ചിലതൊക്കെ പറയും ; പറയാതെ വയ്യ

Thursday 6 September 2018 5:37 am IST
ഇന്നിപ്പോള്‍ ആ അനുഭവങ്ങളുടെ മുതലെടുപ്പിനാണ് സഖാക്കള്‍ ഇറങ്ങിയിരിക്കുന്നത്. ശരിയായ കൊയ്ത്തുത്സവം. കിട്ടുന്നിടത്തു നിന്നൊക്കെ പണം വാരും. അതിനു കണക്കുകള്‍ മാറിമാറി എഴുതും. ജനത്തിനു മുന്നില്‍ വയ്ക്കാന്‍ ഒരു കണക്ക്. കേന്ദ്രത്തിലേയ്ക്കു മറ്റൊരു കണക്ക്. പിന്നെ, അതിന്റെ പേരിലും കേന്ദ്രത്തെ പുലഭ്യം പറയും.

പ്രളയ ദുരിതം നേരിടുന്ന കേരളത്തിലേയ്ക്ക് കേന്ദ്രത്തില്‍ നിന്ന് അടിയന്തരമായി അയച്ചു തരേണ്ടത് കുറെ മൂക്കു കയറാണ്. നവമാധ്യമങ്ങളില്‍ കിടന്നു തലകുത്തിമറിയുന്നവര്‍ക്ക് അതിന്റെ ആവശ്യമുണ്ട്. പ്രളയ ദുരന്തത്തോടെ പലര്‍ക്കും ആവേശം ഇരട്ടിച്ചിരിക്കുന്നു. മിക്കവരും ദുരന്തം നേരിട്ടു കണ്ടിട്ടുപോലുമില്ല. എന്തെന്ന് അറിയാനും വയ്യ. 

പക്ഷേ, കണ്ടനുഭവിച്ചതു പോലെ കമന്റിടും. വാക്കുകള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ നന്നായി ശ്രദ്ധിക്കും. കേട്ടാല്‍ ഓക്കാനം വരുന്ന വാക്കുകളേ ഉപയോഗിക്കൂ. പുതിയ ആഭാസ വാക്കുകള്‍ക്കായി നിഘണ്ടുവില്‍ പരതുന്ന തിരക്കിലാണത്രെ പലരും. മാളിക മുകളിലിരുന്ന് ആനപ്പിണക്കം കാണുന്ന സുഖമാണവര്‍ക്ക്. 

ദിവസങ്ങളായി ദുരന്ത ഭൂമിയിലെ വെള്ളത്തിലും ചെളിയിലും കിടന്നു പാടുപെടുന്ന സന്നദ്ധസേവകര്‍ കൈ നനയാതെ മീന്‍ പിടിക്കുകയാണെന്നുവരെ ചില നവമാധ്യമന്‍മാര്‍ കുറിച്ചു കണ്ടു. സേവാഭാരതി എന്നൊരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരും അക്കൂട്ടത്തിലുണ്ട് എന്നതാണ് ആ മാന്യനെ പ്രകോപിപ്പിച്ചത്. പ്രളയം മുക്കിയ ഒരു വീടിന്റെ ടോയ്‌ലറ്റ് കഴുകുന്നൊരു സഹോദരനെ പുച്ഛിക്കുന്ന പോസ്റ്റും കണ്ടു. സഹജീവി സ്‌നേഹമുള്ളവര്‍ അതൊക്കെ ചെയ്യും സുഹൃത്തേ. അതിനാണു ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന് പറയുന്നത്. 

സുരക്ഷിത സ്ഥാനത്തിരുന്നു വാട്‌സാപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും വിഷം തുപ്പുന്ന ഇത്തരക്കാരെ മൂക്കുകയറിട്ട് ചെവിക്ക് പിടിച്ച് ദുരന്തമേഖലകളില്‍ കൊണ്ടുപോയി വിടണം. കണ്ടു പഠിക്കട്ടെ എന്താണ് പ്രളയദുരന്തമെന്നും എന്താണ് ദുരിതാശ്വാസ പ്രവര്‍ത്തനമെന്നും. ഓരോരുത്തരുടേയും കൈയിലോരോ കൈക്കോട്ടു കൂടി കൊടുക്കുന്നതു നന്നായിരിക്കും. ഒരു വീടെങ്കിലും ശുചിയാക്കിയിട്ടേ തിരിച്ചു പോകാന്‍ അനുവദിക്കാവൂ. പ്രളയക്കാഴ്ചയുടെ ഭംഗി ആസ്വദിക്കാന്‍ മെട്രോയില്‍ കയറിയ കുറെ സൗന്ദര്യാസ്വാദകരുണ്ടല്ലോ. അതിനേക്കാള്‍ മ്‌ളേച്ഛമാണ് ഈ നവമാധ്യമപ്പടയുടെ വിളയാട്ടം. 

കൊച്ചു കുട്ടികള്‍ ടാപ്പു തുറന്നു വെള്ളം ചീറ്റിച്ചു കളിക്കുന്നതു പോലെ, അണക്കെട്ടുകളൊക്കെ തുറന്നുവിട്ട മന്ത്രിമാരുടെ നാടാണിത്. വെള്ളം കുതിച്ചു വന്നപ്പോള്‍ മന്ത്രിമാര്‍ ചിരിച്ചുകൊണ്ടു പത്രസമ്മേളനം നടത്തി. ധാര്‍ഷ്ട്യവും പുച്ഛവും പരിഹാസവുമൊക്കെ മാറിമാറി ആ ചിരിയില്‍ നിറഞ്ഞുകൊണ്ടിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരഭിമാനക്കൊലയിലേക്ക് കാര്യങ്ങളെ നയിച്ചത് ആ ചിരിയാണ്. സൈന്യത്തെ ചുമതല ഏല്‍പ്പിക്കില്ലെന്ന വാശിയും ദുരഭിമാനവുമാണല്ലോ പ്രളയദുരന്തം ഇത്ര കടുത്തതാക്കിയത്. നാനൂറിലേറെപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

എന്നാലെന്താ, സര്‍ക്കാര്‍ സ്വന്തം അഭിമാനം കാത്തില്ലേ? തങ്ങള്‍ പറയുന്നതു മാത്രം സൈന്യം ചെയ്താല്‍ മതി എന്നതായിരുന്നല്ലോ നിലപാട്. അതുതന്നെയാണ് ഇപ്പോഴും നടക്കുന്നത്. സൈന്യം മാറി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്നെന്ന് മാത്രം. പാര്‍ട്ടി പറയുന്നവര്‍ക്ക് ദുരിതാശ്വാസം. പാര്‍ട്ടി പറയുന്നവര്‍ക്ക് ധനസഹായം. പാര്‍ട്ടി പറയുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും. അത്തരക്കാരുടെ പുതുതലമുറ ഇങ്ങനെയൊക്കെയല്ലാതെ പിന്നെ എങ്ങനെ പെരുമാറാനാണ് ?  

പ്രകൃതിദുരന്തം അപ്രതീക്ഷിതമാണെന്ന് സമ്മതിക്കാം. പക്ഷേ, അണക്കെട്ടുകള്‍ തുറക്കുന്നത് മനുഷ്യനാണ്. തുറന്നാല്‍ ചില പ്രശ്‌നങ്ങളൊക്കെയുണ്ടാകുമെന്ന് ഊഹിക്കാനുള്ള സാമാന്യബുദ്ധി മനുഷ്യന് പ്രകൃതിതന്നെ തന്നിട്ടുണ്ടുതാനും. എങ്കില്‍പ്പിന്നെ എന്തേ മുന്‍കരുതലിനേക്കുറിച്ചു ചിന്തിച്ചില്ലാ... എന്നു ചോദിക്കരുത്. കാരണം ഇതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാരാണ്. ഇവിടെ നടപടികളേയുള്ളു. ചോദ്യങ്ങളില്ല. 

പക്ഷേ, വെള്ളത്തിന് അത് അറിയില്ലല്ലോ. സഖാക്കളേപ്പോലെ പാര്‍ട്ടി പറയുന്ന വഴിക്കേ വെള്ളം പോകൂ എന്നു സര്‍ക്കാര്‍ ധരിച്ചിടത്താണ് പിഴച്ചത്. കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പന മാത്രം നടത്തിയും കേട്ടും അനുസരിച്ചും അനുസരിപ്പിച്ചും ശീലിച്ചവരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ പ്രകൃതി വഴങ്ങിയില്ല. അതിന്റെ ഫലം അനുഭവിച്ചത് പാവം പൊതുജനമാണെന്നു മാത്രം. അവരാണല്ലോ എന്നും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍. 

ഇന്നിപ്പോള്‍ ആ അനുഭവങ്ങളുടെ മുതലെടുപ്പിനാണ് പാര്‍ട്ടി ഇറങ്ങിയിരിക്കുന്നത്. ശരിയായ കൊയ്ത്തുത്സവം. കിട്ടുന്നിടത്തു നിന്നൊക്കെ പണം വാരും. അതിനു കണക്കുകള്‍ മാറിമാറി എഴുതും. ജനത്തിനു മുന്നില്‍ വയ്ക്കാന്‍ ഒരു കണക്ക്. കേന്ദ്രത്തിലേയ്ക്കു മറ്റൊരു കണക്ക്. പിന്നെ, അതിന്റെ പേരിലും കേന്ദ്രത്തെ പുലഭ്യം പറയും.

 പ്രളയം വന്ന ദിവസം തുടങ്ങിയതാണ് പണത്തിന്റെ കണക്ക് പറച്ചില്‍. വെള്ളം കുതിച്ചു വരുന്ന വേഗത്തില്‍ത്തന്നെ, നഷ്ടത്തിന്റെ കണക്ക് പറഞ്ഞവരാണ് ഭരിക്കുന്നത്. കൃത്യം 8316 കോടി രൂപ. ആ കാശ് ഇങ്ങു തന്നേക്കാനാണ് പ്രധാനമന്ത്രിയോടു പറഞ്ഞത്. ആ സമയത്ത് എങ്ങനെ അത്തരമൊരു കണക്ക് കിട്ടി എന്നതിന് വിശദീകരണമില്ല. നഷ്ടം സംഭവിച്ചു കഴിഞ്ഞിട്ടുവേണ്ടേ കണക്കെടുക്കാന്‍. അതിനും ചില നടപടിക്രമങ്ങളൊക്കെയുണ്ടല്ലോ. 

ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. പാര്‍ട്ടിയും സര്‍ക്കാരും കല്‍പ്പന ഇറക്കിയിട്ടല്ല ജനം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ സേവനത്തിന്റെ മൊത്താമവകാശം ആരും ഏറ്റെടുക്കാന്‍ മെനക്കെടുകയും വേണ്ട. അവര്‍ സേവനത്തിന് ഇറങ്ങിയത് സഹജീവി സ്‌നേഹം കൊണ്ടാണ്. ഇതൊന്നും തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ പ്രവൃര്‍ത്തിയിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. ന്യൂജന്‍ എന്നും ഫ്രീക്കന്മാര്‍ എന്നും സമൂഹം പരിഹസിക്കാറുള്ള ചെറുപ്പക്കാരുമുണ്ടായിരുന്നു സ്വയം മറന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്. 

ഒരാള്‍ സന്ന്യാസി വേഷം ധരിച്ചു നടത്തിയ തട്ടിപ്പിന്റെ പേരില്‍ കാഷായ വേഷക്കാരെ മുഴുവന്‍ ഓടിച്ചിട്ടു തല്ലിയവരുടെ നാടാണിത്. ഇവിടെത്തന്നെയാണു കഴിഞ്ഞ ദിവസങ്ങളില്‍ കാഷായ വേഷധാരികളുടെ ഒരു സംഘം, പലരും ചെയ്യാന്‍ മടിക്കുന്ന സേവന പ്രവര്‍ത്തനം നടത്തിയത്. മൃഗങ്ങളുടെ ചീഞ്ഞളിഞ്ഞ ജഡങ്ങള്‍ ദുര്‍ഗന്ധം വകവയ്ക്കാതെ അവര്‍ മറവു ചെയ്തു. ആരേയും വിലകുറച്ചുകാണരുതെന്ന് ഈ ദുരന്തം പഠിപ്പിച്ചു. 

അത് തിരിച്ചറിയാത്തവരാണ് ദുരന്തത്തിന്റെ പേരില്‍ മുതലെടുക്കുന്നതും മൊബൈല്‍ ഫോണിലെ അക്ഷരങ്ങളില്‍ വിരലമര്‍ത്തി മറ്റുള്ളവരെ കുത്തിനോവിക്കുന്നതും. കുറെയൊക്കെ കണ്ടില്ലെന്നു നടിക്കാം. പക്ഷേ, ചിലപ്പോള്‍ പറഞ്ഞു പോകും; പറയാതെ വയ്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.