ഇന്ത്യയും അമേരിക്കയും സൈനിക ഉടമ്പടിയില്‍ ഒപ്പുവച്ചു

Thursday 6 September 2018 6:42 pm IST
ടു പ്ലസ് ടു ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരുമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം നടന്ന നരേന്ദ്രമോദി- ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയിലാണ് ടു പ്ലസ് ടു ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.

ന്യൂദല്‍ഹി: പ്രതിരോധ മേഖലയില്‍ അമേരിക്കയ്‌ക്കൊപ്പം തന്ത്രപ്രധാന ഉടമ്പടിയില്‍ ഒപ്പുവച്ച് ഇന്ത്യ. ആണവക്കരാറിന് ശേഷമുള്ള ഏറ്റവും വലിയ ഉടമ്പടിയാണ് സമ്പൂര്‍ണ സൈനിക സഹകരണ ആശയവിനിമയ (കമ്മ്യൂണിക്കേഷന്‍ കോംപാറ്റബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ് അഥവാ കോംകാസ) കരാര്‍. ദല്‍ഹിയില്‍ നടന്ന ആദ്യ ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ഉഭയകക്ഷി ചര്‍ച്ചയിലാണ് കരാറില്‍ ഒപ്പിട്ടത്. രാജ്യാന്തര അതിര്‍ത്തിയിലെ ഭീകരവാദം, വാണിജ്യം, എച്ച്1 വിസ തുടങ്ങിയ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഇന്ത്യയ്ക്ക് എന്‍എസ്ജി പ്രവേശനം ലഭിക്കുന്നതിനും ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യ-യുഎസ് ബന്ധത്തില്‍ പുതുയുഗം പിറന്നെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഇതിനോട് പ്രതികരിച്ചത്.

 ടു പ്ലസ് ടു ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരുമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം നടന്ന നരേന്ദ്രമോദി- ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയിലാണ് ടു പ്ലസ് ടു ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. 

 ഇരുരാജ്യങ്ങളുടെയും സൈനിക സഹകരണം ഉറപ്പുവരുത്തുന്നതിനായി ഒരു ഹോട്ട്‌ലൈന്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഇന്ത്യ വാങ്ങുന്ന അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുടെ രഹസ്യവിവരങ്ങള്‍ കൈമാറുന്നതാണ് കരാറിലെ പ്രധാന ധാരണ. നിലവില്‍ ഇതുലഭ്യമല്ലായിരുന്നു. യുദ്ധവിമാനങ്ങളിലുള്‍പ്പെടെ അമേരിക്കന്‍ ആശയവിനിമയ സംവിധാനം ഘടിപ്പിക്കാനും പരസ്പരം ഇതുപയോഗിക്കാനും അനുവദിക്കുന്നതാണ് കരാര്‍. സി 130 ജെ, സി 17, പി 81 തുടങ്ങിയ വിമാനങ്ങളിലും, അപ്പാഷെ, ചിനൂക്ക് ഹെലിക്കോപ്റ്ററുകളിലും ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളാണ് കോംകോസ കരാര്‍ വഴി ഇന്ത്യക്ക് ലഭിക്കുക. 2019ല്‍ ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസം നടത്തുന്നതിനും ധാരണയായിട്ടുണ്ട്.

അമേരിക്കയുമായി സംയുക്ത അഭ്യാസപ്രകടനം

ന്യൂദല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയുടെ തെക്കന്‍ തീരത്ത് നിന്ന് മാറി അമേരിക്കയുമായി ചേര്‍ന്ന് മൂന്ന് സേനകളുടെയും  സംയുക്ത പരിശീലനം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധങ്ങളുടെ ചുമതല വഹിക്കുന്ന പെസഫിക് കമാന്‍ഡിനെ ഇന്തോ- പെസഫിക് കമാന്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡുമായി  ആശയവിനിമയങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.