തോന്നിയ കണക്കുമായി മന്ത്രിമാര്‍; കരുതലോടെ കേന്ദ്രം

Thursday 6 September 2018 3:03 am IST

കൊച്ചി: കേരളത്തിന്റെ പ്രളയക്കെടുതിയില്‍ മനസ്സില്‍ തോന്നിയ കണക്കുകളുമായി മന്ത്രിമാര്‍. കള്ളക്കണക്കുകള്‍ കണ്ട് കേന്ദ്രം കരുതലോടെ. 

കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ദല്‍ഹിയില്‍ എത്തി കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങിനെയും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയേയും കണ്ടു. മത്സ്യബന്ധന മേഖലയ്ക്ക് 24 കോടി നല്‍കാമെന്ന് കേന്ദ്രമന്ത്രി രാധാമോഹന്‍ സിങ് ഉറപ്പു നല്‍കി. റോഡുകള്‍ തകര്‍ന്നതു വഴി ഇരുപതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കണക്കാണ് മേഴ്‌സിക്കുട്ടിയമ്മ ഗഡ്കരിക്കു നല്‍കിയത്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന സമയത്ത് നല്‍കിയ കണക്കില്‍ 98000 കിലോമീറ്റര്‍ റോഡു തകര്‍ന്നെന്നും 13000 കോടി രൂപയുടെ നഷ്ടമുണ്ടെന്നുമാണ്. ആകെ നഷ്ടം ഇരുപതിനായിരം കോടി, പുനരധിവാസത്തിന് പതിനായിരം കോടി, അങ്ങനെ ആകെ മുപ്പതിനായിരം കോടി വേണം എന്നാണ് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ രണ്ടു ദിവസമായി പറയുന്നത്. എന്നാല്‍ മെഴ്‌സിക്കുട്ടിയമ്മ ഗഡ്കരിയെ കണ്ടപ്പോള്‍ റോഡിന്റെ ആവശ്യം മാത്രം ഇരുപതിനായിരം കോടിയായി. 

ഇതിലെ വ്യത്യാസം മാത്രം ഏഴായിരം കോടിയാണ് പൊതുമരാമത്ത് വകുപ്പ് എടുത്ത കൃത്യമായ കണക്കു പ്രകാരം 34732 കിലോമീറ്റര്‍ റോഡു തകര്‍ന്നുവെന്നും 5511.86 കോടി രൂപയുടെ നഷ്ടമുണ്ടെന്നുമാണ്. മെഴ്‌സിക്കുട്ടയമ്മ നല്‍കിയ കണക്കും യഥാര്‍ഥ കണക്കും തമ്മില്‍ പന്തീരായിരം കോടിയുടെ വ്യത്യാസം. കണക്കുകളിലെ പൊരുത്തക്കേട് വളരെ ഗൗരവകരമാണ്. കണക്കു തിട്ടപ്പെടുത്തുന്നതില്‍ പോലും ഏകോപനമില്ലെന്നതിന് മറ്റൊരു തെളിവാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിതിന്‍ ഗഡ്കരിക്ക് അയച്ച കത്ത്. 

 പ്രളയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തകര്‍ന്ന ദേശീയപാത പുനരുദ്ധാരണത്തിന് 911.75 കോടിയാണ് സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അറ്റകുറ്റ പണികള്‍ക്കായി അടിയന്തരമായി 45.43 കോടി നല്‍കണമെന്നും. എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിലുണ്ട്. കേരളത്തിലെ പൊതുമരാമത്ത് റോഡുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ സഹായം ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.