'അവള്‍ ഒരുമാസമായി കടുത്ത സമ്മര്‍ദ്ദത്തില്‍’

Thursday 6 September 2018 1:59 am IST
പി.കെ.ശശി എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയുടെ അച്ഛന്‍ 'ജന്മഭൂമി'യോട്‌

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ തന്റെ മകള്‍ ഒരു മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് വനിത ഡിവെഎഫ്‌ഐ നേതാവിന്റെ  അച്ഛന്‍. അവള്‍  നേരിട്ടത് കടുത്തമാനസിക സമ്മര്‍ദമാണ്.  ഒരുമാസമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമോ എന്ന ആശങ്കയിലായിരുന്നു മകള്‍, അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.   എന്തായാലും താന്‍ മകള്‍ക്കൊപ്പം പരാതിയില്‍ ഉറച്ചു  നില്‍ക്കുകയാണ്. കാലനും പലരൂപത്തില്‍ വരും. എങ്കിലും മകള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്, അദ്ദേഹം പറഞ്ഞു.  എംഎല്‍എ  പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി നല്‍കിയ യുവതി ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗമാണ്.

പാര്‍ട്ടിയിലെ പ്രബലനായ  പി.കെ. ശശിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് എന്തെങ്കിലും കാരണം ചൂണ്ടിക്കാട്ടി   പുറത്താക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പരാതിക്കാരിക്ക് അറിയാമായിരുന്നുവെന്നാണ് സൂചന. താന്‍ പാര്‍ട്ടിയില്‍ നിന്ന് ഒറ്റപ്പെടുന്നുവെന്ന തോന്നലും  അവര്‍ക്കുണ്ടായിരുന്നു. ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയ ശശിയോട് ഉപദ്രവിക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇതുസംബന്ധിച്ച് ജില്ലാ നേതാക്കളോട് പരാതിപ്പെട്ടത്. അപ്പോള്‍  എംഎല്‍എയില്‍ നിന്ന് മാറിനടക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചത്. അതേസമയം സംഭവം ഒതുക്കിതീര്‍ക്കാന്‍ ശക്തമായ ശ്രമമുണ്ട്.

പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ കേസന്വേഷണം തൃശൂര്‍ റേഞ്ച് ഐജിയെ ഏല്‍പ്പിച്ചതും, എം.വി. ഗോവിന്ദനും പി.കെ. ശ്രീമതിയുമടക്കമുള്ള രണ്ടംഗ കമ്മറ്റിയുടെ അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ  ഭാഗമാണ്. 

 ശശിക്കെതിരായ  ആരോപണത്തില്‍ മാത്രമല്ല വിഷയം ഒത്തുതീര്‍പ്പാക്കാന്‍ നടന്ന  ശ്രമവും അന്വേഷിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.  ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഒരു കോടി രൂപയും, ഡിവൈഎഫ്‌ഐ സംസ്ഥാന പദവിയും യുവതിക്ക് വാഗ്ദാനം ചെയ്തത്.   സിപിഎം, ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിനെതിരേയും വിഷയത്തില്‍ മൗനം പാലിച്ച സംസ്ഥാന നേതാക്കള്‍ക്കെതിരേയും അന്വേഷണം വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ വിഷയം ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യാതിരുന്ന ജില്ലാനേതൃത്വം ശശിയെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.