ഭീകരവാദത്തെ ശാസ്ത്രീയമായി നേരിടണം: അയൂബ് മൗലവി

Thursday 6 September 2018 7:43 pm IST

 

കണ്ണൂര്‍: ഭീകരവാദത്തെ ശാസ്ത്രീയമായി നേരിടണമെന്നും എന്നാല്‍ മാത്രമേ അതിനെ ലോകത്തുനിന്ന് വേരോടെ പിഴുതെറിയാന്‍ സാധിക്കുകയുള്ളു എന്ന് പ്രമുഖ ചിന്തകന്‍ പി.എം.അയൂബ് മൗലവി. കണ്ണൂര്‍ പോപപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ എബിവിപി നഗര്‍ സമിതിയംഗം സച്ചിന്‍ ഗോപാലിന്റെ ആറാമത് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതഭീകരവാദ സംഘടനകള്‍ തന്നെ ഭീകരവാദത്തിനെതിരെ പ്രചാരണ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭീകരവാദ സംഘടനയായ സിമിയെ നിരോധിച്ചപ്പോള്‍ അവര്‍ പുതിയ സംഘടനയുണ്ടാക്കി. സംഘടനയുടെ പേര് മാറിയെങ്കിലും ആശയം നശിച്ചില്ല. അവര്‍ എത്തിപ്പെടുന്ന നിലപാടുകളാണ് വിശദമായി പരിശോധിക്കേണ്ടത്. ഒരു കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടിയാലും തീവ്രവാദം നശിക്കില്ല. അവര്‍ക്ക് കൊലപാതകത്തിന് പ്രചോദനം നല്‍കിയവരെ കണ്ടെത്തണം. അക്രമത്തിന്റെ സ്രോതസ്സ് കണ്ടെത്തി അതിനെ വേരോടെ പിഴുതെറിയണം. 

ഞങ്ങള്‍ മാത്രം നിലനില്‍ക്കുക മറ്റുള്ളവരെയെല്ലാം ഇല്ലാതാക്കുക എന്ന നിലപാടാണ് തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്നത്. ഇത് സമഗ്രാധിപത്യം കൊണ്ടുവരും. ഭാരതം ലോകത്തിന് കൊടുത്തത് ബഹുസ്വരതയുടെ സന്ദേശമാണ്. ആരുടെയും മതം നോക്കിയല്ല നാം മാനവസമൂഹത്തെ നോക്കിക്കണ്ടത്. എന്നാല്‍ ഇന്ന് നമുക്ക് ആ ബഹുസ്വരത നഷ്ടമായിക്കൊണ്ടിരിക്കുന്നു. മതതീവ്രവാദികള്‍ നിലനില്‍ക്കുന്നത് സ്വന്തം മതത്തിലായാലും ഇതര സമൂഹത്തിലായാലും അന്യന്‍മാരെ സൃഷ്ടിച്ച് കൊണ്ടാണ്. കാഫിറുകളെയും ഇതര മതഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചും അവര്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ്. മത തീവ്രവാദികളുടെ നിലപാടുകളാണ് നമ്മുടെ ബഹുസ്വരതയെ നഷ്ടമാക്കിയത്. 

ആശയത്തെ ആശയം കൊണ്ട് നേരിടുകയാണ് വേണ്ടത്. കലാലയങ്ങളില്‍ സംഘര്‍ഷാത്മകതയ്ക്ക് പകരം നമുക്ക് വിദ്യാഭ്യാസ സംസ്‌കാരം വളര്‍ത്തിടെയുക്കാന്‍ സാധിക്കണം. സ്വയം വിമര്‍ശനത്തില്‍ കൂടി മാത്രമേ നവീകരണം സാധ്യമാവുകയുള്ളു. കൊലചെയ്തവരോടൊപ്പം തന്നെ ഇരയായവരുടെ സാഹചര്യത്തെക്കുറിച്ചും നാം പരിശോധിക്കേണ്ടതുണ്ട്. വിമര്‍ശന സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് തെറ്റ് തിരുത്താന്‍ നാം തയ്യാറാകണം. സംവാദത്തില്‍ കൂടി മാത്രമേ നമുക്ക് അക്രമങ്ങളെ പരിഹരിക്കാന്‍ സാധിക്കുകയുള്ളു എന്നും ക്യാമ്പസ്സുകളില്‍ എബിവിപിയുടെ സാന്നിധ്യം അവശ്യമായി വരുന്നത് ഇത്തരം സമവായത്തിന്റെയും സംസ്‌കാരത്തിന്റെയും വക്താക്കളെന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബിവിപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് ഉദ്ഘാടനം ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.