സ്ക്വാഡ്രന്‍ ലീഡര്‍ അന്‍ഷ വി. തോമസ് ജന്മഭൂമി സന്ദര്‍ശിച്ചു

Thursday 6 September 2018 4:02 pm IST
പ്രളയത്തില്‍ മുങ്ങിയ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഏഴോളം രോഗികളെ പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതും കോളേജ് ഹോസ്റ്റലില്‍ കുടുങ്ങിക്കിടന്ന 36 കുട്ടികളെ രക്ഷപ്പെടുത്തിയതും വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അന്‍ഷ വ്യക്തമാക്കി.

കൊച്ചി: കേരളം പ്രളയജലത്തില്‍ മുങ്ങിയപ്പോള്‍ പലയിടങ്ങളിലായി കുടുങ്ങിയവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ വ്യോമസേനാ ഉദ്യോഗസ്ഥ സ്ക്വാഡ്രന്‍ ലീഡര്‍ അന്‍ഷ വി. തോമസ് ജന്മഭൂമി സന്ദര്‍ശിച്ചു. ദുരന്തമുഖത്ത് താന്‍ നേരിട്ട അനുഭവങ്ങളും എറ്റെടുത്ത വെല്ലുവിളികളും അവര്‍ ജന്മഭൂമി ജീവനക്കാരുമായി പങ്കുവച്ചു.

പ്രളയത്തില്‍ മുങ്ങിയ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഏഴോളം രോഗികളെ പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതും കോളേജ് ഹോസ്റ്റലില്‍ കുടുങ്ങിക്കിടന്ന 36 കുട്ടികളെ രക്ഷപ്പെടുത്തിയതും വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അന്‍ഷ വ്യക്തമാക്കി. ഹെലിക്കോപ്റ്ററുകളിലുള്ള രക്ഷാപ്രവര്‍ത്തനവും ഭക്ഷണ-മരുന്ന് വിതരണവും വളരെ ഭംഗിയായി നിര്‍വഹിക്കാനായി. 

തനിക്ക് കിട്ടുന്ന ഓരോ സന്ദേശങ്ങളും പരിശോധിച്ച് ആ പ്രദേശങ്ങളിലേക്ക് ഹെലിക്കോപ്റ്ററുകളെ അയച്ചു.  ഇതിനിടയില്‍ ഭക്ഷണവും മരുന്നുകളുമായുള്ള ഹെലിക്കോപ്റ്ററുകളും കോളേജ് ഗ്രൗണ്ടിലിറങ്ങി. ഇവയെല്ലാം ഓരോ പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേക്കും വിജയകരമായി എത്തിക്കുന്നതിലും അന്‍ഷ വലിയ പങ്കാണ് വഹിച്ചത്.  എയര്‍ഫോഴ്‌സ് കോ-ഓര്‍ഡിനേഷന്‍ റൂം നായികയായിട്ടാണ് അന്‍ഷ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 

ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി വി.കെ. തോമസിന്റെയും ലീലാമ്മയുടെയും മകളായ അന്‍ഷ കോയമ്പത്തൂര്‍ ദക്ഷിണ വ്യോമ കമാന്‍ഡിലാണ് സേവനം അനുഷ്ഠിക്കുന്നത്. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലാണ് അന്‍ഷ എന്‍ജിനിയറിങ്ങിനു പഠിച്ചത്. ജന്മഭൂമിയിലെത്തിയ അന്‍ഷയെ മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍, മാനേജിംഗ് എഡിറ്റര്‍ കെ.ഉമാകാന്തന്‍, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആര്‍‌എസ്‌എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ എ.ജയകുമാര്‍ പരിപാടിയില്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.