പീഡനത്തിന്റെ സിപിഎം മാതൃക

Thursday 6 September 2018 3:24 am IST

മഹാപ്രളയത്തിന്റെ ദുരിതത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മലയാളികള്‍ക്ക് പറഞ്ഞുനടക്കാന്‍ പീഡനകഥകള്‍ വരിവരിയായി വരുന്നു. സിപിഎം എംഎല്‍എ, ഡിവൈഎഫ്‌ഐ നേതാവ് എന്നിവര്‍ക്കെതിരെയാണ് പുതിയ ആരോപണം. അതും സ്വന്തം പാര്‍ട്ടിയിലെ വനിതാ സഖാക്കള്‍ തന്നെ പരാതിയുമായി വന്നിരിക്കുന്നു. ഡിവൈഎഫ്‌ഐ നേതാവായ വനിതയെ പാര്‍ട്ടി ജില്ലാകമ്മറ്റി ഓഫീസിന്റെ മട്ടുപ്പാവില്‍വച്ചാണ് എംഎല്‍എ പീഡിപ്പിച്ചതെങ്കില്‍ ഡിവൈഎഫ്‌ഐ നേതാവ് യുവതിയെ പീഡിപ്പിച്ചത് എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍വച്ചാണ്. ഡിവൈഎഫ്‌ഐ നേതാവിനെതിരെ അച്ചടക്ക നടപടി എടുത്തതായി പാര്‍ട്ടി പറയുന്നു. 

മുഴുത്ത നേതാവായതിനാല്‍ എംഎല്‍എയ്‌ക്കെതിരെ കിട്ടിയ പരാതി ജില്ലാ സംസ്ഥാന കേന്ദ്ര കമ്മറ്റികള്‍ രണ്ടാഴ്ചയായി തിരിച്ചും മറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കി പീഡനക്കേസിലെ അന്തിമവിധി പാര്‍ട്ടി പറയുമെന്നാണ് സിപിഎം നിലപാട്. ഞങ്ങളുടെ സഖാവിനെ ഞങ്ങളുടെ നേതാവ് പീഡിപ്പിച്ചാല്‍ നിങ്ങള്‍ക്കെന്തുകാര്യം എന്ന ന്യായമാണ് പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിരത്തുന്നത്. 

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി ആദ്യമല്ല വിവാദത്തില്‍പ്പെടുന്നത്. ഷൊര്‍ണൂരില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത് പോലീസ് ഉദ്യോഗസ്ഥന്‍ കേട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ പരസ്യമായി ശാസിച്ചത് വാര്‍ത്തയായി. ഞങ്ങള്‍ ഭരിക്കുമ്പോള്‍ ഞങ്ങള്‍ പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ശശി അന്ന് പോലീസിനോടു പറഞ്ഞത്. ശശി വീണ്ടും പ്രതിക്കൂട്ടിലായിരിക്കുന്നത് സഹപ്രവര്‍ത്തക നല്‍കിയ പരാതിയിലും. 

പീഡനക്കേസ് ക്രിമിനല്‍ക്കുറ്റമാണ്. അതുപ്രകാരം പോലീസിനും സ്വമേധയാ കേസെടുക്കാം. പീഡനസംഭവം അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നത് ജയിലില്‍ പോകേണ്ട കുറ്റമാണ്. മലപ്പുറത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പോലീസിനെ അറിയിച്ചത് തിയേറ്റര്‍ ഉടമയാണ്. പീഡിപ്പിക്കപ്പെട്ടയാള്‍ സിപിഎമ്മിന് ഇഷ്ടക്കാരനായപ്പോള്‍ വിവരമറിയിക്കാന്‍ താമസിച്ചു എന്നുപറഞ്ഞ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസാണ് പിണറായിയുടേത്. ഇവിടെ ശശി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതി നല്‍കിയിട്ട് ആഴ്ചകളായി. വിവരം പോലീസിനെ ഇതുവരെ അറിയിച്ചിട്ടില്ല. 

പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമൊക്കെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. രാജ്യത്ത് സ്ത്രീകള്‍ക്ക് രക്ഷയില്ലെന്നു പറഞ്ഞ് നരേന്ദ്രമോദിക്കെതിരെ ദല്‍ഹിയില്‍ സമരം സംഘടിപ്പിച്ച സിപിഎമ്മിലെ മഹിളാരത്‌നം വൃന്ദാ കാരാട്ട്, കിട്ടിയ പരാതി ഒളിപ്പിക്കുകയായിരുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ പറയുന്ന സഖാക്കന്മാരൊക്കെ വേട്ടക്കാരനായ എംഎല്‍എയ്ക്കുവേണ്ടി വാദിക്കുന്ന കാഴ്ചയാണിപ്പോള്‍.

വനിതകളുടെ ക്ഷേമത്തിനായി എന്നുപറഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവനയാണ് ഏറ്റവും അപഹാസ്യം. പരാതി പാര്‍ട്ടി അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുമെന്നാണ് ഭരണഘടനാപദവിയില്‍ ഇരുന്നുകൊണ്ട് കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞത്. കസേര ഏതായാലും സാദാ സഖാവിന്റെ നിലവാരത്തിനപ്പുറം ഉയര്‍ന്നിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു അവര്‍. ശശിക്കെതിരെ പോലീസിനു പകരം പാര്‍ട്ടി അന്വേഷിച്ച് തീര്‍പ്പുകല്‍പ്പിക്കുമെന്ന് പറയുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടിക്കാരിയെ പാര്‍ട്ടിക്കാരന്‍ പീഡിപ്പിച്ചാല്‍ പാര്‍ട്ടി അന്വേഷിച്ച് വിധി പറയും, സഭാംഗത്തെ ബിഷപ്പ് പീഡിപ്പിച്ചാല്‍ സഭ അന്വേഷിച്ച് തീരുമാനം പറയും എന്നൊക്കെ പറയുന്നതിലെ യുക്തി മനസ്സിലാകുന്നതല്ല. 

പീഡനവും അവിഹിതവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതുമയുള്ളതല്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എകെജിക്കെതിരെപോലും ആരോപണം ഉയര്‍ന്നതാണ്. ബാലപീഡന നിയമം നേരത്തെയുണ്ടായിരുന്നെങ്കില്‍ എകെജി ജയിലില്‍ കിടന്നേനെ എന്ന് പറഞ്ഞ എംഎല്‍എയ്‌ക്കെതിരെ സിപിഎം ബഹളം വച്ചെങ്കിലും എംഎല്‍എ ഇതേവരെ അഭിപ്രായം തിരുത്തിയിട്ടില്ല. പി. ശശി, ഗോപി കോട്ടമുറിക്കല്‍ എന്നീ ഉന്നത നേതാക്കള്‍ നടത്തിയ പീഡനക്കേസ് തെളിഞ്ഞപ്പോള്‍ അവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി മേനിനടിച്ചെങ്കിലും പിന്നീട് തിരിച്ചെടുത്ത് പീഡിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും സിപിഎമ്മിന് മടിയുണ്ടായിരുന്നില്ല. പീഡനത്തിന്റെ പേരില്‍ പുറത്താക്കിയ മന്ത്രിയെ വീണ്ടും മന്ത്രിസഭയിലെടുത്തതും പിണറായി സര്‍ക്കാരാണ്. ശശിക്കെതിരായ കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമം ഫലം കണ്ടില്ലെങ്കില്‍ പേരിനൊരു നടപടിയില്‍ കാര്യം തീരും. നട്ടെല്ലും നാണവുമില്ലാത്ത ലോക്‌നാഥ് ബെഹ്‌റയുടെ പോലീസിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹര്യത്തില്‍ പ്രത്യേകിച്ചും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.