ശശി എന്നും വിവാദ നായകന്‍; സിപിഎമ്മില്‍ പുതിയ ഗ്രൂപ്പ്

Friday 7 September 2018 1:05 am IST
പിണറായി പക്ഷത്തെ ശക്തനാണ് ശശി. തനിക്കെതിരായ സകല നീക്കങ്ങളെയും ശശി തോല്‍പ്പിച്ചതും പിണറായിയോടുള്ള അടുപ്പത്തിലൂടെ. മണ്ണാര്‍ക്കാട് ഷൊര്‍ണൂര്‍ ഏരിയാകമ്മിറ്റികള്‍ക്കു കീഴിലെ പ്രവര്‍ത്തകരില്‍ നിന്ന് ശശിക്കെതിരെ സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ജില്ലാകമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. പരാതി പറഞ്ഞവരെയും ആരോപണമുന്നയിച്ചവരെയുമെല്ലാം ഉരുക്കുമുഷ്ടി ഉപയോഗിച്ചും സാമ്പത്തികസഹായം വാഗ്ദാനം നല്‍കിയും ഒതുക്കുകയായിരുന്നു.

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എംഎല്‍എയുമായ  പി.കെ. ശശിക്കെതിരായ  പീഡന പരാതി   ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ജില്ലാഘടകത്തിലെ പ്രമുഖര്‍ക്ക് പങ്ക്. ജില്ലയിലെ സിപിഎമ്മില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉടലെടുത്തതിന്റെ പ്രകടമായ സൂചനയാണിത്.

വിഎസ് പക്ഷത്തെ പ്രബലരെ  ഒതുക്കി പാര്‍ട്ടിയെ  പിണറായി പാര്‍ട്ടിയാക്കിയ ശശിക്കുനേരെ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ദൗര്‍ബല്യം തന്നെ ചിലര്‍ ആയുധമാക്കി. ജില്ലാസെക്രട്ടറി  സി.കെ. രാജേന്ദ്രനെപ്പോലും വകവക്കാതെ പാര്‍ട്ടിയില്‍  സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുന്ന ശശി എന്ന മാടമ്പിക്കുള്ള ശിക്ഷയാണിതെന്നാണ് ഒരു പ്രമുഖ യുവനേതാവ് പ്രതികരിച്ചത്. പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനു പിന്നിലും ചില യുവനേതാക്കളാണ്.

 ജില്ലാസമ്മേളനത്തിനിടയില്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിക്കൊപ്പം നേതാവ് വിവിധസമയങ്ങളില്‍ നടത്തിയ അശ്ലീല സംഭാഷണത്തിന്റെ അഞ്ച് ഓഡിയോ ക്ലിപ്പിങ്ങും യുവതി മേല്‍കമ്മിറ്റിക്കു നല്‍കിയിട്ടുണ്ട്. ഈ തെളിവുകള്‍ നിഷേധിക്കാനാവാത്തതാണ്.   സംഭവം ഒതുക്കിതീര്‍ക്കാന്‍ ഒരുകോടി വാഗ്ദാനം നല്‍കിയതിന്റെ തെളിവും ഇതിലുണ്ട്.  

പിണറായി പക്ഷത്തെ ശക്തനാണ് ശശി. തനിക്കെതിരായ സകല നീക്കങ്ങളെയും ശശി തോല്‍പ്പിച്ചതും പിണറായിയോടുള്ള അടുപ്പത്തിലൂടെ. മണ്ണാര്‍ക്കാട് ഷൊര്‍ണൂര്‍ ഏരിയാകമ്മിറ്റികള്‍ക്കു കീഴിലെ പ്രവര്‍ത്തകരില്‍ നിന്ന് ശശിക്കെതിരെ സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ജില്ലാകമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. പരാതി പറഞ്ഞവരെയും ആരോപണമുന്നയിച്ചവരെയുമെല്ലാം ഉരുക്കുമുഷ്ടി ഉപയോഗിച്ചും സാമ്പത്തികസഹായം വാഗ്ദാനം നല്‍കിയും ഒതുക്കുകയായിരുന്നു. 

മുതിര്‍ന്ന നേതാക്കളായ ആര്‍. ചിന്നക്കുട്ടന്‍, പി.കെ. സുധാകരന്‍, മുന്‍ എംഎല്‍എ ഹംസ എന്നിവരെയെല്ലാം സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്തുകളയാന്‍ ശശിക്ക് അധികസമയം വേണ്ടിവന്നില്ല. 

 പരാതികൊടുക്കാതിരിക്കാന്‍ യുവതിക്കുമേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. എങ്കിലും പരാതിയായി. ഇത്  ഇപ്പോള്‍ പുറത്തായതിന് രണ്ടു കാരണം.

പരാതിക്കാരിയായ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ സംസ്ഥാന വനിതാ സബ്കമ്മിറ്റിയിലേക്ക് പരിഗണിച്ചിരുന്നു. ഇവരുടെ പേരൊഴിവാക്കാന്‍ ശശി നിര്‍ദേശിച്ചു. സംഭവം പുറത്താകുമെന്ന് ഉറപ്പായതോടെ വലിയ സ്ഥാനവും പണവും വാഗ്ദാനം ചെയ്തു. 

ജില്ലാക്കമ്മിറ്റി  പി.കെ. ശശിയുടെ നിയന്ത്രണത്തിലാണ്. ഈ അപ്രമാദിത്വം അവസാനിപ്പിക്കണമെന്ന ആഗ്രഹം ചില ന്യൂജന്‍  നേതാക്കള്‍ക്കുണ്ട്. ഷൊര്‍ണൂര്‍ എംഎല്‍എ സ്ഥാനം ആഗ്രഹിച്ച പി.കെ. സുധാകരനടക്കം മൂന്ന് പ്രധാന നേതാക്കള്‍ ഇപ്പോള്‍ ജില്ലാസെക്രട്ടറിയേറ്റിന് പുറത്താണ്. ഇവരുടെയും ഒരു എംപിയുടെയും ആശീര്‍വാദത്തോടെ യുവനേതാക്കള്‍ നടത്തിയ ഓപ്പറേഷനാണിതെന്നാണ് ശശിയെ തുണയ്ക്കുന്നവര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.