എം‌എല്‍‌എ ഹോസ്റ്റലില്‍ പീഡനശ്രമം: പ്രതിയെ സംരക്ഷിച്ചത് എം‌എല്‍‌എയും പാര്‍ട്ടിയും

Thursday 6 September 2018 1:49 am IST

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പാര്‍ട്ടിപ്രവര്‍ത്തകയെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ച സംഭവത്തില്‍ എംഎല്‍എ കെ.എ. അരുണനും സിപിഎം ഇരിങ്ങാലക്കുട ഏരിയ നേതൃത്വവും പ്രതിക്കൂട്ടില്‍. കേസ് ഒതുക്കിത്തീര്‍ക്കാനും പ്രതിയെ രക്ഷിക്കാനും ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നുവെന്ന് പെണ്‍കുട്ടി പോലീസില്‍  നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ പകര്‍പ്പ് ജന്മഭൂമിക്ക് ലഭിച്ചു. പ്രതി ആര്‍.എല്‍. ജീവന്‍ലാല്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും ജില്ലാക്കമ്മിറ്റിയംഗവുമാണ്്. 

 സംഭവം വിവാദമായതോടെ പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തതായി സിപിഎം നേതൃത്വം അറിയിച്ചു.  

തലസ്ഥാനത്തെ എംഎല്‍എ ഹോസ്റ്റലില്‍ കെ.എ.അരുണന്‍ എം.എല്‍.എ യുടെ മുറിയില്‍ വച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. 

പ്രതിക്ക് കെ.എ. അരുണനുമായി അടുത്ത ബന്ധമാണുള്ളത്. തനിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായതായി യുവതി എംഎല്‍എ യോട് പരാതിപ്പെട്ടെങ്കിലും പ്രതിയെ സഹായിക്കുന്ന നിലപാടാണ്  എം.എല്‍.എ കൈക്കൊണ്ടത്. ജൂലായ് പതിനൊന്നിനാണ് സംഭവം. ആഴ്ചകളോളം സംഭവം മൂടിവെക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടത്. സംഭവം ഒത്തുതീര്‍പ്പാക്കാനാണ് എംഎല്‍എയും പാര്‍ട്ടി നേതൃത്വവും ശ്രമിച്ചത്. കെ.എ.അരുണനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

എം.എല്‍.എ ഹോസ്റ്റലില്‍ സ്ഥിരമായി തങ്ങാറുളള എം.എല്‍.എയുടെ പി.എ സംഭവദിവസം അവിടെ നിന്ന് മുങ്ങിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാണ്.ഇയാള്‍ പ്രതിയുടെ അടുത്ത സുഹൃത്താണ്. 

എന്‍ട്രന്‍സ് കോച്ചിങ്ങിന് സീറ്റ് ശരിയാക്കാനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തക കൂടിയായ പെണ്‍കുട്ടിയുമൊത്ത് പ്രതി തിരുവനന്തപുരത്ത് എത്തിയത്. സിപിഎം നേതാവായ എം.വി.ജയരാജനെ പ്രതിയുടെ കൂടെ പോയി കണ്ടതായും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് മുറിയിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കടന്നുപിടിച്ച് ബലാത്സംഗശ്രമം നടത്തിയതായാണ് പരാതി. പ്രതി കയ്യില്‍ ഗര്‍ഭനിരോധന ഉറ കരുതിയിരുന്നതായും പെണ്‍കുട്ടി നല്‍കിയ പരാതിയിലുണ്ട്. 

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് പ്രതി പെണ്‍കുട്ടിയെ എം.എല്‍.എ ഹോസ്റ്റിലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. 

താന്‍ പരാതിപ്പെട്ടതോടെ ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റെയും പ്രാദേശിക നേതൃത്വം ഒത്തുതീര്‍പ്പിനായി സമീപിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. പോലീസില്‍ പരാതി നല്‍കരുതെന്നും ഏരിയസെക്രട്ടറി പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും പരിഹാരമുണ്ടാക്കാമെന്നും പ്രാദേശിക നേതൃത്വം പറഞ്ഞതായാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. 

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത കാട്ടൂര്‍ പോലീസ് സംഭവം നടന്നത് തിരുവനന്തപുരത്തായതിനാല്‍ കേസ് അവിടെത്തെ പോലീസിന് കൈമാറുമെന്ന് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.