നദാല്‍, സെറീന സെമിയില്‍

Thursday 6 September 2018 2:57 am IST

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും വനിതകളുടെ മുന്‍ ചാമ്പ്യന്‍ സെറീന വില്ല്യംസും യുഎസ് ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. അതേസമയം നിലവിലെ വനിതാ ചാമ്പ്യന്‍ സ്ലോയേന്‍ സ്റ്റീഫന്‍സ് ക്വാര്‍ട്ടറില്‍ പുറത്തായി.

അഞ്ചു സെറ്റ് നീണ്ട  മാരത്തണ്‍ മത്സരത്തില്‍ ഡൊമിനിക് തീമിനെ തോല്‍പ്പിച്ചാണ് റാഫേല്‍ നദാല്‍ സെമിയിലെത്തിയത്. തുടക്കത്തില്‍ നിറംമങ്ങി ആദ്യ സെറ്റ്  നഷ്ടമായ നദാല്‍ ശക്തമായ തിരിച്ചുവരവിലാണ് ലോക ഒമ്പതാം നമ്പറായ ഡൊമിനിക് തീമിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 0-6, 6-4, 7-5, 6-7 (4), 7-6 (5). മത്സരം നാല് മണിക്കൂര്‍ നാല്‍പ്പത്തിയൊമ്പത് മിനിറ്റ് നീണ്ടു.

നാളെ നടക്കുന്ന സെമിയില്‍ നദാല്‍ മൂന്നാം സീഡായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ നേരിടും. ലോക പതിനൊന്നാം നമ്പറായ ജോണ്‍ ഇസ്‌നറെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് യുവന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ സെമിഫൈനലിലെത്തിയത്. സ്‌കോര്‍ 6-7 (5), 6-3, 7-6 (4), 6-2.

അമേരിക്കന്‍ താരമായ സ്ലോയേന്‍ സ്റ്റീഫന്‍സിനെ ലാത്‌വിയയുടെ അനസ്താസിജ സെവസ്‌റ്റോവയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 6-2, 6-3. സെവസ്‌റ്റോവയ്ക്ക് മധുരപ്രതികാരമായി ഈ വിജയം. കഴിഞ്ഞ തവണ ഇവിടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവസ്‌റ്റോവ, സ്റ്റീഫന്‍സിനോട് തോറ്റിരുന്നു.

സെമിഫൈനലില്‍ സെവസ്‌റ്റോവ, കിരീടം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന മുന്‍ ലോക ഒന്നാം നമ്പറായ സെറീന വില്യംസിനെ നേരിടും. ആറുതവണ യുഎസ് ഓപ്പണില്‍ കിരീടം ചൂടിയ സെറീന ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് എട്ടാം സീഡായ കരോലിന പ്ലിസ്‌ക്കോവയെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 6-3.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.