അഞ്ചാം ടെസ്റ്റ്: ഇന്ത്യക്ക് ജയിക്കാന്‍ ഓപ്പണര്‍മാര്‍ റണ്‍സ് നേടണം

Thursday 6 September 2018 3:03 am IST

ലണ്ടന്‍: മൂന്ന് ടെസ്റ്റകുളില്‍ തോറ്റ് പരമ്പര ഇംഗ്ലണ്ടിന് അടിയറവെച്ച ഇന്ത്യക്ക് അവസാന ടെസ്റ്റില്‍ വിജയം പിടിച്ച് തോല്‍വിയുടെ ഭാരം കുറയ്ക്കാന്‍ ഓപ്പണര്‍മാര്‍ കനിയണം. ആദ്യ ടെസ്റ്റുകളില്‍ അമ്പേ പരാജയപ്പെട്ട ഇന്ത്യന്‍ ഓപ്പണര്‍മാര്‍ റണ്‍സ് വാരിക്കൂടി മികച്ച തുടക്കം സമ്മാനിച്ചാലേ കോഹ്‌ലിക്ക് ടീമിനെ വിജയത്തിലേക്ക് പിടിച്ചുയര്‍ത്താനാകൂ. അഞ്ചാം ടെസ്റ്റ് നാളെ കെന്നിങ്ടണ്‍ ഓവലില്‍ ആരംഭിക്കും.

നിറം മങ്ങിയ ഓപ്പണര്‍ മുരളി വിജയിനെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്ക്‌ശേഷം നാട്ടിലേക്ക് മടക്കയയച്ചു. പിന്നീട് രാഹുലും ധവാനുമാണ് ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇവര്‍ക്കും ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഈ സാചര്യത്തില്‍ അഞ്ചാം ടെസ്റ്റില്‍ പുതുമുഖം പൃഥ്‌വി ഷായെ ഓപ്പണറായി ഇറക്കി ടീം മാനേജ്‌മെന്റ് പരീക്ഷണത്തിന് മുതിരുമെന്നാണ് സൂചന.

ഇംഗ്ലണ്ട് പേസര്‍മാരുടെ വിക്കറ്റിന് അകത്തേക്ക് കയറി വരുന്ന പന്തുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ് രാഹുല്‍. ഈ പരമ്പരയില്‍ 14.12 ശതമാനമാണ് ഈ ഓപ്പണറുടെ ശരാശരി. സ്ലിപ്പിലെ മികച്ച ഫീല്‍ഡറാണെന്നുള്ളത് രാഹുലിന് അനുകൂല ഘടകമാണ്. കുട്ടിക്കാലത്ത് രാഹുല്‍ വിക്കറ്റ് കീപ്പറായിരുന്നു. അതുകൊണ്ടാണ് രാഹുലിന് സ്ലിപ്പില്‍ മികച്ച ക്യാച്ചെടുക്കാന്‍ കഴിയുന്നതെന്ന് കോച്ച് രവി ശാസ്ത്രി പറഞ്ഞു.

ഫീല്‍ഡിങ്ങ് മികച്ചതാണെങ്കിലും രാഹുലിന്റെ ബാറ്റില്‍ നിന്ന് റണ്‍ ഒഴുകുന്നില്ല. അതിനാല്‍ മധ്യനിരബാറ്റ്‌സ്മാന്മാര്‍ കടുത്ത സമ്മര്‍ദം നേരിടുകയാണ്. ഈ സാചര്യത്തില്‍ ടീം മാനേജ്‌മെന്റ് രാഹുലിന് വീണ്ടുമൊരു അവസരം നല്‍കുമോ എന്ന് കണ്ടറിയണം. അതേസമയം നാലാം ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേര്‍ന്ന അണ്ടര്‍ - 19 നായകന്‍ പൃഥ്‌വി ഷാ കടുത്ത പിരിശീലനത്തിലാണ്. ലണ്ടനില്‍ അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയിലാണ് ഷാ.

നായകന്‍ വിരാട് കോഹ്‌ലിക്ക് പുറമെ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി ഇണങ്ങി നന്നായി ബാറ്റുവീശുന്നത് അഞ്ചാം ടെസ്റ്റില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.