സന്ന്യാസിവര്യന് പ്രണാമം

Thursday 6 September 2018 1:35 am IST
ഇന്നലെ സമാധിയായ പ്രശാന്താനന്ദ സരസ്വതി സ്വാമിജിയുടെ പുണ്യസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

മായന്നൂര്‍ പ്രജ്ഞാനാശ്രമം മഠാധിപതി സ്വാമി പ്രശാന്താനന്ദ സരസ്വതി നാലു പതിറ്റാണ്ടായി കേരളത്തിന്റെ ആധ്യാത്മിക, സാംസ്‌ക്കാരിക, ധാര്‍മ്മിക രംഗത്ത് ഉജ്വലമായ സേവനമാണ് കാഴ്ചവെച്ചത്. സന്ന്യാസി ശ്രേഷ്ഠന്മാരുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനും ആശ്രമങ്ങള്‍ തോറും സമ്പര്‍ക്കം ചെയ്തും അവരുടെ ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും അദ്ദേഹം ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

 മാര്‍ഗ്ഗദര്‍ശക മണ്ഡലം എന്ന സന്ന്യാസി ശ്രേഷ്ഠന്മാരുടെ ധര്‍മ്മ പ്രവര്‍ത്തന വേദി കേരളത്തില്‍ രൂപീകരിച്ച നാള്‍ മുതല്‍ തന്നെ അതിന്റെ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചത് സ്വാമി പ്രശാന്താനന്ദ സരസ്വതിയായിരുന്നു. പല ആശ്രമങ്ങളും സാമ്പത്തികമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അടക്കമുള്ള വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. 

അനാരോഗ്യം വകവെയ്ക്കാതെ കേരളത്തിലുടനീളം നിരന്തരം യാത്ര ചെയ്ത് ധര്‍മ്മപ്രചരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും ജ്ഞാന യജ്ഞങ്ങള്‍ സംഘടിപ്പിച്ചും ജനമനസ്സുകളില്‍ വലിയ ബോധവല്‍ക്കരണം സ്വാമിജി നടത്തി. 

കേരളത്തില്‍ സന്ന്യാസി ശ്രേഷ്ഠന്മാരെ എല്ലാം ഒരേ ചരടില്‍ കോര്‍ത്തിണക്കി വലിയ ആധ്യാത്മിക-ധാര്‍മ്മിക മുന്നേറ്റം നടത്താന്‍ സ്വാമിജിക്ക് സാധിച്ചു. തൃശൂര്‍ പ്രജ്ഞാനാശ്രമം മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം വ്യാപൃതനാവുകയും ഒട്ടേറെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സ്വാമിജിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. സ്വാമിജിയുടെ ദേഹവിയോഗം കേരളത്തിലെ ആധ്യാത്മിക നവോത്ഥാന രംഗത്തിനു വലിയ നഷ്ടമാണ് വരുത്തിയത്. 

ചിന്മയാനന്ദ സ്വാമിജിയോടൊപ്പം ചിന്മയാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്ന കാലഘട്ടം മുതല്‍ ഗീതാജ്ഞാന യജ്ഞങ്ങള്‍ സംഘടിപ്പിക്കുവാനും വിദ്യാര്‍ത്ഥികളിലും യുവാക്കളിയും ഭഗവത്ഗീതയെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുവാനും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. 

സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചാസദസ്സുകളും യജ്ഞങ്ങളും സംഘടിപ്പിച്ച്  കഠിനാധ്വാനം ചെയ്താണ് അദ്ദേഹം കേരളത്തിലെ ഗ്രാമഗ്രാമന്തരങ്ങളില്‍ പ്രവര്‍ത്തനം നടത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.