കൊതുക്ജന്യരോഗ ഭീതിയും; മൂന്നു മാസം കനത്ത ജാഗ്രത വേണം

Thursday 6 September 2018 9:59 am IST
ഡെങ്കിപ്പനി, മലമ്പനി, ജപ്പാന്‍ ജ്വരം, ചിക്കുന്‍ ഗുനിയ, എച്ച്1എന്‍1 തുടങ്ങിയവ പടരാന്‍ സാധ്യത ഉണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) മുന്നറിയിപ്പ്. ഇതിനെ സാധൂകരിക്കുന്നതാണ് മഴ തുടങ്ങിയ ജൂണ്‍, ജൂലൈ മാസത്തെ രോഗങ്ങളുടെ കണക്കുകള്‍.

തിരുവനന്തപുരം: എലിപ്പനി പടരുന്നതിന് പിന്നാലെ വെല്ലുവിളി ഉയര്‍ത്തി കൊതുകുജന്യ രോഗങ്ങള്‍. ശുചീകരണത്തിലും പ്രതിരോധത്തിലും അതീവജാഗ്രത വേണമെന്ന്  നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി). 

ഡെങ്കിപ്പനി, മലമ്പനി, ജപ്പാന്‍ ജ്വരം, ചിക്കുന്‍ ഗുനിയ, എച്ച്1എന്‍1 തുടങ്ങിയവ പടരാന്‍ സാധ്യത ഉണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) മുന്നറിയിപ്പ്. ഇതിനെ സാധൂകരിക്കുന്നതാണ് മഴ തുടങ്ങിയ ജൂണ്‍, ജൂലൈ മാസത്തെ രോഗങ്ങളുടെ കണക്കുകള്‍.

വെള്ളം കെട്ടികിടക്കുന്നിടത്തെല്ലാം ശുചീകരണം ശക്തമാക്കിയില്ലെങ്കില്‍ കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രണാതീതമാകും. മൂന്ന് മാസം മുമ്പ് കോഴിക്കോട് മണിയൂര്‍ പഞ്ചായത്തിലും വെള്ളയില്‍ പ്രദേശത്തും മന്ത് കണ്ടെത്തിയിരുന്നു. നിരവധി പേരില്‍ മലമ്പനിയും കണ്ടെത്തി. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജപ്പാന്‍ജ്വരം എന്നിവയും മഴ തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്ത് സജീവമായിരുന്നു. മഴതുടങ്ങിയതോടെ അവ കുറഞ്ഞു. കൊതുകിന്റെ പ്രജനനം തടഞ്ഞില്ലെങ്കില്‍ അവ ക്രമാതീതമായി പടരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ഡെങ്കി വ്യാപകമാണ്.

ശുദ്ധജലക്ഷാമം ഉള്ളതിനാല്‍ ജലജന്യരോഗങ്ങള്‍ക്കും സാധ്യതയേറെ. രൂക്ഷമായ വയറിളക്കത്തോടൊപ്പം രക്തസ്രാവം കൂടി ഉണ്ടാകുന്ന ഷിഗെല്ല രോഗം പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് തലക്കുളത്തൂരില്‍ നിരവധിപേരില്‍ മഞ്ഞപ്പിത്തം കണ്ടെത്തിയത് പ്രളയത്തിന് ഏതാനും മാസം മുമ്പാണ്. 13 പേരില്‍ കോളറയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ആഗസ്റ്റില്‍ 528 പേര്‍ സംസ്ഥാനത്ത് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പനിയും ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. വൈറല്‍ പനി, ചിക്കന്‍പോക്‌സ്, ചെള്ളുപനി എന്നിവയ്‌ക്കെതിരെയും ജാഗ്രതവേണം. മരണനിരക്ക് താരതമ്യേന കൂടുതലുള്ള വായുവിലൂടെ പകരുന്ന മസ്തിഷ്‌ക ജ്വരവും പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണ്.

കടുത്ത ജാഗ്രത വേണം : ഡോ. എം.കെ. ഷൗക്കത്തലി (എല്‍സിഡിസി കോഴിക്കോട് യൂണിറ്റ് മോധാവി)

ഇപ്പോള്‍ കൊതുകുജന്യ രോഗങ്ങള്‍ പടരാത്തതിന് കാരണം കൊതുകു ലാര്‍വകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ച് പോയതിനാലാണ്. വെള്ളക്കെട്ട് തുടരുന്നതിനാല്‍ 15-30 ദിവസത്തിനുള്ളില്‍ സ്ഥിതി മാറിമറിയും. കൊതുകുവളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ മലമ്പനി, ചിക്കുന്‍ഗനിയ, ഡെങ്കിപ്പനി, ജപ്പാന്‍ജ്വരം മുതലായവ പടരും.  

കൊതുജന്യരോഗങ്ങളില്‍ ശ്രദ്ധ വേണം: ഡോ. കെ.ജെ. റീന(അഡീഷണല്‍ ഡയറക്ടര്‍, ആരോഗ്യവകുപ്പ്)

കൊതുകുജന്യ രോഗങ്ങളില്‍ ജാഗ്രത വേണം. ഡെങ്കിപ്പനിക്കും മലമ്പനിക്കും സാധ്യതയുണ്ട്. കൊതുക് മുട്ടയിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ജലജന്യ രോഗങ്ങള്‍ അധികം പടരാതിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെങ്കിലും അക്കാര്യത്തിലും ജാഗ്രത വേണം. വിവാഹ സല്‍ക്കാരങ്ങളിലേതടക്കമുള്ള കുടിവെള്ളം ശ്രദ്ധയോടുകൂടിയേ ഉപയോഗിക്കാവൂ. പ്രതിരോധ മരുന്നുകള്‍ നിര്‍ബന്ധമായും കഴിക്കണം.

അനീഷ് അയിലം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.