പുതിയ പാക് പ്രസിഡന്റിനുണ്ട് രസകരമായൊരു ഇന്ത്യന്‍ ബന്ധം

Thursday 6 September 2018 1:53 am IST
കഴിഞ്ഞ ദിവസമാണ് ഡോ. ആരിഫ് അല്‍വിയെ പാക്കിസ്ഥാന്റെ 13-ാം പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ഇന്‍സാഫിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് അറുപത്തിമൂന്നുകാരനായ ആരിഫ് അല്‍വി.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിക്ക് ഇന്ത്യയുമായുള്ളത് രസകരമായൊരു ബന്ധം. എന്താണെന്നല്ലേ, പാക് പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിയുടെ പിതാവാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദന്തഡോക്ടര്‍. ഇന്ത്യാ-പാക് വിഭജനത്തിന് മുമ്പ്. പാര്‍ട്ടി വെബ്‌സൈറ്റില്‍ പുതിയ പ്രസിഡന്റിനെ കുറിച്ചു നല്‍കിയ ലഘുജീവചരിത്രത്തിലാണ് ഇന്ത്യന്‍ ബന്ധത്തെ കുറിച്ചുള്ള കാര്യവും ചേര്‍ത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് ഡോ. ആരിഫ് അല്‍വിയെ പാക്കിസ്ഥാന്റെ 13-ാം പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ഇന്‍സാഫിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് അറുപത്തിമൂന്നുകാരനായ ആരിഫ് അല്‍വി. പിതാവ് ഡോ. ഹബീബ് ഉര്‍ റഹ്മാന്റെ പാത തന്നെയാണ് ഉദ്യോഗകാര്യത്തില്‍ ആരിഫ് അല്‍വിയും തെരഞ്ഞെടുത്തത്. ഇരുരാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947ല്‍ കറാച്ചിയില്‍ വച്ചാണ് ആരിഫ് അല്‍വിയുടെ ജനനം. ഇക്കാര്യങ്ങളും വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്.

പാകിസ്ഥാനിലേക്ക് കുടിയേറിയതിന് ശേഷവും ഡോ. അല്‍വിയും ജവഹര്‍ലാല്‍ നെഹ്‌റുവും തമ്മില്‍ ബന്ധം സൂക്ഷിച്ചിരുന്നു. ഇരുവരും തമ്മില്‍ കത്തിടപാടുകളും നടത്തിയിരുന്നു. ഈ കത്തുകള്‍ ഇപ്പോള്‍ ഡോ. ആരിഫ് അല്‍വിയുടെ കൈവശം ഉണ്ടെന്നും വെബ്‌സൈറ്റില്‍ പറയുന്നു. 

ജിന്ന കുടുംബവുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു ഡോ. ഹബീബ് ഉര്‍ റഹ്മാന്‍ ഇലാഹി അല്‍വി. മുഹമ്മദലി ജിന്നയുമായി ബന്ധപ്പെട്ട ട്രസ്റ്റിന്റെ ട്രസ്റ്റിയായിരുന്നു ഡോ. അല്‍വി. മാത്രമല്ല അല്‍വിയുടെ മുന്‍ഗാമികളായ മംനൂണ്‍ ഹുസ്സൈനിന്റെയും പര്‍വേഷ് മുഷറഫിന്റെയും വേരുകളും ഇന്ത്യയില്‍ നിന്നുള്ളതാണ്. ഹുസൈന്റെ കുടുംബം ആഗ്രയില്‍ നിന്നും മുഷറഫിന്റെ കുടുംബം ദില്ലിയില്‍ നിന്നും പാക്കിസ്ഥാനിലെത്തിയവരാണെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.