ചേരിപ്പോര് രൂക്ഷം; മന്ത്രിസഭായോഗം ചേര്‍ന്നില്ല

Thursday 6 September 2018 1:06 am IST
കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും തമ്മില്‍ ഇടഞ്ഞിരുന്നു. കുട്ടനാട്ടിലെ പ്രളയദുരിതം അതുപോലെ തുടരുന്നുണ്ട്.

തിരുവനന്തപുരം: മന്ത്രിസഭയില്‍ ചേരിപ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് മന്ത്രിസഭായോഗം ചേരാനായില്ല. പ്രത്യേക അജണ്ടയില്ലായിരുന്നു എന്നാണ്  ഔദ്യോഗിക വിശദീകരണം. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചതും ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ നിലവിലുള്ളപ്പോഴാണ്   അജണ്ടയുടെ കാരണം പറഞ്ഞ് മന്ത്രിസഭായോഗം ചേരാത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ മന്ത്രിസഭാ യോഗങ്ങള്‍ക്ക് മുടക്കം വരാതിരിക്കാന്‍ മന്ത്രി ഇ.പി. ജയരാജനെ അധ്യക്ഷനാക്കി ഉത്തരവും ഇറക്കിയിരുന്നു. 

കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും തമ്മില്‍ ഇടഞ്ഞിരുന്നു. കുട്ടനാട്ടിലെ പ്രളയദുരിതം അതുപോലെ തുടരുന്നുണ്ട്.  പ്രളയബാധിത കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന പതിനായിരം രൂപയുടെ വിതരണം  എങ്ങുമെത്തിയില്ല. ഇത്തരത്തില്‍ പ്രളയവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. 

ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ച കാര്യത്തിലും മന്ത്രിമാര്‍ക്ക് ഭിന്നസ്വരം ഉണ്ടായിരുന്നു. ഓഖി ദുരന്തമുണ്ടായപ്പോഴും തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരുന്നെന്ന് മന്ത്രി ബാലന്‍ വ്യക്തമാക്കിയിരുന്നു. ടൂറിസം വികസനത്തിന് വേണ്ടിയാണ് വിനോദസഞ്ചാര മേഖലകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും നിലപാട് അറിയിച്ചിരുന്നു. 

ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളില്‍ നിന്ന് അനിയന്ത്രിതമായി വെള്ളം തുറന്ന് വിട്ടിട്ടില്ലെന്ന് മാത്യു ടി. തോമസ് വര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ വൈദ്യുതി മന്ത്രി എം.എം. മണി പ്രതിക്കൂട്ടിലായി. ഈ വിഷയവും ഉയര്‍ന്ന് വന്നേക്കാം. ഇതിനിടെ സര്‍ക്കാര്‍ ചെലവ് ചുരുക്കണമെന്ന് പറയുകയും  മന്ത്രിമാരായ എ.കെ. ബാലനും കടകംപള്ളി സുരേന്ദ്രനും വിദേശയാത്ര നടത്തുന്നതും വിവാദമായി. നവകേരളത്തിനായി ഞങ്ങള്‍ ഒന്നിച്ചിറങ്ങുകയല്ലേ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം  മന്ത്രിമാര്‍ വിദേശത്ത് പോകുന്നതാണോയെന്ന വിമര്‍ശമനവും ഉയര്‍ന്നു. 

ഇത്തരത്തിലുള്ള പൊട്ടലും ചീറ്റലും മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നാല്‍ മന്ത്രി ജയരാജനെക്കൊണ്ട് നിയന്ത്രിക്കാനായെന്ന് വരില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനായി മന്ത്രിസഭാ ഉപസമിതിയോഗം ചേര്‍ന്നിട്ടുണ്ടെന്നാണ് മറ്റൊരു വിശദീകരണം. എന്നാല്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്ത് ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ഉപസമിതിക്കില്ല. പാര്‍ട്ടി ഇടപെട്ട് മന്ത്രിമാരെ സമാധാനിപ്പിച്ച് അഭിപ്രായഭിന്നത മാറ്റിയാലേ യോഗം സുഗമാക്കാനാകൂ. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.