മനോനിയന്ത്രണംമൂലം ശക്തിയാര്‍ജിക്കുന്ന മനസ്സ്

Friday 7 September 2018 1:04 am IST

ഈശ്വരന്‍ വിരാജിച്ചരുളുന്നത് നിങ്ങളുടെ ഉള്ളില്‍ത്തന്നെയാണ്. ആ സാന്നിധ്യം നിങ്ങള്‍ അറിയണം. ആത്മാവില്‍ സകല ശക്തികളുമുണ്ട്. പക്ഷേ അവയെ ഉദ്ദീപിപ്പിക്കണം. അതിനുള്ള മാര്‍ഗം മനോനിയന്ത്രണമാണ്. മനുഷ്യന്‍ തന്റെ മനോവീര്യത്തെ സുഖഭോഗങ്ങള്‍ക്കായി പാഴാക്കുന്നു. മനസ്സിനു ബഹിര്‍മുഖതയും വിഷയാസക്തിയും ഉള്ളിടത്തോളംകാലം നിങ്ങള്‍ക്ക് സാന്മാര്‍ഗിക ശക്തിയോ ആത്മപ്രഭാവമോ പ്രകടമാക്കാന്‍ സാദ്ധ്യമല്ല.

അന്യന്റെ പറമ്പില്‍ രഹസ്യമായി കടന്നു ചെല്ലുന്ന പശുവിന് പൊതിരെ തല്ലു കിട്ടും. അതിന്റെ രക്ഷയെ കരുതി ഒരു കുറ്റിയില്‍ തളച്ച് പരിമിതമായ വിഹാരസ്വാതന്ത്ര്യം മാത്രമേ അനുവദിക്കാവൂ. നിങ്ങളുടെ മനസ്സിന്റെ കാര്യവും അങ്ങനെ തന്നെ. അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ വിഷയങ്ങളാകുന്ന മേച്ചില്‍ പുറങ്ങളിലേക്ക് യഥേഷ്ടം കയറിച്ചെല്ലും. 

അപ്പോള്‍ പ്രകൃതിയില്‍നിന്നുള്ള പ്രഹരങ്ങള്‍ ഏല്‍ക്കും. മനസ്സിനെ ഈശ്വരന്റെ നാമരൂപങ്ങളില്‍ തളച്ചിടുക. ചിന്നിച്ചിതറിക്കിടക്കുന്ന മനോരശ്മികളെ സമാഹരിച്ച് ഒരു കേന്ദ്രത്തില്‍ ഏകാഗ്രമാക്കുക. അങ്ങനെ നിങ്ങള്‍ക്ക് ഏകാഗ്രത വളര്‍ത്താന്‍ കഴിയും. ഏകാഗ്രമായ മനസ്സാണ് ശക്തിയാര്‍ജിക്കുന്നത്. 

ശക്തിയാര്‍ജ്ജിച്ച മനസ്സിനു മാത്രമേ ലൗകികമോ, ആദ്ധ്യാത്മികമോ ധ്യാനപരമോ ആയ ഏതു വ്യാപാരത്തിലും വിജയം വരിക്കാന്‍ കഴിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.