ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Thursday 6 September 2018 7:45 pm IST

 

കണ്ണൂര്‍: വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്രപരസ്യം നല്‍കി ഉദ്യോഗര്‍ത്ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിലായി. പള്ളക്കുന്ന് പന്നേന്‍പാറ റോഡിലെ ഇക്കംബൂസ് എഡുക്കേഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സിഇഒ കൊല്ലം സ്വദേശി വിശാഖിനെ(28)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ നടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥിയായ വടകര സ്വദേശി സോണിയയുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.

കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വിവിധ എയര്‍പോര്‍ട്ടുകളിലെ നിയമനത്തിന് ഇന്റര്‍വ്യൂ നടത്തുന്നു എന്ന പരസ്യം കണ്ടാണ് കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അമ്പതോളം പേര്‍ ഇയാളുടെ ഓഫീസിലെത്തിയത്. ഒരു ഉദ്യോഗര്‍ത്ഥിയില്‍ നിന്നും 3500 രൂപ വീതമാണ് ഫീസ് ഈടാക്കിയിരുന്നത്. ഒരു മാസത്തെ കോഴ്‌സിന് വേണ്ടി എത്തണമെന്ന് പറഞ്ഞാണ് ഇവരെ വിളിച്ചുവരുത്തിയത്. എന്നാല്‍ ഇവരുടെ പരിശീലനം ഒരു ദിവസം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും ബാക്കി കാര്യങ്ങള്‍ വീട്ടില്‍ നിന്നും പഠിച്ചാല്‍ മതിയെന്നും അറിയിച്ചതോടെ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ നാട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് നാട്ടുകാരെത്തി പോലീസിന് വിവരം നല്‍കുകയുമായിരുന്നു. സ്ഥാപനത്തില്‍ നിന്നും നിരവധി രേഖകളും പോലീസ് പിടികൂടിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.