സുഭാഷിതം

Friday 7 September 2018 1:00 am IST

ആത്മനശ്ച പരേഷാം ച 

ഹിതം സമ്യക് വിചാരയേത്

ആത്മനഃ പ്രതികൂലാനി

പരേഷാം ന സമാചരേത് 

ഒട്ടനവധി ജീവികള്‍ ഭൂമിയില്‍ വസിക്കുന്നു. രണ്ടും നാലും കാലുകളില്‍ നടക്കുന്നവ, പറക്കുന്നവ, ഇഴയുന്നവ, ചെറുതും വലുതുമായി എത്ര ജീവിമാര്‍ഗങ്ങളാണിവിടെ. ഇവയ്‌ക്കെല്ലാം കൂട്ടായി കഴിയാനുള്ള പ്രേരണ സഹജമാണ്. സംസാരിച്ച്, ചിന്തിച്ച് ആശയവിനിമയം ചെയ്യാനുള്ള കഴിവും മനുഷ്യരാശിയെ ലാക്കാക്കിയുള്ള പ്രയത്‌നവും മനുഷ്യനില്‍ പണ്ടേ മുതലുള്ള സവിശേഷതയാണ്.

ആകാവുന്നതും അരുതാത്തതും വേര്‍തിരിച്ചു കാട്ടുന്നതത്രെ ധര്‍മചിന്ത. എന്തൊക്കെ ചെയ്യാം എങ്ങനെ ചിന്തിക്കണം; തനിക്കെന്നപോലെ അന്യര്‍ക്കും ശ്രേയസ്‌കരമായ ജീവിത രീതിയെന്ത്? ഇങ്ങനെ ചെറുതുതൊട്ട് വലുതുവരെയുള്ള സംഗതികള്‍ ഗുണദോഷപൂര്‍വം ഉദ്‌ബോധിപ്പിക്കുന്നതാണ് ധര്‍മശാസ്ത്രം.

നമ്മുടെ ധര്‍മഗണനകള്‍ അതിവിശാലവും അതിസൂക്ഷമവുമാണ്. അവയെ സമഗ്രമായി ഗ്രഹിയ്ക്കുന്നതില്‍ വിദ്വാന്മാര്‍പോലും കുരുക്ഷേത്രത്തിലെ അര്‍ജുനനെ പോലെ വിഷമിക്കാറുണ്ട്. 'ധര്‍മസ്യ തത്വം നിഹിതം ഗുഹായാം' 'ഗുഹയിലെന്നപോലെ ഒളിഞ്ഞിരിക്കുന്നതാണ് ധര്‍മത്തിന്റെ പൊരുള്‍' എന്ന ആപ്തവാക്യം തന്നെ അതിനാല്‍ സ്ഥാനം പിടിച്ചതത്രെ. എന്നാല്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ധര്‍മത്തെപ്പറ്റി ചുരുക്കമെങ്കിലും പ്രായോഗികമായ അറിവ് ഉണ്ടാകേണ്ടേ? അച്ഛനമ്മമാര്‍ക്ക് മക്കളോട് ദൈനംദിനകാര്യങ്ങള്‍ക്കായി സാരമായതെന്തോ അതെങ്കിലും പറഞ്ഞുകൊടുക്കാതെ പറ്റുമോ? 

അനന്തവും ഗാഢവുമായ ധര്‍മശാസ്ത്രങ്ങളാകെ സംഗ്രഹിച്ചെടുത്ത് കവിശ്രേഷ്ഠനായ ഭാരതി വെറും 32 അക്ഷരങ്ങളില്‍ രചിച്ച, മേല്‍ ഉദ്ധരിച്ച ശ്ലോകത്തില്‍ മുപ്പത്തിമുക്കോടി ദേവന്മാരുടേയും അനുഗ്രഹം സിദ്ധിക്കാനുള്ള ഉപദേശം മിന്നിത്തിളങ്ങുന്നു. 

തന്നെപ്പോലെതന്നെയാണ് ബാക്കിയുള്ളവരും എന്ന് നാം സദാ ഓര്‍ക്കണം. ഒരുവന്‍ മാത്രമായി ജീവിക്കുന്ന ദശയുണ്ടാകുമോ? ഒരു കുടുംബം മാത്രമായി ലോകത്തില്‍ വാഴുന്നകാലം വരുമോ? മനുഷ്യരാശി ഒരിക്കലും അവനവനെ മാത്രം കണക്കാക്കി  ജീവിക്കാന്‍ മുതിര്‍ന്നുകൂടാ. പറയുന്നതിലും ചിന്തിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും ഓരോരുത്തരുടെ മനസ്സിലും മറ്റുള്ളവരുടെ നന്മ തെളിഞ്ഞു കാണണം. സ്വന്തം അഭിവൃദ്ധി വേണ്ടതുതന്നെ. അതോടൊപ്പം ബാക്കിയുള്ളവരുടേയും വിശാലമായ സമാജത്തിന്റേയും തന്നെ അഭ്യുദയം ഉറപ്പു വരുത്തേണ്ടതുണ്ട്. 

ഉണ്ണുന്നതിലും ഉടുക്കുന്നതിലും തുടങ്ങി ഒരുവന്റെ എല്ലാ സംഗതികളിലും എണ്ണമറ്റ ജനങ്ങളുടെ സംഭാവനകള്‍ക്കു സ്ഥാനമുണ്ടല്ലോ. തന്റെ പ്രവൃത്തിയുടെ ഫലങ്ങള്‍ അതേപോലെ മറ്റുള്ളവരിലും ചെന്നണയുന്നുവെന്നു കാണാം. എന്തു കാര്യത്തിലും ഊടും പാവുംപോലെയാണ് വ്യക്തിയും സമാജവും. തന്റേതുപോലെ മറ്റുള്ളവരുടെ ഹിതങ്ങളെപ്പറ്റിയും അതിനാല്‍ ഏവരും സദാ ചിന്തിച്ചേ തീരു. ഇതില്‍ അശ്രദ്ധയോ, അവിവേകമോ വന്നുകൂടാ. എന്തു പ്രവര്‍ത്തിയും ഈ അടിസ്ഥാനത്തില്‍ തന്നെ വേണം ചെയ്യാന്‍. 

തനിക്ക് ഇഷ്ടമില്ലാത്തതും പ്രതികൂലമായി തോന്നുന്നതും സ്വന്തം അഭിവൃദ്ധിക്കു തടസ്സം വരുത്തുന്നതുമായ ഒന്നുംതന്നെ മറ്റുള്ളവരിലും ചെയ്തുപോകരുത്. തന്റെ സ്വത്തു സൂത്രത്തില്‍ വല്ലവരും കൊണ്ടുപോകുന്നത് സമ്മതമാണോ? അപ്പോള്‍ അന്യന്റേതൊന്നും താനും അപഹരിക്കരുത്. നിന്ദിക്കല്‍, പഴിക്കല്‍, അപവാദം പരത്തല്‍ പൊതുസ്വത്തു ഹനിക്കലും നശിപ്പിക്കല്‍ ഇവയെല്ലാം പൂര്‍ണമായും വര്‍ജിക്കേണ്ടതാണെന്ന് അപ്പോള്‍ കാണാന്‍ വിഷമമില്ല. 

തനിക്ക് പ്രതികൂലമോ അസഹ്യമോ ആയി തോന്നുന്നതൊന്നും അന്യനിലോ സമാജത്തിലോ പ്രയോഗിക്കരുതെന്നു നിര്‍ബന്ധിക്കുന്ന ഈ ധര്‍മസൂക്തം അല്‍പാക്ഷരങ്ങളില്‍ അനന്തമായ ധര്‍മശാസ്ത്രം മുഴുവനും അടക്കിത്തന്നിരിക്കയാണ്. അറിവും ആവശ്യവുമനുസരിച്ച് ഇതിനെ എത്രയോ വ്യാഖ്യാനിച്ചു വിവരിക്കാം. 

www.SwamiBhoomanandaTirtha.org

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.