നവര്‍ക്ക് ചുട്ട മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം. കേന്ദ്രം വലിയ സഹായം തന്നെയാണ് നല്‍കിയതെന്ന് അദ്ദേഹം ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചു.

അഭിമുഖത്തില്‍ നിന്ന്

ചോദ്യം: കേന്ദ്രം നല്‍കിയ ധനസഹായം പര്യാപ്തമാണെന്ന് തോന്നുന്നുണ്ടോ? രണ്ടായിരം കോടി അടിയന്തര സഹായം ചോദിച്ചപ്പോള്‍ 600 കോടിയാണ് നല്‍കിയത്.

ഉത്തരം: കേന്ദ്ര സഹായം ഒരിക്കലും ഒരൊറ്റ തവണയായി ലഭിക്കാറില്ല. അത് ഘട്ടം ഘട്ടമായിട്ടാണ് കിട്ടുക. കേന്ദ്രം പ്രഖ്യാപിച്ചത് മുന്‍കൂര്‍ സഹായമാണ്, അതുതന്നെ നല്ലൊരു തുകയാണ്. ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചപ്പോള്‍ നൂറു കോടി പ്രഖ്യാപിച്ചു. പിന്നീട് പ്രധാനമന്ത്രി വന്നപ്പോള്‍ 500 കോടി പ്രഖ്യാപിച്ചു. അത് സാധാരണ സഹായങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കേന്ദ്രം കേരളത്തോട് എങ്ങനെ അനുഭാവത്തോടെ'- പെരുമാറിയെന്നതാണ് ഇത് കാണിക്കുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്രം സൈനികരെയും ഉപകരണങ്ങളും അയച്ചുനല്‍കി. നാശനഷ്ടം വിലയിരുത്തി സാമ്പത്തിക സഹായം പ്രഖ്യാപിക്കുമ്പോഴും ഇതേ സമീപനമാണ് പ്രതീക്ഷിക്കുന്നതും.

ചോദ്യം: യുഎഇയില്‍ നിന്നുള്ള 700 കോടി സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായല്ലോ?  യുഎഇ 700 കോടി വാഗ്ദാനം ചെയ്‌തെന്നാണ് ആഗസ്ത് 21ന് താങ്കള്‍ പറഞ്ഞത്. എന്നാല്‍ ദല്‍ഹിയിലെ യുഎഇ നയതന്ത്രപ്രതിനിധി അഹമ്മദ് അല്‍ ബന്ന, കൃത്യമായ തുകയൊന്നും പ്രഖ്യാപിച്ചില്ലെന്നാണ് പറഞ്ഞത്.

 ഉത്തരം: ഒരാശയക്കുഴപ്പവുമില്ല. 700 കോടിയില്‍ കൂടുതല്‍ അവര്‍ വാഗ്ദാനം ചെയ്താല്‍ എന്താ? തുക അന്തിമമല്ലെന്ന് അവര്‍ പറയുമ്പോള്‍ ഒരു സഹായവും നല്‍കില്ലെന്നല്ലല്ലോ അര്‍ഥം. യുഎഇ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഒരു പ്രശ്‌നമാണത്. യുഎഇ പ്രസിഡന്റും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയാണത്. എനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യമാണ് വെളിപ്പെടുത്തിയതെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 700 കോടി നല്‍കാന്‍ യുഎഇ സന്നദ്ധമാണെന്ന് പ്രവാസി വ്യവസായി യൂസുഫ് അലിയാണ് പറഞ്ഞത്. ഈദ് ആശംസിക്കാന്‍ യുഎഇ പ്രസിഡന്റിനെ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹത്തിനെ ഇത് അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല. വിഷയത്തില്‍ വിവാദത്തിന്റെ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആ വിവരം തെറ്റാണെങ്കില്‍ ആരാണ് അത് പറയേണ്ടത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അല്ലേ?  പ്രധാനമന്ത്രി നരേന്ദ്ര മോദിയോ യുഎഇ പ്രസിഡന്റോ അങ്ങനെ ചെയ്യണം. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് ഇരുവരും പറഞ്ഞിട്ടില്ല. അതിനാല്‍  ആ സഹായം ലഭിക്കുമെന്നും സ്വീകരിക്കാന്‍ കേന്ദ്രം  അനുവദിക്കുമെന്നുമുള്ള പ്രതീക്ഷയാണ് എനിക്ക്. 

ചോദ്യം: എന്നാല്‍ തുകയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് യുഎഇ പ്രതിനിധി പറഞ്ഞത്? 

ഉത്തരം: യുഎഇ സഹായിക്കുമെന്ന വാഗ്ദാനം അദ്ദേഹം നിരസിച്ചിട്ടില്ല.

ചോദ്യം: നിഷേധിച്ചിട്ടില്ല, പക്ഷെ തുകയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് പറഞ്ഞത്.

ഉത്തരം: ഞാന്‍ അതേപ്പറ്റിയാണ് പറഞ്ഞത്. തുകയുടെ കാര്യത്തില്‍ തീരുമാനം ആയില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുകയുണ്ടെങ്കിലോ? അതിനെ നിങ്ങള്‍  പോസിറ്റീവായി കാണണം. ഞാന്‍ പറഞ്ഞ തുകയേക്കാള്‍ കുറഞ്ഞ തുകയാകും ലഭിക്കുകയെന്ന് താങ്കള്‍ എന്തിനാണ് കരുതുന്നത്.? 

പ്രത്യേക ലേഖകന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.