ഭീമ-കൊറേഗാവ്: മാവോയിസ്റ്റുകളുടെ വീട്ടുതടങ്കല്‍ 12 വരെ നീട്ടി

Thursday 6 September 2018 4:22 pm IST
സുധ ഭരദ്വാജ്, ഗൗതം നവ്‌ലഖ, അരുണ്‍ ഫെരാരിയ, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, പി. വരവര റാവു എന്നിവരെയാണ് പോലീസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 28ന് അറസ്റ്റ് ചെയ്ത ഇവരെ സപ്തംബര്‍ ആറുവരെ വീട്ടുതടങ്കലില്‍ വയ്ക്കാനായിരുന്നു കോടതി ഉത്തരവ്.

ന്യൂദല്‍ഹി: ഭീമാ-കൊറേഗാവ് കലാപത്തില്‍ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് മാവോയിസ്റ്റുകളുടെ വീട്ടുതടങ്കല്‍ ഈ മാസം 12 വരെ നീട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി 12 വരെ വീട്ടുതടങ്കല്‍ നീട്ടിയത്. 

സുധ ഭരദ്വാജ്, ഗൗതം നവ്‌ലഖ, അരുണ്‍ ഫെരാരിയ, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, പി. വരവര റാവു എന്നിവരെയാണ് പോലീസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 28ന് അറസ്റ്റ് ചെയ്ത ഇവരെ സപ്തംബര്‍ ആറുവരെ വീട്ടുതടങ്കലില്‍ വയ്ക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഇവരെ ഇനിയും വീട്ടുതടങ്കലില്‍ വയ്ക്കുന്നത്  തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടയാക്കുമെന്നും അറസ്റ്റിലായ അഞ്ചു പേരെയും കസ്റ്റഡി അന്വേഷണത്തിന് വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 

മാവോയിസ്റ്റുകളെ അറസ്റ്റു ചെയ്തതിനെ ചോദ്യം ചെയ്ത് റോമില ഥാപ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിന്‍ മേലാണ് മഹാരാഷ്ട്ര പോലീസ് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ കേസിന് അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധമില്ല, അറസ്റ്റിലായവര്‍ 2009ല്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റുമായി അടുത്ത ബന്ധം ഉള്ളവരാണ്. വലിയ അക്രമത്തിനും വിനാശത്തിനും നിരോധിത മാവോയിസ്റ്റ് സംഘടനയുമായി  ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും പോലീസ് പറയുന്നു.ട

ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, പെന്‍ ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവയില്‍ നിന്നും സംഘടനയുമായി ഇവര്‍ക്കുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് മഹാരാഷ്ട്ര പോലീസിന്റെ വാദം.

അറസ്റ്റിലായവര്‍ സമൂഹത്തില്‍ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായതുകൊണ്ടു മാത്രം വിട്ടയക്കണമെന്ന് ആവശ്യം ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടുതടങ്കല്‍ ഈ മാസം പന്ത്രണ്ടുവരെ നീട്ടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.