പിണറായി കൂട്ടക്കൊല: കുറ്റപത്രങ്ങള്‍ കോടതി മടക്കിയതില്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടി

Thursday 6 September 2018 7:45 pm IST

 

തലശ്ശേരി: പിണറായി കൂട്ടക്കൊലക്കേസിലെ കുറ്റപത്രങ്ങള്‍ കോടതി മടക്കിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയതായി സൂചന. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രങ്ങള്‍ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മടക്കിയ സംഭവത്തിലാണ് വിശദീകരണം തേടിയത്. 

സംസ്ഥാനതലത്തില്‍ത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കൂട്ടക്കൊലക്കേസിലെ പ്രതി വനിതാ ജയിലില്‍ തൂങ്ങിമരിക്കുകയും കേസിലെ കുറ്റപത്രങ്ങള്‍ കോടതി മടക്കുകയും ചെയ്തത് പോലീസിന് തന്നെ അപമാനമായി മാറിയിട്ടുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് തേച്ചുമാച്ചുകളയാന്‍ ഉന്നതലങ്ങളില്‍ ശ്രമം നടക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം പ്രതിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. ബന്ധുക്കളും നാട്ടുകാരും പുനരന്വേഷണം ആവശ്യപ്പെട്ടതോടെ സര്‍ക്കാറും പ്രതിസന്ധിയിലായിരിക്കുകയാണ്. കുറ്റപത്രം മടങ്ങാനിടയായ സാഹചര്യങ്ങളെക്കുറിച്ച് ഡിജിപി പ്രോസിക്യൂഷനുമായി ആശയവിനിമയം നടത്തിയതായാണ് അറിയുന്നത്. 

ഇതിനിടയില്‍ മൂന്ന് കുറ്റപത്രങ്ങളും വീണ്ടും സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോള്‍ പ്രതി സൗമ്യയുടെ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കുകയാണ് ചെയ്യുക. ഇത് മുന്നില്‍ക്കണ്ടാണ് ബന്ധുക്കളും നാട്ടുകാരും സൗമ്യയുടെ മരണത്തെക്കുറിച്ചും കൂട്ടക്കൊലയില്‍ മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇതോടൊപ്പം ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.