സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല: സുപ്രീം കോടതി

Thursday 6 September 2018 11:59 am IST
സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും സു്പ്രീം കോടതി വ്യക്തമാക്കി

ന്യൂദല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗ  ലൈംഗികത കുറ്റകരമല്ലെന്ന് സുപ്രീം കോടതി. സ്വവര്‍ഗ്ഗ  ലൈംഗികത  കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ്  377  സുപ്രീം കോടതി റദ്ദാക്കി.  വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും സുപ്രീം കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. വൈവിദ്ധ്യത്തിന്റെ ശക്തിയെ മാനിക്കണം. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം. എല്‍ജിബിറ്റി സമൂഹത്തിന് മറ്റെല്ലാവര്‍ക്കുമുള്ള അവകാശമുണ്ട്. ഞാന്‍ എന്താണോ അതുപോലെ ജീവിക്കാനാകണമെന്നും കോടതി വ്യക്തമാക്കി.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്കാണ് ചരിത്രപരമായ വിധിയിലൂടെ മാറ്റം വന്നിരിക്കുന്നത്.  കേസില്‍ നാല് വിധിപ്രസ്താവം ഉണ്ടെങ്കിലും ഏകാഭിപ്രായമാണെന്ന് വിധി ആദ്യം വായിച്ച ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377 റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സാമൂഹിക മനോഭാവം മാറുമെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നത്. ഉചിതമായ തീരുമാനം കോടതിക്ക് കൈകൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.